പാരീസ് ഒളിന്പിക്സിന് ഇന്നു തിരിതെളിയും
പാരീസിന്റെ മായാലോകത്തേക്ക് ഭൂഗോളത്തിനു സ്വാഗതം. വിപ്ലവത്തിനും കലയ്ക്കും സാഹിത്യത്തിനും വളക്കൂറേകിയ ഫ്രഞ്ച് മണ്ണിൽ 33-ാം ഒളിന്പിക്സിന് ഇന്നു കൊടിയേറ്റ്. ഇന്ത്യൻ സമയം ഇന്നു രാത്രി 11 മുതൽ ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കും. ഇന്ത്യൻ സമയത്തേക്കാൾ മൂന്നു മണിക്കൂർ 20 മിനിറ്റ് പിന്നിലാണ് പാരീസ്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ രാവിലെ 11 മുതൽ ഒളിന്പിക് മത്സരങ്ങൾ ആരംഭിക്കും. സെയ്ൻ നദിയിലൂടെ ആറ് കിലോമീറ്റർ ബോട്ടിൽ പരേഡായി പതിനായിരത്തിലധികം കായികതാരങ്ങൾ എത്തുന്നു എന്നതാണ് ഉദ്ഘാടനച്ചടങ്ങിന്റെ ഏറ്റവും വലിയ ആകർഷണം. ഒളിന്പിക്സ് ചരിത്രത്തിൽ ഉദ്ഘാടനച്ചടങ്ങ് മുഖ്യവേദിക്കു പുറത്തു നടക്കുന്നത് ചരിത്രത്തിൽ ഇതാദ്യമാണ്. ഫ്രഞ്ച് സംഗീത-കലാ പാരന്പര്യവും ചരിത്രവും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന പരിപാടികളാണ് ഉദ്ഘാടനത്തിൽ ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. 1900, 1924 വർഷങ്ങൾക്കുശേഷം പാരീസ് ആതിഥേയത്വം വഹിക്കുന്ന ഒളിന്പിക്സാണിത്. ഇന്നു മുതൽ ഓഗസ്റ്റ് 11വരെയാണ് 2024 പാരീസ് ഒളിന്പിക്സ്. പാരീസിൽ മാത്രമല്ല, മാഴ്സെ, ലിയോണ്, നീസ്, ലിൽ, ബോർദോ, നേന്റ്, സെന്റ് എറ്റിയെൻ തുടങ്ങിയ നഗരങ്ങളും ഒളിന്പിക്സിനു വേദിയാകും. ആകെ 35 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുക. ►ഇന്ത്യക്കു 117 അംഗങ്ങൾ ◄ പാരീസ് ഒളിന്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 117 അംഗ സംഘമാണ് എത്തിയിരിക്കുന്നത്, റിസർവ് കളിക്കാരുൾപ്പെടെയുള്ള അംഗബലം. ആകെയുള്ള 32 ഇനങ്ങളിലെ 16 എണ്ണത്തിലാണ് ഇന്ത്യ മത്സരിക്കുക. ഇതിൽ അന്പെയ്ത്ത് മത്സരങ്ങൾ ഇന്നലെ ആരംഭിച്ചു. ഇന്ത്യയുടെ പുരുഷ-വനിതാ അന്പെയ്ത്ത് ടീം ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്. പാരീസ് ഒളിന്പിക്സിനു മികച്ച തുടക്കം കുറിച്ച് ഉദ്ഘാടനച്ചടങ്ങിൽ ഇന്നിറങ്ങുന്നു എന്നു ചുരുക്കം. അത്ലറ്റിക്സിലാണ് ഇന്ത്യക്ക് കൂടുതൽ കായികതാരങ്ങളുള്ളത്. 18 പുരുഷന്മാരും 11 വനിതകളുമുൾപ്പെടെ 29 പേർ അത്ലറ്റിക്സിൽ മത്സരിക്കും. ഇതിൽ പുരുഷ ജാവലിൻത്രോയിൽ ടോക്കിയോ ഒളിന്പിക്സ് സ്വർണ ജേതാവായ നീരജ് ചോപ്രയാണ് ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷ.
►ശരത് കമൽ, പി.വി. സിന്ധു◄ ഉദ്ഘാടന ചടങ്ങിലെ പരേഡിൽ ഇന്ത്യൻ ദേശീയ പതാകയേന്തുന്നത് പുരുഷ ടേബിൾ ടെന്നീസ് താരം ശരത് കമലും വനിതാ ബ്ഡമിന്റണ് സൂപ്പർ താരം പി.വി. സിന്ധുവുമാണ്. കഴിഞ്ഞ രണ്ട് ഒളിന്പിക്സിലും (2016 റിയൊ വെള്ളി, 2020 ടോക്കിയോ വെങ്കലം) മെഡൽ നേടിയ താരമാണ് സിന്ധു. ചരിത്രത്തിൽ ഇതുവരെ ഒരു എഡിഷനിലും മെഡൽ നേട്ടം രണ്ടക്കത്തിലെത്തിക്കാൻ ഇന്ത്യക്കു സാധിച്ചിട്ടില്ല. 202 ടോക്കിയോയിൽ ഒരു സ്വർണം, രണ്ട് വെള്ളി, നാലു വെങ്കലം എന്നിങ്ങനെ ഏഴ് മെഡൽ നേടിയതാണ് ഇതുവരെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. പാരീസിൽ മെഡൽ നേട്ടം രണ്ടക്കത്തിൽ എത്തിക്കുക എന്നതാണ് ഇന്ത്യൻ ലക്ഷ്യം. ►206 രാജ്യങ്ങൾ, 32 ഇനങ്ങൾ◄ ലോക കായികമാമാങ്കമെന്ന വിശേഷണം അടിവരയിട്ട് 206 രാജ്യങ്ങളിൽനിന്നുള്ള കായിക താരങ്ങൾ പാരീസ് ഒളിന്പിക്സിൽ പങ്കെടുക്കും. 10,714 കായിക താരങ്ങളാണ് പാരീസിൽ മെഡൽ സ്വപ്നങ്ങളുമായി എത്തിയിരിക്കുന്നത്. 32 ഇനങ്ങളിലായി 329 മത്സരങ്ങൾ പാരീസ് ഒളിന്പിക്സിൽ അരങ്ങേറും. 2020 ടോക്കിയോ ഒളിന്പിക്സിൽ 39 സ്വർണവും 41 വെള്ളിയും 33 വെങ്കലവുമായി ആകെ 113 മെഡലുകളോടെ അമേരിക്ക ചാന്പ്യൻപട്ടം കരസ്ഥമാക്കിയിരുന്നു. ചൈനയെ (38 സ്വർണം, 32 വെള്ളി, 19 വെങ്കലം) രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയായിരുന്നു അമേരിക്കയുടെ നേട്ടം. പാരീസിലും അമേരിക്കയും ചൈനയും തമ്മിലായിരിക്കും പ്രധാനമായും മെഡൽ പോരാട്ടമരങ്ങേറുക. ►ബ്രേക്ക്ഡാൻസ് ◄ യുവജനതയെ ആകർഷിക്കാൻ പാരീസ് ഒളിന്പിക്സിൽ ബ്രേക്ക്ഡാൻസ് മത്സരയിനമാക്കിയെന്നതും ശ്രദ്ധേയം. ഇതാദ്യമായാണ് ബ്രേക്ക്ഡാൻസ് ഒളിന്പിക്സിൽ ഉൾപ്പെടുന്നത്. 2020 ടോക്കിയോ ഒളിന്പിക്സിൽ അരങ്ങേറിയ സ്പോർട്ട് ക്ലൈംബിംഗ്, സ്കേറ്റ്ബോർഡിംഗ്, സർഫിംഗ് ഇനങ്ങൾ പാരീസിലുമുണ്ടെന്നതും ശ്രദ്ധേയം.
Source link