അര്‍ജന്റീനയ്ക്കു തോൽവി
പാരീസ്: ഫിഫ ലോകകപ്പ്, കോപ്പ അമേരിക്ക കിരീടങ്ങള്‍ക്കൊപ്പം ഒളിമ്പിക് സ്വര്‍ണമെഡല്‍ കൂടി ലക്ഷ്യമിടുന്ന അര്‍ജന്റീനയുടെ പുരുഷ ടീം ഒളിമ്പിക്സിലെ ആദ്യ മത്സരത്തില്‍ തോൽവി. ഗ്രൂപ്പ് ബിയില്‍ മൊറോക്കോയോടാണ് 2-1ന് അര്‍ജന്റീന തോറ്റു. 90+16-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ മെദിനയുടെ ഗോളിൽ അർജന്റീന സമനില നേടിയെന്നു കരുതിയതാണ്. എന്നാൽ നീണ്ട നേരത്തെ വിഎആർ പരിശോധനയ്ക്കൊടുവിൽ മെദിന ഓഫ് സൈഡിലായിരുന്നുവെന്ന് വ്യക്തമായതോടെ ഗോൾ നിഷേധിച്ചു. അര്‍ജന്റീനയെ സീനിയര്‍ ടീമിലെ നിക്കോളസ് ഒട്ടാമെന്‍ഡി നയിച്ചപ്പോള്‍ മൊറോക്കോയുടെ നായകനായി അഷ്റഫ് ഹക്കീമിയുമെത്തി. അര്‍ജന്റൈന്‍ ടീമില്‍ സീനിയര്‍ ടീമിലെ ജൂലിയന്‍ അല്വാരസുമുണ്ടായിരുന്നു. തുടക്കം മുതലേ അര്‍ജന്റീനയുടെ മുന്നേറ്റമായിരുന്നു. എന്നാല്‍ അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് 45+2-ാം മിനിറ്റില്‍ സൂഫിയന്‍ റഹീമി വലകുലുക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ 51-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സൂഫിയന്‍ റഹീമി മൊറോക്കോയുടെ ലീഡ് ഉയര്‍ത്തി. 68-ാം മിനിറ്റില്‍ ഗ്യുലിയാനോ സിമിയോണി ഒരു ഗോള്‍ മടക്കി അര്‍ജന്റീനയ്ക്ക് ആശ്വാസം നല്കി. സമനിലയ്ക്കായി അര്‍ജന്റീന ആക്രമിച്ചുകൊണ്ടേയിരുന്നു. ഇഞ്ചുറി ടൈമിൽ ക്രിസ്റ്റ്യന്‍ മെദിന അര്‍ജന്റീനയുടെ സമനില ഗോള്‍ നേടിയെങ്കിലും ഓഫ് സൈഡായിരുന്നു. മത്സരത്തിനിടെ കാണികൾ കളത്തിലിറങ്ങി മത്സരം തടസപ്പെടുത്തി. പിന്നീട് കാണികളെ ഒഴിപ്പിച്ചശേഷം മത്സരം പുനരാരംഭിച്ചു. ഗ്രൂപ്പ് സിയില്‍ സ്പെയിന് 2-1ന് ഉസ്ബക്കിസ്ഥാനെ തോല്പിച്ചു. സ്പെയിനിനായി മാര്‍ക് പുബിലും സെര്‍ജിയോ ഗോമസും ഗോള്‍ നേടി. ഉസ്ബക്കിസ്ഥാനായി എല്‍ഡോര്‍ ഷോമുറോഡോവു വലകുലുക്കി.
Source link