ഓർമയുടെ മൈതാനത്ത് ഇന്നവർ വീണ്ടും ഇറങ്ങും; 50 വർഷത്തിനുശേഷം
തൃശൂർ: പ്രായവും പദവിയും പ്രതിബന്ധമാക്കാതെ പതിറ്റാണ്ടുകൾക്കുശേഷം ഇന്നവർ വീണ്ടും കളിക്കളത്തിൽ ഏറ്റുമുട്ടും; രാവിലെ 7.30ന് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിന്റെ ടർഫ് മൈതാനിയിൽ. വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞിരുന്ന ചെറുപ്പക്കാരെ ഒരൊറ്റ ടീമാക്കിത്തീർത്ത കാൽപ്പന്തിന്റെ പേരിൽതന്നെ. ഇന്നാണ് സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് ടീം പിറവിയെടുത്തതിന്റെ അന്‍പതാം വാർഷികം. ടീമിന്റെ ഉത്ഭവം, വളർച്ച, പ്രകടനം എന്നിവയെക്കുറിച്ച് ഒരു വ്യാഴവട്ടം ക്യാപ്റ്റനും രണ്ടുപതിറ്റാണ്ടിലധികം കോച്ചുമായിരുന്ന അന്തർദേശീയ ഫുട്ബോൾ താരം എം.എം. ജേക്കബ് പറയുന്നു: എസ്. വെങ്കിട്ടരാമയ്യയുടെ സ്വപ്നം ജോലിക്കാരുടെ കലാകായിക അഭിരുചികൾ പരിപോഷിപ്പിച്ചാലേ അവരുടെ സർഗഭാവനകളും ക്രിയാത്മകശേഷിയും യഥോവിധം പുറത്തുവരൂയെന്ന് വിശ്വസിച്ചിരുന്ന ആളായിരുന്നു സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് കളക്ടറായിരുന്ന (അന്നത്തെ കളക്ടർ എന്ന പദവിയാണു പിന്നീട് കമ്മീഷണറായത്) ഐആർഎസുകാരൻ എസ്. വെങ്കിട്ടരാമയ്യർ. അങ്ങനെയാണു സ്പോർട്സിലും ഗെയിംസിലും ശ്രദ്ധകേന്ദ്രീകരിക്കാനായി 1974 -ൽ റിക്രൂട്ട്മെന്റ് ആരംഭിച്ചത്. ബാസ്കറ്റ് ബോൾ, വോളിബോൾ, ഫുട്ബോൾ, ബാഡ്മിന്റണ്‍, അത്ലറ്റിക്സ് എന്നിവയ്ക്കെല്ലാം ആളെയെടുത്തു. മുൻ കേരള ഹോക്കി ക്യാപ്റ്റനും ഫുട്ബോളറുമായ എം. ഭരതനായിരുന്നു സ്പോർട്സ് സീനിയർ ഓഫീസർ. അങ്ങനെ എസ്. ബാലകൃഷ്ണൻ ക്യാപ്റ്റനായി ആദ്യ ഫുട്ബോൾ ടീം രൂപീകരിച്ചു. ഒന്‍പതുപേരാണു ഫുട്ബോളിനായി വന്നതെങ്കിലും മറ്റു ടീമുകളിലെ കളിക്കാരെ ഉൾപ്പെടുത്തി ലോക്കൽ ടൂർണമെന്റുകളിൽ കളിച്ചു. 75 -76 കാലഘട്ടമായപ്പോഴേക്കും കുറച്ചുപേർകൂടി വരികയും ഫുൾ ടീമാവുകയും ചെയ്തു. സംസ്ഥാന, ദേശീയ ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. പിന്നീട് ഇതുവരെ 93 പേരാണു വിവിധ കാലഘട്ടങ്ങളിലായി ഫുട്ബോൾ ടീമിന്റെ ഭാഗമായിട്ടുള്ളത്. ഇതിൽ 12 പേർ മരിച്ചു. ദേശീയ ടൂർണമെന്റുകൾ 75 -76 കാലഘട്ടത്തിൽ ബാലകൃഷ്ണനെത്തുടർന്ന് സി.സി. ജേക്കബ് ടീമിന്റെ ക്യാപ്റ്റനായി. ഈ വർഷംതന്നെ ചാക്കോള, നെഹ്റു കപ്പ്, ജി.വി. രാജ, കൗമുദി, മാമ്മൻ മാപ്പിള, എൽ ആർജി കോയന്പത്തൂർ ടൂർണമെന്റുകളിൽ കളിച്ചു. ഏറെ പ്രഗത്ഭ ടീമുകൾ ഉണ്ടായിരുന്ന അക്കാലത്ത് പലതിലും സെമിഫൈനലിലും ഫൈനലിലുമെത്തി.
പിന്നീട് റോവേഴ്സ് കപ്പ്, കൽക്കട്ട ഐഎഫ്എ ഷീൽഡ്, ഡൽഹി ഡിസിഎം ട്രോഫി, കെ.കെ. ജെയിൻ ടൂർണമെന്റ് എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക ടൂർണമെന്റുകളിലും കളിച്ചു. പലതിനും വിന്നേഴ്സും റണ്ണേഴ്സുമായി. കൂടാതെ നിരവധി തവണ റവന്യു ഫുട്ബോൾ മീറ്റ്, ഇന്ത്യൻ സിവിൽ സർവീസ് ടൂർണമെന്റ് എന്നിവയിൽ ജേതാക്കളായി. സി.ജെ. ബേബിയായിരുന്നു സ്പോർട്സിന്റെ മൊത്തം കോച്ച്. അദ്ദേഹമിന്നില്ല. ആദ്യകാലത്ത് ഫുട്ബോൾ കോച്ച് ഇല്ലാതിരുന്നതിനാൽ ഒളിന്പ്യൻ സൈമണ്‍ സുന്ദർരാജ് സാറായിരുന്നു ഞങ്ങൾക്ക് രണ്ട് കോച്ചിംഗ് ക്യാന്പുകൾ തന്നത്. സി.സി. ജേക്കബ് കാൽമുട്ടിനു പരിക്കുപറ്റി കളി അവസാനിപ്പിച്ചപ്പോൾ ഞാൻ ടീമിന്റെ ക്യാപ്റ്റനായി; തുടർച്ചയായി 12 വർഷം. പിന്നീട് 2012ൽ വിരമിക്കുംവരെ 22 വർഷം കോച്ചായി തുടർന്നു. കസ്റ്റംസ് ടീമിൽനിന്ന് ഇന്ത്യൻ ടീമിലേക്ക് ആദ്യകാലത്ത് സി.സി. ജേക്കബിനും എനിക്കും സെലക്ഷൻ കിട്ടി. ഇന്ത്യക്കായി ബാങ്കോക്കിൽ കിംഗ്സ് കപ്പ് കളിക്കുന്പോഴാണ് സി.സി.ക്കു പരിക്കുപറ്റിയത്. പിന്നീട് പി.ആർ. ഹർഷൻകൂടി കസ്റ്റംസ് ടീമിൽനിന്ന് ഇന്ത്യൻ ടീമിന്റെ ഭാഗമായി.’- ദീർഘകാലം കസ്റ്റംസ് ടീമിന്റെ നെടുംതൂണായിരുന്ന എം.എം. ജേക്കബ് പറഞ്ഞു. പ്രാരംഭകർക്ക് ആദരം 74 – ൽ റിക്രൂട്ട്മെന്റിലൂടെ കസ്റ്റംസ് ടീമിന്റെ പ്രാരംഭകരായ ഒന്പതുപേരിൽ എസ്. ബാലകൃഷ്ണൻ, മണ്ണിൽ വിജയൻ, ശശിധരൻ എന്നിവർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. കെ. ഗോകുലൻ, വേണു പടിയത്ത്, എൻ.ജെ. ജേക്കബ്, സി.ജി. സുഗുണൻ, ഉമർ തയ്യിൽ, എം. അബ്ദുൾ റഫീക്ക് എന്നിവരെയും അന്നത്തെ ടീം മാനേജരായിരുന്ന പി.വി. പോൾ, ജോസ് മാത്യു എന്നിവരെയും ഇന്ന് ഉപഹാരം നൽകി ആദരിക്കും. എറണാകുളം യുവറാണി ഹോട്ടൽ ഹാളിൽ നടക്കുന്ന സുവർണ ജൂബിലി ആഘോഷം കസ്റ്റംസ് നാഷണൽ ഡയറക്ടർ ജനറലായിരുന്ന (എൻഎസിഐഎൻ ) ഡോ. രാഘവൻ ഐആർഎസ് ഉദ്ഘാടനം ചെയ്യും. കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ അധ്യക്ഷത വഹിക്കും. അന്തർദേശീയ ഫുട്ബോൾ താരവും ഡോക്ടറുമായ മുഹമ്മദ് ബഷീർ മുഖ്യാതിഥിയാകും. ആദ്യ സന്പൂർണ ടീമിലെ മറ്റംഗങ്ങളായ എം. സതീഷ്, മുഹമ്മദ് സലിം, സി.കെ. പോൾ, എം.കെ. ജയരാജ്, സി.പി. രാജൻ, മോഹൻ കുമാർ, സുനിൽ, എം.കെ. സുരേഷ്, സി.ഒ. ജോൺ, ഗംഗാധരൻ, ബഷീർ അഹമ്മദ് എന്നിവരും കൂട്ടായ്മയിൽ പങ്കെടുക്കും.
Source link