മഡുറോയ്ക്കെതിരേ വെനസ്വേലൻ ജനത
കാരക്കാസ്: വെനസ്വേലയിൽ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് നിക്കോളാസ് മഡുറോ ജയിച്ചത് ക്രമക്കേടിലൂടെയാണെന്നാരോപിച്ച് വൻ പ്രതിഷേധം. തിങ്കളാഴ്ച വൈകുന്നേരത്തോടെ തലസ്ഥാനമായ കാരക്കാസിലേക്കു പതിനായിരങ്ങൾ ഒഴുകി. പോലീസും പട്ടാളവും മഡുറോ സർക്കാരിനെ പിന്തുണയ്ക്കുന്ന സായുധ വിഭാഗങ്ങളും ജനത്തെ നേരിട്ടു. ഹ്യൂഗോ ഷാവേസിന്റെ നിര്യാണത്തിനു പിന്നാലെ 2013 മുതൽ ഭരണം നടത്തുന്ന മഡുറോയ്ക്കെതിരേ ശക്തമായ ജനവികാരമുണ്ടായിരുന്നുവെന്നും എന്നിട്ടും അദ്ദേഹം ജയിച്ചത് അട്ടിമറിയിലൂടെ ആണെന്നാണ് ആരോപണം. എതിർസ്ഥാനാർഥിയായിരുന്ന എഡ്മണ്ടോ ഗോൺസാലസ് 73.2 ശതമാനം വോട്ടുകൾക്കു ജയിച്ചുവെന്നാണു പ്രതിപക്ഷം അവകാശപ്പെടുന്നത്. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥിയായിട്ടാണു ഗോൺസാലസ് മത്സരിച്ചത്. തെരഞ്ഞെടുപ്പിനു മുന്പത്തെ അഭിപ്രായ സർവേകൾ ഗോൻസാലസിനാണു വിജയം പ്രവചിച്ചത്. കാരക്കാസിനു ചുറ്റുമുള്ള മലനിരകളിലെ ചേരികളിൽ വസിക്കുന്നവർ പ്രതിഷേധത്തിനായി കിലോമീറ്ററുകൾ നടന്ന് നഗരകേന്ദ്രത്തിലെത്തിയെന്നാണു റിപ്പോർട്ട്. പ്രതിഷേധക്കാർ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കു മാർച്ച് ചെയ്യുന്നതു തടയാൻ പോലീസും പട്ടാളവും വിന്യസിക്കപ്പെട്ടിരുന്നു. പ്രതിഷേധക്കാർ മഡുറോയുടെ പോസ്റ്ററുകൾ കീറുകയും വാഹനങ്ങളും ചവറു വീപ്പകളും അഗ്നിക്കിരയാക്കുകയും ചെയ്തു. പ്രതിഷേധക്കാർക്കു നേർക്ക് പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. 32 പേരെ അറസ്റ്റ് ചെയ്തുവെന്നാണ് അറ്റോർണി ജനറൽ അറിയിച്ചത്.
തെരഞ്ഞെടുപ്പുഫലത്തിൽ തർക്കം ഉന്നയിക്കുന്ന ഫാസിസ്റ്റുകളും പ്രതിവിപ്ലവകാരികളുമായ പ്രതിപക്ഷം അട്ടിമറിക്കു ശ്രമിക്കുകയാണെന്നു പ്രസിഡന്റ് മഡുറോ ആരോപിച്ചു. മഡുറോ സർക്കാർ ഓരോ പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടിംഗ് റിക്കാർഡുകൾ പുറത്തുവിടണമെന്ന് ഐക്യരാഷ്ട്രസഭയും പാശ്ചാത്യ രാജ്യങ്ങളും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുഫലം അംഗീകരിക്കാൻ മടിച്ച അർജന്റീന, പ്രതികൂല ഇടപെടലും പരാമർശങ്ങളും നടത്തിയ ചിലി, കോസ്റ്റാറിക്ക, പാനമ, പെറു, ഉറുഗ്വേ എന്നീ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ മഡുറോ സർക്കാർ തിരിച്ചുവിളിച്ചു. പാനമ, ഡൊമിനിക്കൻ റിപ്പബ്ലിക് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി റദ്ദാക്കി.
Source link