KERALAMLATEST NEWS

കേരളത്തിന് മൂന്നാം വന്ദേഭാരത്, കൊച്ചി – ബംഗളൂരു സര്‍വീസ് ജൂലായ് 31 മുതല്‍

കൊച്ചി: മാസങ്ങളുടെ അഭ്യൂഹങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ കേരളത്തിന് മൂന്നാം വന്ദേഭാരത് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. എറണാകുളം – ബംഗളൂരു റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ് നടത്തുക. ഈ മാസം 31ന് ആദ്യ സര്‍വീസ് നടക്കും. 12 സര്‍വീസുകളുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ ആയിട്ടാണ് ഓടുക.

എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ബംഗളൂരുവില്‍ എത്തിച്ചേരുന്ന ട്രെയിന്‍ അടുത്ത ദിവസം പുലര്‍ച്ചെ 5.30ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20ന് എറണാകുളത്ത് എത്തും. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കും വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കും സര്‍വീസ് നടത്തും എന്നാണ് റിപ്പോര്‍ട്ട്‌.

ഓണത്തിന് മുമ്പ് കേരളത്തിന് മൂന്നാം വന്ദേഭാരത് സര്‍വീസ് അനുവദിക്കുമെന്ന് നേരത്തെ റെയില്‍വേ വ്യക്തമാക്കിയിരുന്നു. പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത് ബംഗളൂരുവില്‍ ഐടി സെക്ടറില്‍ ജോലി ചെയ്യുന്ന നിരവധി മലയാളികള്‍ക്ക് ഗുണകരമാണ്. എറണാകുളം, തൃശൂര്‍, പാലക്കാട്, പൊത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബംഗളൂരു എന്നിവിടങ്ങളാണ് സ്റ്റോപ്പുകള്‍.

നിലവില്‍ കേരളത്തില്‍ ഓടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളും സൂപ്പര്‍ഹിറ്റാണ്. തിരുവനന്തപുരം – കാസര്‍കോട്, മംഗളൂരു – തിരുവനന്തപുരം റൂട്ടുകളിലാണ് രണ്ട് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. എറണാകുളം – ബംഗളൂരു സര്‍വീസ് പ്രായോഗികമാണെന്ന് റെയില്‍വേ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതേസമയം, സ്‌പെഷ്യല്‍ ട്രെയിന്‍ ആയി സര്‍വീസ് നടത്തിയ ശേഷം മാത്രമേ സ്ഥിരമായി ഓടിക്കണമോയെന്ന് തീരുമാനിക്കുകയുള്ളൂ.


Source link

Related Articles

Back to top button