നേപ്പാളിൽ വിമാനം തകർന്ന് 18 പേർ മരിച്ചു
കാഠ്മണ്ഡു: നേപ്പാളിൽ വിമാനം തകർന്നുവീണു തീപിടിച്ച് 18 പേർ മരിച്ചു. തലസ്ഥാനമായ കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ ഇന്നലെ രാവിലെ 11.11നായിരുന്നു അപകടം. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. പൈലറ്റിനു ഗുരുതരമായി പരിക്കേറ്റു. സൗര്യ എയർലൈൻസ് കന്പനിയുടെ വിമാനത്തിൽ രണ്ടു ജീവനക്കാരും 15 ടെക്നിക്കൽ സ്റ്റാഫും ഒരു സ്ത്രീയും ഒരു കുട്ടിയുമാണുണ്ടായിരുന്നത്. പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു പോകാനായി ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റൺവേയിൽനിന്ന് വിമാനം തെന്നിമാറി റൺവേയുടെ കിഴക്കുഭാഗത്തേക്കായി താഴ്ചയിലേക്കു തകർന്നു വീണു തീപിടിക്കുകയായിരുന്നു. 15 പേർ അപകടസ്ഥലത്തുതന്നെ മരിച്ചു. മൂന്നു പേർ ചികിത്സയ്ക്കിടെയാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ മനീഷ് രത്ന ശാക്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഒരാൾ നാലു വയസുള്ള കുട്ടിയാണ്. സൗര്യ എയർലൈൻസിന്റെ ടെക്നീഷൻ മനുരാജ് ശർമയുടെ മകനാണ് മരിച്ച അഥിരാജ് ശർമ. മനുരാജിന്റെ ഭാര്യ പ്രിസ ഖാതിവാഡയും മരിച്ചവരിൽ ഉൾപ്പെടുന്നു. പ്രധാനമന്ത്രി കെ.പി. ശർമ ഒലി അപകടസ്ഥലം സന്ദർശിച്ചു. കനേഡിയൻ കന്പനി ബോംബാർഡിയറാണ് വിമാനം നിർമിച്ചത്.
Source link