KERALAMLATEST NEWS

രക്ഷകയായി; പക്ഷേ, കൈവിട്ടു പോയി സ്വന്തം പൊന്നോമന…

മേപ്പാടി: ആർത്തലച്ചെത്തിയ മലവെള്ളത്തിനൊപ്പം ഒഴുകിയെത്തിയ ഒരു കുട്ടിയെ രക്ഷിക്കാനുളള ശ്രമത്തിനിടെ പ്രജിതയ്ക്ക് നഷ്ടമായത് സ്വന്തം പൊന്നോമനയെ. വെള്ളത്തിൽ നിന്ന് കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മകൾ അഹന്യയെ (10) തന്റെ കൈയിൽ നിന്ന് മലവെള്ളം കവർന്നെടുക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ് വിംസ് ആശുപത്രിയിൽ കഴിയുകയാണ് പ്രജിതയും ഭർതൃപിതാവ് അപ്പുവും മാതാവ് ശോഭയും. പ്രജിതയ്ക്ക് മുഖത്തും തുടയെല്ലിനും സാരമായ പരിക്കുണ്ട്. ശോഭയ്ക്ക് വാരിയെല്ലിനാണ് പരിക്ക്.

ചൂരൽമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന് പിന്നിലായിരുന്നു ഇവരുടെ വീടും അതിനോട് ചേർന്ന ഹോംസ്റ്റേയും. ചൂരൽമലയിലെ സുരക്ഷിത മേഖലയെന്ന് വിശ്വസിച്ചിടത്താണ് ദുരന്തംവിതച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് ചൂരൽ മലയിലെയും മുണ്ടക്കയത്തേയും ഉയർന്ന മേഖലയിലുള്ളവരെയെല്ലാം താമസിപ്പിച്ചിരുന്നത് സ്‌കൂളിലായിരുന്നു. ഇതായിരുന്നു മേഖലയിലെ സുരക്ഷിതമായ ഇടവും. ഇവിടെ ഇങ്ങനെയൊരു അപകടം സംഭവിക്കുമെന്ന് ആരും കരുതിയിരുന്നില്ല.

ഉറക്കത്തിലെപ്പോഴോ വലിയ ശബ്ദം കേട്ടതായി പ്രജിത ഓർക്കുന്നു. പിന്നീട് വാതിലിലൂടെയും ജനലിലൂടെയും വെള്ളം കുത്തിയൊഴുകിയെത്തി. വാതിൽ തുറന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴേക്കും മലവെള്ളം ഇരച്ചെത്തിക്കഴിഞ്ഞു. പൊട്ടിവീണ മരച്ചില്ലകളിൽ ഇവർ തങ്ങി നിൽക്കുകയായിരുന്നു. അതിനിടെ മലവെള്ളത്തിൽ ഒഴുകിവരികയായിരുന്ന മറ്റൊരു കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് മകൾ അഹന്യയെ കൈവിട്ടു പോയത്. ഇവരുടെ ഹോംസ്റ്റേയിൽ ഉണ്ടായിരുന്ന നാല് ഒഡിഷ സ്വദേശികളിൽ രണ്ടുപേരെ കാണാതായിട്ടുണ്ട്. പ്രജിതയുടെ ഭർത്താവ് ഗൾഫിലാണ്.


Source link

Related Articles

Back to top button