രക്ഷാദൗത്യം, പുനരധിവാസം മന്ത്രിസഭ ഉപസമിതിക്ക് ചുമതല, ക്യാമ്പുകളിൽ ക്രമീകരണം: മുഖ്യമന്ത്രി
കൽപ്പറ്റ: വയനാട് ദുരന്തത്തിൽ രക്ഷാദൗത്യത്തിന്റെയും പുനരധിവാസ പ്രവർത്തനങ്ങളുടെയും തുടർ പ്രവർത്തനങ്ങൾക്കായി നാലംഗ മന്ത്രിസഭ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരായ കെ.രാജൻ, എ.കെ.ശശീന്ദ്രൻ, മുഹമ്മദ് റിയാസ്, ഒ.ആർ.കേളു എന്നിവരാണ് അംഗങ്ങൾ. ഉദ്യോഗസ്ഥരായ സാംബശിവ റാവു, ഡോ.എ.കൗശിഗൻ എന്നിവർ സ്പെഷ്യൽ ഓഫീസർമാരായി പ്രവർത്തിക്കും.
സേനാവിഭാഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ തുടർ രക്ഷാപ്രവർത്തനങ്ങൾ ഏകോപിതമായി തുടരും.മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനം ഫലപ്രദമായി നടപ്പാക്കും. നിലവിൽ ആളുകളെ ക്യാമ്പുകളിൽ താമസിപ്പിക്കേണ്ടി വരും. ക്യാമ്പുകളിൽ കഴിയുന്ന വ്യത്യസ്ത കുടുംബങ്ങളുടെ സ്വകാര്യത സൂക്ഷിക്കാനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കും. മാദ്ധ്യമ പ്രവർത്തകരെയും സന്ദർശകരെയും ക്യാമ്പിനകത്ത് പ്രവേശിപ്പിക്കില്ല. ക്യാമ്പിലുള്ളവരെ കാണാനെത്തുന്നവർക്ക് പ്രത്യേക സ്ഥലം ഏർപ്പാടാക്കും.
പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ഉണ്ടാവണം. ഉരുൾപൊട്ടലിൽ നിരവധി വളർത്തു മൃഗങ്ങളും ചത്തു. അവയെ കൃത്യമായി സംസ്കരിക്കാൻ നടപടികൾ സ്വീകരിക്കും. ദുരന്തം നേരിട്ട മേഖലകളിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ സ്നേഹപൂർവം മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. മാറാൻ കൂട്ടാക്കാത്തവർക്ക് കൃത്യമായി ഭക്ഷണവും അവശ്യ വസ്തുക്കളും ഉറപ്പാക്കും.
കുട്ടികളുടെ പഠനം ഉറപ്പാക്കും
ദുരന്ത മേഖലയിലെ വിദ്യാർത്ഥികളുടെ പഠനത്തിന് തടസം ഉണ്ടാവില്ല. വിദ്യാഭ്യാസ, തദ്ദേശ വകുപ്പുകളുടെ സഹകരണത്തോടെ താത്കാലിക ക്രമീകരണം ഉണ്ടാക്കും. ദുരന്തത്തിനിരയായവരിൽ കടുത്ത മാനസികാഘാതം ഏറ്റവർക്ക് കൗൺസലിംഗ് നൽകും. നിലവിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മാനസിക വിദഗ്ദ്ധർ കൗൺസലിംഗ് നൽകുന്നുണ്ട്. സർട്ടിഫിക്കറ്റ് നഷ്ടമായവർക്ക് അവ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കും.
പോസ്റ്റ്മോർട്ടം നടക്കുന്ന ആശുപത്രികളിലേക്ക് ആളുകൾ അനാവശ്യമായി പോകരുത്. ബന്ധുക്കൾ ഒഴികെയുള്ളവർ അവിടെ നിന്ന് വിട്ടുനിൽക്കണം.
Source link