KERALAMLATEST NEWS

മഴക്കാലമായാൽ നാട്ടുകാരുടെ പേടിസ്വപ്നം, ഗുരുതര രോഗങ്ങൾക്കും ഇടയാക്കും

പാലക്കാട്: മഴ ശക്തമായതോടെ ജില്ലയിലെ വിവിധയിടങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. വാഴ, പപ്പായ, ഇഞ്ചി, മഞ്ഞൾ, തക്കാളി, കൊക്കോ, കിഴങ്ങുവിളകൾ തുടങ്ങി അഞ്ഞൂറോളം കാർഷിക വിളകൾക്കാണ് ആഫ്രിക്കൻ ഒച്ചുകൾ ഭീഷണിയാകുന്നത്. ഒച്ചുകൾ കുമ്മായം, മണൽ, ചുമര്, മതിൽ, തടി എന്നിവയും ഭക്ഷിക്കുന്നതിനാൽ വീടുകളിലേക്കും ശല്യം വ്യാപിക്കുന്നു. മനുഷ്യരിലും വളർത്തുമൃഗങ്ങളിലും രോഗങ്ങൾ പരത്താനും കഴിയും.

പാലക്കാട് ജില്ലയിൽ മലമ്പുഴ, മണ്ണാർക്കാട്,​ മുണ്ടൂർ,​ കൊല്ലങ്കോട്, നെന്മാറ, കോട്ടായി, പട്ടാമ്പി എന്നിവിടങ്ങളിലാണ് ആഫ്രിക്കൻ ഒച്ചകളുടെ ശല്യം രൂക്ഷം. ഒരിഞ്ച് മുതൽ ഒരു ഓറഞ്ചിന്റെ വരെ വലുപ്പമുള്ള ഒച്ചുകൾ കാണുന്നുണ്ട്. പുല്ലു മുതൽ തെങ്ങുകൾ വരെ ഒച്ചുകൾ കയറി നശിപ്പിക്കുന്നതിനാൽ ജില്ലയിലെ കർഷകർ ദുരിതത്തിലാണ്. തൊടികളിലും വീടുകളോട് ചേർന്ന ചെറിയ തോട്ടങ്ങളിലും കൂട്ടത്തോടെയെത്തുന്ന ഇവ കപ്പ, വാഴ, പൂച്ചെടികൾ, പപ്പായ,​ പച്ചക്കറികൾ, മുളക് എന്നിവയൊക്കെ തിന്നു നശിപ്പിക്കുകയാണ്. കവുങ്ങ്, തെങ്ങ് എന്നിവയിൽ കയറിയിരിക്കുന്ന ഒച്ചുകൾ ഓലകളും കൂമ്പുകളും നശിപ്പിക്കും. ഒച്ചുകളെ സ്പർശിക്കുകയോ ഇവ ദേഹത്ത് തട്ടുകയോ ചെയ്താൽ അസഹ്യമായ ചൊറിച്ചിലുകളും അനുഭവപ്പെടും. ഒച്ചുകളുടെ ശല്യത്തിൽനിന്നും രക്ഷപ്പെടാൻ ഉപ്പ് വിതറുന്ന രീതി മാത്രമാണ് കാലങ്ങളായി ചെയ്തുവരുന്നതെങ്കിലും ഇവ കൂട്ടത്തോടെ ചത്തുകഴിഞ്ഞാലുള്ള ദുർഗന്ധം അസഹനീയമാണ്.

നിയന്ത്രണ മാർഗങ്ങൾ

 പരിസര ശുചിത്വം പാലിക്കണം. പറമ്പിലെ കളകൾ, കുറ്റിച്ചെടികൾ, കാർഷികാവശിഷ്ടങ്ങൾ, മറ്റു മാലിന്യങ്ങൾ എന്നിവ നശിപ്പിക്കുക.
 പരിപാലിക്കപ്പെടാതെ കിടക്കുന്ന കൃഷിയിടങ്ങൾ ഒച്ചുകളുടെ വംശവർദ്ധനവിന് കാരണമാകുന്നതിനാൽ ഇത്തരത്തിലുള്ള തോട്ടങ്ങൾ കിളച്ചുമറിച്ചിടണം.
 ജലാംശവും ഈർപ്പവും തണലുമുള്ള സ്ഥലങ്ങൾ സൂര്യപ്രകാശം കിട്ടുന്നതരത്തിൽ ക്രമീകരിക്കുക.
 വൈകുന്നേരങ്ങളിൽ നനഞ്ഞ ചണച്ചാക്ക് വിരിച്ച് അതിൽ കാബേജ് ഇലകൾ, പപ്പായയുടെ ഇലകൾ,​ തണ്ടുകൾ, തണ്ണിമത്തൻ തൊണ്ട് ഇവിയിലേതെങ്കിലും ഇട്ട് ഒച്ചുകളെ ആകർഷിക്കാം. തുടർന്ന് അതിരാവിലെ ഒരു ലിറ്റർ വെള്ളത്തിൽ 250 ഗ്രാം ഉപ്പ് ലയിപ്പിച്ച് ഒച്ചുകളെ ഇതിലിട്ട് നശിപ്പിക്കാം.
 വീടുകളിൽ കള്ള്/യീസ്റ്റ് പഞ്ചസാരലായനി എന്നിവ കെണിയായി ഉപയോഗിക്കാം. 25 ഗ്രാം പുകയില ഒന്നരലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഒരു ലിറ്റർ ആക്കുക. 60 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കുക. ഈ രണ്ടു ലായനികളും കൂട്ടിച്ചേർത്ത് ഒച്ചിന് മേൽതളിക്കാവുന്നതാണ്.
 വിളകളിൽ ബോർഡോമിശ്രിതം തളിച്ച് ഒച്ചുകളുടെ ആക്രമണം നിയന്ത്രിക്കാനാകും.

 ഒച്ചുകളെ ശേഖരിക്കുമ്പോൾ കൈയുറകൾ ധരിക്കണം.


Source link

Related Articles

Back to top button