ബ്രിട്ടനിലെ കത്തിയാക്രമണം: പതിനേഴുകാരനെതിരേ കൊലക്കുറ്റം
ലണ്ടൻ: ബ്രിട്ടനിൽ മൂന്നു പെൺകുട്ടികളുടെ മരണത്തിനിടയാക്കിയ കത്തിയാക്രമണം നടത്തിയ പതിനേഴുകാരനെതിരേ കൊലക്കുറ്റം ചുമത്തി. കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ലങ്കാഷയർ സ്വദേശിയായ ആക്സൽ മഗൻവ റുഡകുബാനയാണ് ആക്രമണം നടത്തിയത്. പ്രതിയുടെ പ്രായം കണക്കിലെടുത്ത് നേരത്തേ പോലീസ് പേര് വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ലിവർപൂൾ ക്രൗൺ കോടതി പ്രതിയുടെ പേര് വെളിപ്പെടുത്താൻ ഉത്തരവിട്ടു. പ്രതിയെ റിമാൻഡ് ചെയ്ത കോടതി ജുവൈനൽഹോമിലേക്ക് അയച്ചു. കടൽത്തീര പട്ടണമായ സൗത്ത്പോർട്ടിൽ കുട്ടികൾക്കായുള്ള അവധിക്കാല യോഗ-നൃത്ത ക്ലാസിലായിരുന്നു ആക്രമണം നടന്നത്.
ഒൻപത്, ഏഴ്, ആറ് വയസുള്ള കുട്ടികളാണു മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ പത്തു പേരിൽ അഞ്ചു പെൺകുട്ടികളുൾപ്പെടെ ഏഴു പേർ ഗുരുതരാവസ്ഥയിലാണ്. പ്രതി കുടിയേറ്റക്കാരനായ മുസ്ലിമാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടന്നതിനു പിന്നാലെ ഇംഗ്ലണ്ടിന്റെ വടക്കുപടിഞ്ഞാറൻ പട്ടണമായ സൗത്ത്പോർട്ടിൽ വ്യാപക അക്രമം നടന്നു. എന്നാൽ സംഭവത്തിനു തീവ്രവാദബന്ധമില്ലെന്നും റുവാണ്ടൻ വംശജനായ ബ്രിട്ടീഷുകാരനാണ് പ്രതിയെന്നും പോലീസ് അറിയിച്ചു.
Source link