പുരുഷ 100 മീറ്റർ ഫൈനൽ ഇന്നു രാത്രി
ഈ രാത്രി 2024 പാരീസ് ഒളിന്പിക്സിലെ അതിവേഗക്കാരൻ ആരാണെന്നു തെളിയും. പുരുഷ 100 മീറ്റർ സെമി, ഫൈനൽ മത്സരങ്ങൾ ഇന്നു രാത്രി അരങ്ങേറും. സെമി പോരാട്ടം രാത്രി 11.35 മുതലാണ്. ഫൈനൽ 1.20നും. അർധരാത്രി പിന്നിടുന്നതോടെ ഭൂഗോളത്തിലെ വേഗമേറിയ താരപ്പട്ടം ചാർത്തപ്പെടുമെന്നു ചുരുക്കം. ഇറ്റലിയുടെ ലാമോണ്ട് മാർസെൽ ജേക്കബ്സാണ് 2020 ടോക്കിയോ ഒളിന്പിക്സ് പുരുഷ 100 മീറ്റർ സ്വർണ ജേതാവ്. ടോക്കിയോയിൽ വെള്ളി നേടിയ അമേരിക്കയുടെ ഫ്രെഡ് കെർലി, വെങ്കലം നേടിയ കാനഡയുടെ ആന്ദ്രെ ഡി ഗ്രാസെ, അമേരിക്കൻ സൂപ്പർതാരം നോഹ് ലൈൽസ് തുടങ്ങിയവരും ഇന്നലെ നടന്ന ഹീറ്റ്സുകളിൽ മികച്ച സമയം കുറിച്ച് സെമിയിലേക്കു യോഗ്യത നേടിയിട്ടുണ്ട്. കെർലി, ബെഡ്നാരെക് വേഗക്കാർ ഇന്നലെ നടന്ന ഹീറ്റ്സിൽ അമേരിക്കൻ താരങ്ങളായ ഫ്രെഡ് കെർലി, കെന്നി ബെഡ്നാരെക് എന്നിവരാണ് ഏറ്റവും മികച്ച സമയം കുറിച്ചത്. ഹീറ്റ് നന്പർ ഏഴിൽ ഓടിയ ബെഡ്നാരെക്കും എട്ടിൽ ഓടിയ കെർലിയും 9.97 സെക്കൻഡിൽ 100 മീറ്റർ ഫിനിഷ് ചെയ്തു.
ഹീറ്റ് അഞ്ചിൽ 10.05 സെക്കൻഡുമായി നിലവിലെ ചാന്പ്യൻ ജേക്കബ് രണ്ടാം സ്ഥാനത്തോടെ സെമി ടിക്കറ്റ് കരസ്ഥമാക്കി. ഹീറ്റ് മൂന്നിൽ 10.04 സെക്കൻഡുമായാണ് നോഹ് ലൈൽസ് സെമിയിലേക്കെത്തിയതെന്നതും ശ്രദ്ധേയം. കെർലിക്കും ബെഡ്നാരെക്കിനുമൊപ്പം ഹീറ്റ്സിൽ 10 സെക്കൻഡിൽ താഴെ 100 മീറ്റർ മൂന്നു താരങ്ങൾകൂടി ഓടിത്തീർത്തു. കാമറൂണിന്റെ ഇമ്മാനുവൽ എസ്മെ, ബ്രിട്ടന്റെ ലൂയി ഹിഞ്ച്ലിഫ് എന്നിവർ 9.98 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ കടന്നു. ഏഴാം ഹീറ്റ്സിൽ ബെഡ്നാരെക്കിനു പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു എസ്മെ. ഹിഞ്ച്ലിഫ് മൂന്നാം ഹീറ്റ്സിൽ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു. നാലാം ഹീറ്റ്സിൽ ഓടിയ ജമൈക്കയുടെ ഒബ്ലിക് സെവില്ലെയാണ് (9.99) 10 സെക്കൻഡിനുള്ളിൽ ഹീറ്റ്സിൽ ഫിനിഷിംഗ് ലൈൻ കടന്ന മറ്റൊരു താരം.
Source link