ദമ്പതികൾ കാറിനുള്ളിൽ തീകൊളുത്തി മരിച്ചു
രാജു തോമസ് ജോർജ്, ഭാര്യ ലൈലി തോമസ്
തിരുവല്ല: കുടുംബപ്രശ്നങ്ങളെ തുടർന്ന് ദമ്പതികൾ കാറിനുള്ളിൽ തീകൊളുത്തി മരിച്ചു. തുകലശേരി ചെമ്പോലിമുക്ക് വേങ്ങശേരിൽ വീട്ടിൽ രാജു തോമസ് ജോർജ് (69), ഭാര്യ ലൈലി തോമസ് (62) എന്നിവരാണ് മരിച്ചത്. മകന്റെ മാനസികപീഡനം സഹിക്കാനാവാതെയാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നുള്ള രാജു തോമസിന്റെ ആത്മഹത്യാകുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തി.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളുടെ അതിർത്തി പങ്കിടുന്ന വേങ്ങൽ വേളൂർമുണ്ടകം പാടത്തേക്കുള്ള വഴിയിൽ ഇന്നലെ ഉച്ചയ്‌ക്ക് ഒന്നിന് പട്രോളിംഗിനെത്തിയ പൊലീസ് സംഘമാണ് കാറിന് തീപിടിച്ചത് കണ്ടത്. തീ ആളിപ്പടർന്നതിനാൽ അടുത്തേക്ക് ചെല്ലാനായില്ല. ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. വാഗണർ കാറിന്റെ മുൻസീറ്റുകളിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ. റോഡരികിൽ വാഹനം ഒതുക്കിയശേഷം പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നെന്നാണ് നിഗമനം. കാർ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.
25 വർഷത്തിലേറെയായി രാജുതോമസ് വിദേശത്തായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് തിരിച്ചെത്തിയത്. മയക്കുമരുന്നിന് അടിമയായ മകൻ ജോർജി തോമസ് സ്വത്തിന്റെ പേരിൽ മാതാപിതാക്കളെ മാനസികമായി പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ശല്യം സഹിക്കവയ്യാതെ ജോർജിയുടെ ഭാര്യ മകനൊപ്പം മാസങ്ങൾക്കു മുമ്പ് സ്വന്തം വീട്ടിലേക്ക് പോയി. ഇയാൾ ഏതാനും ദിവസങ്ങളായി ഡിഅഡിക്ഷൻ സെന്ററിൽ ചികിത്സയിലാണ്, ഫോറൻസിക് റിപ്പോർട്ട് കൂടി ലഭിച്ചശേഷമേ കാർ കത്തിയതിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂവെന്ന് ഡിവൈ.എസ്.പി എസ്. അഷാദ് പറഞ്ഞു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.