മയക്കുമരുന്ന് മാഫിയാ തലവൻ എൽ മയോ അറസ്റ്റിൽ
ഹൂസ്റ്റൺ: ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് മാഫിയയായ സിനലോവ കാർട്ടലിന്റെ തലവൻ ഇസ്മായിൽ സന്പാഡ (എൽ മയോ -76) യുഎസിൽ അറസ്റ്റിലായി. യുഎസ് ജയിലിൽ കഴിയുന്ന സിനലോവ കാർട്ടലിന്റെ സഹസ്ഥാപകൻ എൽ ചോപോ എന്ന ജൊവാക്കിം ഗുസ്മാന്റെ മകൻ ജോവാക്കിം ഗുസ്മാൻ ലോപ്പസും എൽ മയോയ്ക്കൊപ്പം അറസ്റ്റിലായി. ഗുസ്മാൻ ലോപ്പസ് യുഎസ് പോലീസുമായി സഹകരിച്ച് എൽ മയോയെ ഒറ്റുകയായിരുന്നുവെന്നാണു സൂചന. അച്ഛൻ അറസ്റ്റിലാവാൻ കാരണം എൽ മയോ ആണെന്ന ലോപ്പസിന്റെ ധാരണയാണ് ഒറ്റാനുള്ള പ്രേരണ. എൽ മയോയെ ഗുസ്മാൻ ലോപ്പസ് സ്വകാര്യ വിമാനത്തിൽ കയറ്റി യുഎസിലെ ടെക്സസ് സംസ്ഥാനത്തുള്ള എൽപാസോയിൽ എത്തിക്കുകയായിരുന്നത്രേ.
മെക്സിക്കോയിൽ പ്രവർത്തിക്കുന്ന സിനലോവ കാർട്ടലാണ് യുഎസിലേക്ക് ഏറ്റവും കൂടുതൽ മയക്കുമരുന്ന് എത്തിക്കുന്നത്. എൽമയോയെ പിടിക്കാൻ സഹായിക്കുന്നവർക്ക് ഒന്നരക്കോടി ഡോളർ പ്രതിഫലം യുഎസ് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
Source link