KERALAMLATEST NEWS

മൂവാറ്റുപുഴ നിർമ്മലയിലെ നിസ്കാര വിവാദം: ഖേദം പ്രകടിപ്പിച്ച് ജമാ അത്ത് ഭാരവാഹികൾ

മൂവാറ്റുപുഴ: നിർമ്മല കോളേജിൽ മുസ്ലിം പെൺകുട്ടികൾക്ക് നിസ്കാരത്തിന് മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പലിനെ തടഞ്ഞുവച്ച സംഭവത്തിൽ പ്രദേശത്തെ മുസ്ലിം ആരാധനാലയങ്ങളിൽ നിന്നുള്ള സംയുക്ത പ്രതിനിധി സംഘം കോളേജ് അധികൃതരെ സന്ദർശിച്ച് ഖേദം അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച എസ്.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ നടന്ന സമരത്തെ എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു.

സെൻട്രൽ മഹല്ല് ചീഫ് ഇമാം ഷിഹാബുദ്ദീൻ ഫൈസി, പേട്ട മുഹ്‌യുദ്ദീൻ ജുമാമസ്ജിദ് ഇമാം കാഞ്ഞാർ നിസാർ മൗലവി, ജമാഅത്ത് പ്രസിഡന്റുമാരായ പി.എം. അബ്ദുൾ സലാം, കെ.എം. സെയ്തു മുഹമ്മദു റാവുത്തർ, പി.എസ്.എ. ലത്തീഫ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

സമരം അറിവില്ലായ്മയാലാണെന്നും സമീപത്ത് വനിതകൾക്കും ആരാധനാ സൗകര്യമുള്ള മസ്ജിദുള്ളപ്പോൾ വിദ്യാർത്ഥികളുടെ ദുശാഠ്യം അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു. അവിടെ പോരായ്മകളുണ്ടെങ്കിൽ പരിഹാരം കാണും. മൂവാറ്റുപുഴയിലെ മത – സമുദായ സൗഹാർദ്ദത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നും അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.

പ്രിൻസിപ്പൽ ഫാ. ഫ്രാൻസിസ് കണ്ണാടൻ, സ്വാശ്രയവിഭാഗം പ്രിൻസിപ്പൽ ഡോ.കെ.വി. തോമസ്, ഫാ. വിൻസന്റ് നെടുങ്ങാട്ട്, ഫാ. ആന്റണി പുത്തൻകുളം, കോതമംഗലം രൂപത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ ഡോ. പയസ് മലേക്കണ്ടം തുടങ്ങിയവരുമായിട്ടായിരുന്നു കൂടിക്കാഴ്ച.

71 വർഷത്തെ പാരമ്പര്യമുള്ള, മൂവായിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന, കോതമംഗലം രൂപതയ്ക്ക് കീഴിലുള്ള കോളേജിൽ നിസ്കാരസ്ഥലം അനുവദിക്കില്ലെന്ന നിലപാട് കത്തോലിക്കാ സഭാ അധികൃതർ ഇന്നലെയും ആവർത്തിച്ചു. പൊതുസമൂഹത്തിന്റെ പിന്തുണയ്ക്ക് പ്രിൻസിപ്പൽ ഫാ. ഫ്രാൻസിസ് കണ്ണാടൻ നന്ദി അറിയിച്ചു.

#യാഥാർത്ഥ്യബോധമില്ലാത്ത

സമരം: യൂത്ത് ലീഗ്

സമരം യാഥാർത്ഥ്യബോധം മറന്നുകൊണ്ടാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഹാഷിം പി. മുഹമ്മദ് പത്രസമ്മേളനത്തിൽ പറഞ്ഞു. പൊതു സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന സമരം പാടില്ലെന്നും പറഞ്ഞു.

ബി.ഡി.ജെ.എസ്

ബി.ജെ.പി പിന്തുണ

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രിൻസിപ്പൽ ഡോ. ഫ്രാൻസിസ് കണ്ണാടനെ പിന്തുണ അറിയിച്ചു. സ്ഥാപനത്തിന് ഭീഷണിയുണ്ടായാൽ സംരക്ഷണം നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു. മാനേജ്മെന്റിന് പിന്തുണ നൽകുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ഷൈൻ കെ. കൃഷ്ണനും അറിയിച്ചു.കത്തോലിക്ക കോൺഗ്രസ്, കാസ, യുവദീപ്തി, കെ.സി.വൈ.എം സംഘടനകളും പിന്തണയുമായി എത്തി.


Source link

Related Articles

Back to top button