‘ആശുപത്രി വരാന്തയിലൂടെ ഞാൻ കരഞ്ഞു കൊണ്ട് നടന്നു’; സുഹൃത്തിന്റെ വേർപാടിൽ വേദനിച്ച് കീർത്തി സുരേഷ്
‘ആശുപത്രി വരാന്തയിലൂടെ ഞാൻ കരഞ്ഞു കൊണ്ട് നടന്നു’; സുഹൃത്തിന്റെ വേർപാടിൽ വേദനിച്ച് കീർത്തി സുരേഷ് | Keerthy Suresh Maneesha Nair
‘ആശുപത്രി വരാന്തയിലൂടെ ഞാൻ കരഞ്ഞു കൊണ്ട് നടന്നു’; സുഹൃത്തിന്റെ വേർപാടിൽ വേദനിച്ച് കീർത്തി സുരേഷ്
മനോരമ ലേഖകൻ
Published: August 03 , 2024 01:38 PM IST
1 minute Read
സുഹൃത്ത് മനീഷ നായർക്കൊപ്പം കീർത്തി സുരേഷ്
അകാലത്തിൽ പൊലിഞ്ഞ ബാല്യകാല സുഹൃത്തിന്റെ ഓർമകളുമായി കീർത്തി സുരേഷ്. കഴിഞ്ഞ കുറച്ച് ആഴ്ചകൾ നേരിടാൻ ഏറെ ബുദ്ധിമുട്ടിയെന്നും പ്രിയ സുഹൃത്തിനെക്കുറിച്ച് ഓർക്കാത്ത ഒരു ദിവസം പോലും ഇല്ലെന്നും കീർത്തി കുറിച്ചു.
ഒരു മാസം മുൻപാണ് കീർത്തിയുടെ ബാല്യകാല സുഹൃത്തായ മനീഷ നായർ അന്തരിച്ചത്. ബ്രെയിൻ ട്യൂമറിന് ചികിത്സയിലായിരുന്നു മനീഷ. മനീഷയുടെ ജന്മദിനത്തിലാണ് അവരെക്കുറിച്ചുള്ള വികാരനിർഭരമായ കുറിപ്പ് കീർത്തി സുരേഷ് പങ്കുവച്ചത്.
കീർത്തിയുടെ വാക്കുകൾ: ‘‘കഴിഞ്ഞ കുറച്ച് ആഴ്ചകൾ നേരിടാൻ വളരെ ബുദ്ധിമുട്ടായിരുന്നു. എന്റെ ബാല്യകാല സുഹൃത്ത് ഇത്ര പെട്ടെന്ന് ഞങ്ങളെ വിട്ടുപോയി എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. 21ാം വയസ്സിലാണ് ഗുരുതരമായ ബ്രെയിൻ ട്യൂമർ അവളിൽ കണ്ടെത്തിയത്. അന്നു മുതൽ കഴിഞ്ഞ മാസം വരെ ഏകദേശം എട്ടു വർഷത്തോളം അവൾ പോരാടി. കഴിഞ്ഞ നവംബറിൽ അവളുടെ മൂന്നാമത്തെ സർജറിക്ക് വിധേയയാകുന്നതുവരെ ഇത്രയും ഇച്ഛാശക്തിയുള്ള ആരെയും ഞാൻ കണ്ടിട്ടില്ല. അവളുമായി ആഴത്തിലുള്ള സംഭാഷണം നടത്തിയതിന്റെ അവസാനത്തെ ഓർമയായിരുന്നു അത്. വേദന സഹിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് അവൾ കരഞ്ഞു. അവളുടെ മുൻപിൽ എന്റെ വേദന പുറത്തറിയിക്കാതെ ഞാൻ പിടിച്ചു നിന്നു. പക്ഷേ, പുറത്തേക്കിറങ്ങിയ നിമിഷം, കണ്ണടയും മാസ്കും ധരിച്ച് ആശുപത്രി ഇടനാഴിയിലൂടെ ഞാൻ നടന്നു കരഞ്ഞു.”
“അവൾ അബോധാവസ്ഥയിൽ ആയിരുന്നപ്പോൾ ഞാൻ അവളെ അവസാനമായി കണ്ടുമുട്ടിയ കാര്യം സൂചിപ്പിക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. ജീവിതം പോലും തുടങ്ങിയിട്ടില്ലാത്ത, ലോകം പോലും കണ്ടിട്ടില്ലാത്ത, ഇനിയും ഒരുപാട് സ്വപ്‌നങ്ങൾ ഉള്ള ഒരു പെൺകുട്ടിക്ക് എന്തിനാണ് ഇങ്ങനെ സംഭവിച്ചത് എന്ന ചോദ്യം മാത്രം ഞാൻ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു. എനിക്ക് ഇപ്പോഴും ഉത്തരം ഇല്ല. അവളുടെ രോഗത്തിന്റെ കാഠിന്യം ഒരു പക്ഷേ, അവളെ കൂടുതൽ വേഗത്തിൽ കൊണ്ടുപോകുമായിരുന്നു. എന്നാൽ, അവൾ അവസാന ശ്വാസം വരെ പോരാടി. കൃത്യം ഒരു മാസം മുൻപ് അവൾ പോയി. നിന്നെ കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും കടന്നു പോകില്ല മച്ചുട്ടാ! ഇന്ന് നിന്റെ ജന്മദിനത്തിൽ ഞാൻ നിന്നെ ഓർക്കുന്നു. ഈ ഓർമകൾ എന്നെന്നേക്കുമാണ്.’’– കീർത്തി കുറിച്ചു.
മനീഷയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും കീർത്തി പങ്കുവച്ചു. കീർത്തിയുടെ ദുഃഖത്തിൽ സങ്കടം രേഖപ്പെടുത്തി ധാരാളം പേർ കമന്റ് ചെയ്തു. ഈ വിഷമഘട്ടം തരണം ചെയ്യാൻ ശക്തിയുണ്ടാകട്ടെയെന്നും ആരാധകർ കുറിച്ചു.
English Summary:
Keerthy Suresh Opens Up About Heart-Wrenching Loss: A Tribute to Her Childhood Friend
7rmhshc601rd4u1rlqhkve1umi-list 7janj6ih48pq3nl2vq4lqvnsn5 mo-entertainment-movie-keerthisuresh mo-entertainment-common-malayalammovienews mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link