ഉന്നം പിടിച്ച് ഇന്ത്യ, വനിതാ ടീം ക്വാർട്ടറിൽ
പാരിസ്: ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. പുരുഷ വനിതാ വിഭാഗങ്ങളിൽ ഇന്ത്യൻ ടീം ക്വാർട്ടറിൽ എത്തി.
വെൽഡൺ ഗേൾസ്
വനിതാ വിഭാഗത്തിൽ ഇന്ത്യൻ ടീം ക്വാർട്ടറിൽ എത്തി. ദീപിക കുമാരി,അങ്കിത ഭഗത്, ഭജൻ കൗർ എന്നിവരുൾപ്പെട്ട ടീമാണ് ക്വാർട്ടറിൽ എത്തിയത്. റാങ്കിംഗ്റൗണ്ടിൽ 1983 പോയിന്റ് നേടി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഇന്ത്യ ക്വാർട്ടറിൽ എത്തിയത്. റാങ്കിംഗ് റൗണ്ടിലെ ആദ്യ നാല് സ്ഥാനക്കാർക്ക് നേരിട്ട് ക്വാർട്ടറിലേക്ക് യോഗ്യത ലഭിക്കും.
2046 പോയിന്റ് നേടിയ ദക്ഷിണ കൊറിയയാണ് റാങ്കിംഗ് റൗണ്ടിൽ ഒന്നാമതെത്തിയത്. ചൈന (1996 പോയിന്റ്) രണ്ടാം സ്ഥാനവും, മെക്സിക്കോ (1986) മൂന്നാംസ്ഥാനവും നേടി. ആദ്യ ഒളിമ്പിക്സിനിറങ്ങിയ അങ്കിത ഭഗത്താണ് 666 പോയിന്റുമായി ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചത്. വ്യക്തിഗത വിഭാഗത്തിൽ 11-ാം സ്ഥാനത്ത് എത്താനും അങ്കിതയ്ക്കായി. ഭജൻ 659 ഉം ദീപിക 658 പോയിന്റും നേടി. ഭജനും ദീപികയും യഥാക്രമം 22,23 സ്ഥാനങ്ങളിലാണ്.
സൂപ്പർ ബോയ്‌സ്
പുരുഷ വിഭാഗത്തിൽ റാങ്കിംഗ് റൗണ്ടിൽ മൂന്നാം സ്ഥാനം നേടിയാണ് ഇന്ത്യ ക്വാർട്ടറിലേക്ക് കടന്നത്. തരുൺദീപ് റായ്, ധീരജ് ബൊമ്മദേവര,പ്രവീൺ യാദവ് എന്നിവരുൾപ്പെട്ട ടീം 2013 പോയിന്റ് നേടിയാണ് മൂന്നാം സ്ഥാനത്തെത്തിയത്. 681 പോയിന്റ് നേടിയ 22കാരൻ ധീരജാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. വ്യക്തിഗത വിഭാഗത്തിൽ ധീരജ് നാലാം സ്ഥാനത്താണ്. തരുൺദീപ് 674 പോയിന്റ് നേടി 14-ാം സ്ഥാനത്തും പ്രവീൺ 658 പോയിന്റുമായി 39-ാമതുമാണ്.
Source link