KERALAMLATEST NEWS

അർജുനെ കണ്ടെത്താനുപയോഗിച്ച ഡ്രോൺ വയനാട്ടിൽ എത്തിക്കും; റിട്ടയേർഡ് മേജർ  ജനറൽ  ഇന്ദ്രബാലൻ നേതൃത്വം നൽകും

വയനാട്: മേപ്പാടി ഉരുൾപൊട്ടലിൽ മൃതദേഹങ്ങൾ കണ്ടെടുക്കാൻ ഡ്രോണിന്റെയും മറ്റ് സാങ്കേതിക വിദ്യകളുടെയും സഹായം തേടാൻ ആലോചന. കർണാടക ഷിരൂർ ദുരന്തത്തിൽ കോഴിക്കോട് സ്വദേശി അർജുനെ ഉൾപ്പെടെ കണ്ടെത്താൻ ഉപയോഗിച്ച ഡ്രോൺ വയനാട്ടിലെത്തിക്കാൻ തീരുമാനമായി. നാളെമുതൽ ഈ ഡ്രോൺ ഉപയോഗിച്ച് രക്ഷാപ്രവർത്തനം ആരംഭിക്കും.

തെർമൽ സ്‌കാനിംഗും നടത്തും. അർജുൻ രക്ഷാദൗത്യത്തിൽ പങ്കാളിയായ റിട്ട.മേജർ ജനറൽ ഇന്ദ്രബാലന്റെ സംഘത്തിന്റെ സഹായവും സംസ്ഥാന സർക്കാർ തേടിയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാകും ഐബോ‌ഡ് ഡ്രോൺ ഉപയോഗിക്കുക. ഉരുൾപൊട്ടിയ പ്രദേശത്തെ ഏരിയ മാപ്പിംഗും തയ്യാറാക്കുന്നുണ്ട്.

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 283 ആയി ഉയർന്നിരിക്കുകയാണ്. 240 പേരെ കണ്ടെത്താനുണ്ട്. ദുരന്ത ഭൂമിയിൽ തെരച്ചിൽ ഊർജിതമായി നടക്കുകയാണ്. തെരച്ചിലിന് ആവശ്യമായ യന്ത്രങ്ങൾ എത്തിക്കാൻ പറ്റാത്തത് വെല്ലുവിളി ആയിരുന്നു. എന്നാൽ ബെയ്‌ലി പാലം പൂർത്തിയായതോടെ കൂടുതൽ യന്ത്രങ്ങൾ എത്തിച്ച് തെരച്ചിൽ വേഗത്തിലാക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവനോടെ ഇനി ആരുമില്ലെന്ന് സൈന്യം അറിയിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മുണ്ടക്കൈയിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്നും അത് സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട് ഉരുൾപൊട്ടലിനെ എംപി ഫണ്ട് മാർഗരേഖ പ്രകാരം അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തു നൽകിയതായി ശശി തരൂ‌ർ എംപിയും പറഞ്ഞു. എം പി ഫണ്ട് വിനിയോഗിക്കുന്നതിനുള്ള മാർഗരേഖയുടെ ഖണ്ഡിക 8.1 പ്രകാരം വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാൽ എല്ലാ എം പി മാർക്കും അവരുടെ എം പി ഫണ്ടിൽ നിന്നും ഒരു കോടി രൂപയുടെ വരെ പദ്ധതികൾ ദുരന്തബാധിത പ്രദേശത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതിനായി ശുപാർശ ചെയ്യുവാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.


Source link

Related Articles

Check Also
Close
Back to top button