പിരപ്പൻകോട്ട് ജനവാസ മേഖലയിൽ ഭീതിപരത്തി കാട്ടുപോത്ത്, ഒടുവിൽ മയക്കുവെടി വച്ച് പിടികൂടി
തിരുവനന്തപുരം: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടിവച്ച് പിടികൂടി. പിരപ്പൻകോട് ജംഗ്ഷന് സമീപം എംസി റോഡിനോട് ചേർന്ന റബർ തോട്ടത്തിൽ ഇന്ന് രാവിലെയാണ് കാട്ടുപോത്തിനെ നാട്ടുകാർ കണ്ടെത്തിയത്. ഉടൻതന്നെ വനംവകുപ്പിനെയും പൊലീസിനെയും ഇവർ വിവരമറിയിച്ചു.
ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാട്ടുപോത്തിനെ മയക്കുവെടി വച്ചു. വെടികൊണ്ട് വിരണ്ടോടിയ പോത്ത് പിരപ്പൻകോടിന് സമീപത്തുള്ള തെന്നൂർ ദേവീക്ഷേത്രത്തിന് സമീപത്ത് മയങ്ങിവീണു. ഒരുതവണയാണ് പോത്തിനെ വെടിവച്ചത്. പോത്തിനെ വനത്തിൽ വിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അതിനുമുമ്പ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് പരിശോധിച്ച് ഉറപ്പാക്കും. ഇന്നലെ പള്ളിപ്പുറം ടെക്നോസിറ്റി പ്രദേശത്തും കാട്ടുപോത്തിനെ കണ്ടിരുന്നു. ആ പോത്താണ് ഇതെന്ന് അധികൃതർക്ക് സംശയമുണ്ട്.
ചൊവ്വാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമാണ് ടെക്നോസിറ്റി പ്രദേശത്ത് ആളുകൾ കാട്ടുപോത്തിനെ കണ്ടത്. കുട്ടികൾ കളിച്ചുകൊണ്ടിരുന്ന ഗ്രൗണ്ടിന് സമീപത്താണ് കാട്ടുപോത്ത് ആദ്യം എത്തിയത്. ടെക്നോസിറ്റിയോട് ചേർന്നുകിടക്കുന്ന പുരയിടത്തിലും കാടുപിടിച്ച സ്ഥലത്തും മേയുകയായിരുന്ന കാട്ടുപോത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ വീട്ടുകാർ പകർത്തി പഞ്ചായത്ത് അധികൃതർക്കും പൊലീസിനും നൽകിയിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാൽപ്പാടുകൾ പരിശോധിച്ച് കാട്ടുപോത്താണെന്ന് ഉറപ്പിച്ചിരുന്നു.
ആദ്യം കാരമൂട് പ്രദേശത്ത് നിലയുറപ്പിച്ച കാട്ടുപോത്തിനെ പടക്കം പൊട്ടിച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും ടെക്നോസിറ്റി പ്രദേശത്തെ കാട്ടിലേക്ക് മറയുകയായിരുന്നു. തുടർന്ന് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ടെക്നോസിറ്റിക്കടുത്തുള്ള കാട്ടിലാണെന്ന് കണ്ടെത്തി. മയക്കുവെടി വയ്‌ക്കാനുള്ള ശ്രമം നടത്തിയെങ്കിലും കാട്ടുപോത്ത് ഓടിമറഞ്ഞതിനാൽ അതിന് സാധിച്ചിരുന്നില്ല.
Source link