KERALAMLATEST NEWS

നിപയിൽ ആശ്വാസം; എട്ടുപേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ്

കോഴിക്കോട്: നിപയിൽ ആശ്വാസം. എട്ടുപേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി രണ്ട് പേരാണ് അഡ്മിറ്റായത്.

എട്ട് പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.


Source link

Related Articles

Back to top button