KERALAMLATEST NEWS

മനുഷ്യസാദ്ധ്യമായത് കർണാടക സർക്കാർ ചെയ്തു, അർജുന്റെ തെരച്ചിലിൽ കുടുംബം തൃപ്തരെന്ന് എം കെ രാഘവൻ എം പി

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ ലോറിയോടൊപ്പം കാണാതായ അർജുനെ കണ്ടെത്തുന്നതിനായി നടത്തുന്ന രക്ഷാപ്രവർത്തനത്തിൽ കുടുംബം തൃപ്തരാണെന്ന് എം കെ രാഘവൻ എം പി. അർജുന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. മനുഷ്യസാദ്ധ്യമായത് എല്ലാം കർണാടക സർക്കാർ ചെയ്തെന്നും കാലാവസ്ഥയും ഗംഗാവലിപ്പുഴയിലെ അടിയൊഴുക്കുമാണ് പ്രതിസന്ധിയെന്നും എം കെ രാഘവൻ പറഞ്ഞു.

‘നാളെയോടെ ലോറിയുടെ ക്യാബിൻ ഉയർത്താൻ പറ്റുമെന്നാണ് പ്രതീക്ഷ. അടിയൊഴുക്ക് കാരണം ശനിയാഴ്ച രാവിലെയും നേവിക്ക് നദിയിൽ ഇറങ്ങാൻ പറ്റിയില്ല. തെർമൽ സ്കാനിംഗിൽ ഇതുവരെ മനുഷ്യസാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ല’- അദ്ദേഹം പറഞ്ഞു.

അതേസമയം, ഷിരൂരിൽ ഗംഗാവലിപ്പുഴയിലിറങ്ങാനുളള സാദ്ധ്യതയും ദൗത്യസംഘം പരിശോധന ആരംഭിച്ചു. പുഴയുടെ നടുവിൽ രൂപപ്പെട്ട മൺതിട്ടയിൽ നിന്ന് നദിയിലിറങ്ങാനാണ് ശ്രമം. കുന്ദാപുരയിൽ നിന്നെത്തിയ പ്രാദേശിക മത്സ്യത്തൊഴിലാളികളും ദൗത്യസംഘത്തിനൊപ്പം ചേർന്നിട്ടുണ്ട്.

തിരച്ചിൽ എളുപ്പമാക്കുന്നതിന് ഫ്ലോട്ടിങ് പ്ലാറ്റ്ഫോം രാജസ്ഥാനിൽ നിന്ന് എത്തിക്കുമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നാവിക സേനയുടെ കൂടുതൽ വൈദഗ്ദ്ധ്യം ഉള്ളവരെ നിയോഗിക്കണമെന്ന് കേരള സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ തെരച്ചിൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സാദ്ധ്യമായ എല്ലാ ശ്രമങ്ങളും നടത്തി മുന്നോട്ടുപോകും. മറ്റു നേവൽ ബേസിൽ വിദഗ്ദ്ധർ ഉണ്ടെങ്കിൽ എത്തിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിയാസ് അറിയിച്ചു.


Source link

Related Articles

Back to top button