KERALAMLATEST NEWS

അടുത്തമാസം റേഷൻ വാങ്ങാൻ കടയിലേക്ക് പോകും മുൻപ് ഒരു കാര്യം പ്രത്യേകം അന്വേഷിക്കണം

കോഴിക്കോട്: പ്രതിഷേധിച്ചിട്ടും പരാതി നൽകിയിട്ടും ഫലമില്ല. ഇപ്പോൾ ബഡ്ജറ്റിലും അവഗണന. ജീവിത ദുരിതങ്ങളിൽ വഴി മുട്ടിയ റേഷൻ വ്യാപാരികൾ ഒന്നും നടക്കില്ലെന്നായപ്പോൾ റേഷൻകടകളടച്ചുള്ള സമരത്തിനൊരുങ്ങുകയാണ്. രണ്ടുതവണ സമരം ചെയ്തിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടായിട്ടില്ല. അടുത്തമാസം പകുതിയോടെ കടകൾ പൂർണമായി അടച്ചിട്ട് സമരം ചെയ്യാനാണ് റേഷൻ കോഓർഡിനേഷൻ സമിതിയുടെ നീക്കം. ആറുവർഷമായി റേഷൻ വിതരണ കമ്മീഷൻ പരിഷ്‌കരണം നടപ്പിലാക്കാത്തതും കിറ്റ് കമ്മിഷൻ നൽകാത്തതുമാണ് തിരിച്ചടിയായത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മൂന്നു വർഷത്തിനുള്ളിൽ നിരവധി റേഷൻ വിതരണകേന്ദ്രങ്ങളാണ് പൂട്ടിയത്. എല്ലാ വിതരണക്കാർക്കും ഏകീകരിച്ച കമ്മീഷൻ നൽകണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്നെങ്കിലും നടപടിയില്ല. 2018ൽ ഇപോസ് ആരംഭിച്ചപ്പോഴാണ് കമ്മീഷൻ പുനർനിർണയിച്ചത്. 2018ൽ തന്നെ കമ്മീഷൻ തുക പരിഷ്‌കരിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടും ആറു വർഷമായിട്ടും മാറ്റമില്ല. കൊവിഡ് കാലത്ത് വിതരണം ചെയ്ത സൗജന്യ കിറ്റുകളുടെ കമ്മീഷനായി 40 കോടിയാണ് കിട്ടാനുള്ളത്. സാധാരണ കമ്മീഷനിൽ നിന്ന് വേണം വാടക, ഇലക്ട്രിസിറ്റി ബിൽ ജീവനക്കാരുടെ വേതനം എന്നിവ നൽകേണ്ടത്.

എന്നാൽ റേഷൻ കാർഡിൽ കൂടുതൽ അംഗങ്ങളുള്ളതും കൂടുതൽ കാർഡുകൾ ഉളളതുമായ വിതരണ കേന്ദ്രങ്ങളിൽ മാത്രമേ വ്യാപാരികൾക്ക് കൂടുതൽ കമ്മിഷൻ കിട്ടുകയുള്ളൂ. കാർഡിലെ അംഗങ്ങളുടെ എണ്ണം കുറവുള്ള വ്യാപാരികൾക്ക് ലഭിക്കുന്ന കമ്മീഷനിൽ കാര്യമായ കുറവ് വരുന്നതോടെ വ്യാപാരികൾ പ്രതിസന്ധിയിലാകും. റേഷൻ വേതനം ഏകീകരിച്ച് 30,000 രൂ പയാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

ആവശ്യങ്ങൾ ഇവ

@ റേഷൻ വിതരണ കമ്മീഷൻ കാലോചിതമായി പരിഷ്‌കരിക്കുക.

@കിറ്റ് കമ്മീഷൻ നൽകുക.

@കെ.ടി.പി.ഡി.എസ് ആക്ടിലെ അപാകതകൾ പരിഹരിക്കുക

@നിലവാരം കുറഞ്ഞ ഇ പോസ് മെഷീന്റെ തകരാറുകൾ പരിഹരിക്കുക

@ ക്ഷേമനിധി ആനുകൂല്യം നൽകുക

ജില്ലയിലെ റേഷൻ കടകൾ 900

ഓണത്തിന് മുൻപ് തന്നെ വ്യാപാരികൾ കടകളടച്ച് സമരത്തിലേക്ക് നീങ്ങാനാണ് ആലോചന. ഈ ആഴ്ച സ്റ്റേറ്റ് കമ്മിറ്റി യോഗം ചേർന്ന് തീരുമാനിക്കും.

കെ.പി അഷറഫ്,

ജില്ലാ സെക്രട്ടറി,

ഓൾ കേരള റീടെയ്ൽ റേഷൻ ഡീലേഴ്സ് അസോ.


Source link

Related Articles

Back to top button