CINEMA

ആ കാഴ്ച മോഹൻലാലിന്റെ കണ്ണുനിറച്ചു, ഉടന്‍ തീരുമാനമെടുത്തു: മേജർ രവി പറയുന്നു

ആ കാഴ്ച മോഹൻലാലിന്റെ കണ്ണുനിറച്ചു, ഉടന്‍ തീരുമാനമെടുത്തു: മേജർ രവി പറയുന്നു | Mohanlal Major Ravi

ആ കാഴ്ച മോഹൻലാലിന്റെ കണ്ണുനിറച്ചു, ഉടന്‍ തീരുമാനമെടുത്തു: മേജർ രവി പറയുന്നു

മനോരമ ലേഖകൻ

Published: August 03 , 2024 12:14 PM IST

Updated: August 03, 2024 12:24 PM IST

1 minute Read

മോഹൻലാലും മേജർ രവിയും വയനാട്ടിൽ

വയനാട്ടിലെ ഉരുൾപൊട്ടൽ നടന്ന ദുരന്ത മേഖലകളില്‍ 3 കോടിയുടെ പദ്ധതികള്‍ തന്‍റെ ഫൗണ്ടേഷന്‍ വഴി നടപ്പിലാക്കുമെന്ന് മോഹന്‍ലാല്‍.  ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സൈന്യം അടക്കം എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. പൂര്‍ണമായും തകര്‍ന്ന വെള്ളാര്‍മല എല്‍പി സ്കൂള്‍ പുനരുദ്ധാരണവും തങ്ങള്‍ ഏറ്റെടുക്കുമെന്ന് വിശ്വശാന്തി ഫൗണ്ടേഷന്‍ ഡയറക്ടറും മോഹന്‍ലാലിനെ അനുഗമിക്കുകയും ചെയ്ത മേജര്‍ രവിയും വ്യക്തമാക്കി. 

‘‘രാജ്യം കണ്ടതിൽ വച്ച് ഏറ്റവും സങ്കടകരമായ കാഴ്ചകളാണ് വാർത്തകളിലൂടെ അറിയുന്നത്. അവിടെ ചെന്നു കണ്ടു കഴിഞ്ഞാലേ അതിന്റെ വ്യാപ്തി മനസ്സിലാകൂ. ഒരുപാട് പേർക്ക് നിമിഷനേരം കൊണ്ട് അവരുടെ ഉറ്റവരെയും വീടും സ്ഥലവും ഒക്കെ നഷ്ടമായി. നമ്മളെല്ലാവരും ഒരുമിച്ച് ചേർന്ന് അവരെ സഹായിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. അതിൽ എടുത്തു പറയേണ്ടവരാണ് ഇന്ത്യൻ ആർമി, എയർഫോഴ്സ്, ഡോക്ടേഴ്സ്, എൻഡിആർഎഫ്, ഫയർ ആൻഡ് റെസ്ക്യൂ, നേവി, ലോക്കൽ ആളുകൾ, സന്നദ്ധ സഹായ സംഘടനകൾ അങ്ങനെ ഒരു കല്ലെടുത്ത് മാറ്റുന്ന കുട്ടിപോലും ഇതിന്റെ ഭാഗമായി മാറുന്നു.

ഇവിടുത്തെ പുനരധിവാസത്തിനായി ഞാനുമായി സഹകരിക്കുന്ന ഫൗണ്ടേഷനായ വിശ്വശാന്തി ഫൗണ്ടേഷന്‍റെ പേരില്‍ 3 കോടി രൂപ അടിയന്തരമായി കൊടുക്കുകയാണ്. പിന്നീട് അതിന്റെ സ്ഥിതി ഗതികൾ നിരീക്ഷിച്ച ശേഷം കൂടുതൽ സഹായം നൽകും.’’–മോഹൻലാലിന്റെ വാക്കുകൾ.

താന്‍ അംഗമായ ടെറിറ്റോറിയല്‍ ആര്‍മിയാണ് ഇവിടെ ആദ്യം രക്ഷ പ്രവര്‍ത്തനത്തിന് എത്തിയ വിഭാഗം. അതിനാല്‍കൂടിയാണ് ഒന്നരപതിറ്റാണ്ടോളമായി അതിന്‍റെ ഭാഗമായ താനും ഇവിടെ എത്തിയത് എന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

‘‘ഞാനും കൂടി ഉൾപ്പെടുന്ന 122 ഇൻഫെന്ററി ബറ്റാലിയൻ ടിഎ മദ്രാസാണ് ആദ്യം ഇവിടെയെത്തുന്നത്. അതിലെ നാൽപ്പതോളം പേര്‍ ആദ്യമെത്തി വലിയ പ്രയത്നങ്ങൾ നടത്തി. ഒരുപാട് പേരെ രക്ഷിച്ചു. കഴിഞ്ഞ 16 വർഷമായി ഞാൻ ഈ ബറ്റാലിയന്റെ ഭാഗമാണ്. ഇവർക്കൊക്കെ പ്രചോദനമാകാനും അവരോട് നന്ദി പറയാനും മനസ്സുകൊണ്ട് അവരെ നമസ്കരിക്കാനുമാണ് ഇവിടെയെത്തിയത്. ഇത്തരം ദുരന്തങ്ങൾ ഇനിയുണ്ടാകാതിരിക്കാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കണണം’’– മോഹൻലാൽ പറഞ്ഞു.
‘‘മനുഷ്യ സ്നേഹികളായ ഒരുപാട് േപർ വിശ്വശാന്തി ഫൗണ്ടേഷനിൽ അംഗമാണ്. ലാലേട്ടൻ പറയാത്തൊരു കാര്യം പറയാം. മുണ്ടക്കൈയിൽ തകര്‍ന്ന സ്കൂള്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. അദ്ദേഹത്തോട് ചോദിക്കാതെ ഒരു കാര്യം കൂടി പറയാം. ആ സ്കൂൾ പുനർനിർമിക്കാനുളള പദ്ധതിയും വിശ്വശാന്തി ഫൗണ്ടേഷൻ ഏറ്റെടുക്കുകയാണ്. ഇതിപ്പോൾ എടുത്ത തീരുമാനമാണ്.’’ മേജര്‍ രവി പറ‌ഞ്ഞു.

മോഹന്‍ലാലും മേജര്‍ രവിയുമടങ്ങുന്ന സംഘം ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാംപിലാണ് ഇന്ന് രാവിലെയോടെ എത്തിയത്. സൈനിക വേഷത്തില്‍ തന്റെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ടീമിനൊപ്പമാണ് മോഹൻലാൽ എത്തിയത്. ആർമി ക്യാമ്പിലെത്തിയ ശേഷമാണ് അദ്ദേഹം ദുരന്തഭൂമി സന്ദർശിച്ചത്. മുണ്ടക്കൈ, മേപ്പാടി എന്നീ മേഖലകളും അദ്ദേഹം സന്ദർശിച്ചു.

English Summary:
Mohanlal Announces ₹3 Crore Relief Projects in Wayanad: Aiding Disaster Recovery with His Foundation

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews rmlcidjv2iva8kl6qcfrb0n2e mo-environment-wayanad-landslide f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-major-ravi mo-entertainment-common-malayalammovie


Source link

Related Articles

Back to top button