CINEMA

സിനിമയിലും സെറ്റിലും ദുരൂഹതയായ അസ്ഥികൂടം: ദേവദൂതനിലെ ആ രഹസ്യം

സിനിമയിലും സെറ്റിലും ദുരൂഹതയായ അസ്ഥികൂടം: ദേവദൂതനിലെ ആ രഹസ്യം | Devadoothan Movie Secret

സിനിമയിലും സെറ്റിലും ദുരൂഹതയായ അസ്ഥികൂടം: ദേവദൂതനിലെ ആ രഹസ്യം

ബൈജു പോൾ

Published: July 27 , 2024 08:28 AM IST

2 minute Read

24 വർഷങ്ങൾക്കു ശേഷം ദേവദൂതൻ റി റിലീസ്

സിനിമയിലെ ചില പിന്നാമ്പുറ രഹസ്യങ്ങൾ

മഹേശ്വറിൻ്റെ അസ്ഥികൂടം കണ്ട് മോഹൻലാൽ മാത്രമല്ല ഞെട്ടിയത്, സിനിമയുടെ അണിയറ പ്രവർത്തകരും അന്തം വിട്ടു. ഒറിജിനൽ അസ്ഥികൂടത്തോടു പോലും മത്സരിക്കാവുന്ന തരത്തിലുള്ള അസ്ഥിപഞ്ജരം കണ്ടാൽ ആരാണ് അന്ധാളിക്കാത്തത്. ഒറിജിനലാണോയെന്നു പോലും പലരും സംശയിച്ചു.  ദേവദൂതൻ സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് അതിലെ അസ്ഥികൂടം, നിഖിൽ മഹേശ്വർ എന്ന കഥാപാത്രത്തിൻ്റെ അസ്ഥിപഞ്ജരം.  സിനിമയിലെപ്പോലെ തന്നെ ഷൂട്ടിങ് സമയത്തും ഈ അസ്ഥികൂടം കനമുള്ള ദുരൂഹതയും തലവേദനയും സൃഷ്ടിച്ചെന്ന് കലാസംവിധായകനായ ജോസഫ് നെല്ലിക്കൽ പറയുന്നു. സിനിമയുടെ കലാസംവിധായകനായ മുത്തുരാജിന്റെ അസോസിയേറ്റ് ആയിരുന്നു ജോസഫ് അന്ന്. 24 വർഷത്തിനുശേഷം സിബി മലയിലിന്റെ ദേവദൂതൻ വീണ്ടും തിയറ്ററിലെത്തുമ്പോൾ ആ അസ്ഥികൂടത്തെക്കുറിച്ച് ജോസഫും ദേവദൂതന്റെ അസോസിയേറ്റ് ക്യാമറാമാനായിരുന്ന ജെയിൻ ജോസഫും പറയുന്നത് ഇങ്ങനെ.
‘ഊട്ടിയിലായിരുന്നു സിനിമയുടെ ഷൂട്ടിങ്. മുത്തുരാജ് പറഞ്ഞതനുസരിച്ച് എറണാകുളം നോർത്തിൽനിന്ന് ഫൈബറിന്റെ അസ്ഥികൂടവുമായാണ് ഷൂട്ടിങ് സ്ഥലത്തെത്തിയത്. എന്നാൽ ഇതുപോരെന്നും ഒറിജിനാലിറ്റി ഇല്ലെന്നുമായി സംവിധായകൻ. എന്തു ചെയ്യും..? ഉടൻ ചെന്നൈയിലുള്ള മുത്തുരാജുമായി ബന്ധപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ ഒറിജിനൽ എന്നു തോന്നിക്കുന്ന, എന്നാൽ അതിനെയും വെല്ലുന്ന അസ്ഥികൾ റെഡി. പക്ഷേ എല്ലാം പല കഷണങ്ങളായിട്ടാണ് ലഭിച്ചത്. പിന്നീട് ഇവയെല്ലാം കൊളുത്തിട്ട് കൂട്ടിയോജിപ്പിക്കുകയായിരുന്നു. പല്ലുകൾ മരത്തിൽ കൃത്രിമമായി ഉണ്ടാക്കിയെടുത്തു. പക്ഷേ എന്തു വസ്തു ഉപയോഗിച്ചാണ് അസ്ഥികൂടം ഉണ്ടാക്കിയിരിക്കുന്നതെന്ന് മനസ്സിലായില്ല. കോളജിലെ ലാബിൽ വച്ചിരിക്കുന്ന ഈ അസ്ഥികൂടം ഒറിജിനലാണോയെന്ന് ആശങ്കപ്പെട്ട് അണിയറ പ്രവർത്തകർ ആരും അടുക്കാതായി. ഓരോ ദിവസത്തെ ഷൂട്ട് കഴിയുമ്പോഴും അസ്ഥികൂടം സൂക്ഷിക്കുക ബുദ്ധിമുട്ടുള്ള ഏർപ്പാടായി മാറി. കോളജിൽ സൂക്ഷിക്കാൻ അധികൃതർ സമ്മതിച്ചില്ല. സെറ്റിന്റെ ഭാഗങ്ങൾ സൂക്ഷിച്ചുവയ്ക്കുന്ന ലൊക്കേഷനിലെ വാഹനത്തിൽ വയ്ക്കാൻ അതിന്റെ ഡ്രൈവറും സമ്മതിച്ചില്ല. ഒടുവിൽ ഞാൻ കിടക്കുന്ന കട്ടിലിന്റെ അടിയിൽ അസ്ഥികൂടം സൂക്ഷിക്കേണ്ടി വന്നു.’ ജോസഫ് പറയുന്നു.  ഷൂട്ട് കഴിഞ്ഞപ്പോൾ സെറ്റിലെ എല്ലാ വസ്തുക്കൾക്കു മൊപ്പം അസ്ഥികൂടവും നിർമാതാവ് സിയാദ് കോക്കറിന്റെ ചെന്നൈയിലെ ഓഫിസിലേക്കയച്ചു. ഏറെക്കാലം അവിടെ സൂക്ഷിച്ചുവച്ചു. വിഎഫ്എക്സ് സാങ്കേതികവിദ്യ മലയാളത്തിൽ അത്ര വ്യാപകമല്ലാതിരുന്നതിനാലും പണച്ചെലവേറെയുള്ളതിനാലും അന്ന് അണിയറ പ്രവർത്തകരുടെ ചിന്താശേഷിയും കഠിനാധ്വാനവുമാണ് പല ഡിസൈനിനും പിന്നിലുണ്ടായിരുന്നത്. അസ്ഥികൂടത്തിന്റെ വിരലുകൾ ഉരുകിയൊലിക്കുന്ന സീനുണ്ട് ദേവദൂതനിൽ. വിഎഫ്എക്സിൽ ഈ സിയായി ചെയ്യാവുന്ന ഈ സീൻ അന്ന് സൃഷ്ടിച്ചെടുത്തത് ഏറെ ബുദ്ധിമുട്ടിയാണെ്.

ജോസഫ് നെല്ലിക്കലും ജെയിൻ ജോസഫും

തെർമോക്കോൾ കൊണ്ട് വിരൽ ഉണ്ടാക്കുന്നതടക്കമുള്ള ശ്രമങ്ങൾ പാഴായതോടെയാണ് മെഴുകുകൊണ്ട് വിരൽ ഉണ്ടാക്കി ഗ്യാസ് വെൽഡിങ് മെഷീനിൽ  നിന്നുള്ള തീ കൊണ്ട് ഉരുക്കാമെന്ന് തീരുമാനിക്കുകയും അത് വിജയമാകുകയും ചെയ്തത്. കഥ നടക്കുന്ന കോളജിനകത്തുള്ള ചില ഭാഗങ്ങളിൽ മാത്രമേ ഷൂട്ടിങ്ങിന് അനുമതി ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ ഭൂരിഭാഗം

ഷൂട്ടും നടത്താൻ ഇരുനില കോളജ് കെട്ടിടത്തിൻ്റെ സെറ്റിടേണ്ടി വന്നു, അതും രണ്ടാഴ്ചകൊണ്ട്. ലാബും താമസസ്ഥലവുമെല്ലാം സെറ്റിടുകയായിരുന്നു.  ആത്മാവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന സീൻ ഒരുക്കിയത് സ്റ്റൗവിൽ വെള്ളം തിളപ്പിച്ച് അതിൽ നിന്നുയരുന്ന ബാഷ്പം കൊണ്ടാണ്.

സിനിമയുടെ അന്തർധാരയായ സംഗീതം പൊഴിക്കുന്ന സെവൻ ബെൽസ് എന്ന സംഗീത ഉപകരണം ആദ്യം കൊണ്ടുവന്നത് ഉപയോഗിക്കാനായില്ല. മണികളുടെ വലുപ്പം പോരെന്നു പറഞ്ഞ് അത് വേണ്ടെന്നുവച്ചു. പിന്നീട് ചെന്നൈയിൽനിന്നു മറ്റൊന്നു കൊണ്ടുവന്നു. എത്ര ചെലവുവന്നാലും സംവിധായകന്റെ മനസ്സിലുള്ള അതേ ഉപകരണം വേണമെന്നത് നിർമാതാവ് സിയാദ് കോക്കറിന്റെ തീരുമാനമായിരുന്നു. ഏഴ് മണികളുള്ള ഈ സംഗീതോപകരണം യഥാർഥത്തിൽ പ്രവർത്തനക്ഷമമായിരുന്നില്ല, കീ ബോർഡിൽ വിരലമർത്തുമ്പോൾ ബെല്ലുകൾ അടിച്ചിരുന്നത് അവയെ ബന്ധിപ്പിക്കുന്ന ചരടുകൾ വലിച്ചായിരുന്നു. ഉപകരണത്തിന്റെ താഴെയിരുന്ന് ഈ ചരടുവലിച്ചിരുന്നത് താനും സുഹൃത്തുക്കളുമായിരുന്നെന്ന് ജോസഫ് ഓർക്കുന്നു.
98 സിനിമകളോളം ചെയ്തുകഴിഞ്ഞ ജോസഫ് നെല്ലിക്കൽ  മലയാളത്തിലെ തിരക്കുള്ള ആർട് ഡയറക്ടറാണ്. ഭീഷ്മപർവവും ആർഡിഎക്സും അടക്കമുള്ള ചിത്രങ്ങളുടെ കലാ സംവിധായകനാണ് ജോസഫ്.                 

. ആർക്കോ എന്തോ.. 
ആർക്കോ  എന്തോ ആരോടോ പറയാനുണ്ട് എന്നതാണ് സിനിമയുടെ ടാഗ് ലൈൻ. ശരിയാണ്, പ്രണയവും സംഗീതവും എന്നും നെഞ്ചിൽ സൂക്ഷിക്കുന്നവർക്ക് മഞ്ഞുകമ്പിളിക്കടിയിൽ കണ്ണുകളടയുവോളം അനുഭവിക്കാവുന്ന മന്ത്രണമാണ് ദേവദൂതൻ.

English Summary:
Inside the Mystical World of Devadoothan: The Story Behind the Movie’s Skeleton

7rmhshc601rd4u1rlqhkve1umi-list baiju-paul mo-entertainment-movie-mohanlal mo-entertainment-common-malayalammovienews 6tvr6j75bpktqjnies6ihpoj3a f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-siby-malayil


Source link

Related Articles

Back to top button