മലയാള ശ്രീ
പാരീസ്: ഇന്ത്യൻ പുരുഷ ഹോക്കിയിലെ മലയാളശ്രീയായ പി.ആർ. ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചു. 2024 പാരീസ് ഒളിന്പിക്സിനുശേഷം കളിക്കളം വിടുമെന്ന് ശ്രീജേഷ് വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെയാണ് കൊച്ചി സ്വദേശിയായ ശ്രീജേഷ് തന്റെ വിരമിക്കൽ അറിയിച്ചത്. തന്റെ അവസാന ഡാൻസ് പാരീസിൽ അരങ്ങേറും, തികഞ്ഞ സംതൃപ്തിയോടെയാണ് പടിയിറക്കം – മലയാളിതാരം കുറിച്ചു. ഇക്കാലമത്രയും ഒപ്പംനിന്ന ഹോക്കി ഇന്ത്യക്കും സഹതാരങ്ങൾക്കും നന്ദിയർപ്പിക്കാനും ശ്രീജേഷ് മറന്നില്ല. കുടുംബത്തിന്റെയും സഹതാരങ്ങളുടെയും പരിശീലകരുടെയും സ്നേഹവും പിന്തുണയുമാണ് തന്നെ ഇവിടെവരെ എത്തിച്ചതെന്നും ശ്രീജേഷ് വ്യക്തമാക്കി. ലോക ഹോക്കിയിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ട താരമാണ് ശ്രീജേഷ്. 18 വർഷം നീണ്ട കരിയർ മുപ്പത്താറുകാരനായ പി.ആർ. ശ്രീജേഷ് 18 വർഷം നീണ്ട കരിയറിനാണ് 2024 പാരീസ് ഒളിന്പിക്സോടെ വിരാമമിടുന്നത്. 328 രാജ്യാന്തര മത്സരങ്ങളിൽ ശ്രീജേഷ് ഇന്ത്യൻ ഗോൾവല കാത്തു. മൂന്ന് ഒളിന്പിക്സ്, കോമണ്‍വെൽത്ത് ഗെയിംസ്, ലോകകപ്പ് തുടങ്ങിയ പോരാട്ടവേദികളിലെല്ലാം ദേശീയ ടീമിന്റെ കാവലാളായി. ഇന്ത്യക്കൊപ്പം ശ്രീജേഷ് ഇറങ്ങുന്ന നാലാം ഒളിന്പിക്സിനാണ് ഈ മാസം 26 മുതൽ പാരീസിൽ കൊടിയേറുന്നത്. 2021ൽ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽ രത്ന പുരസ്കാരം ലഭിച്ചു. 2022ൽ ലോകത്തിലെ മികച്ച കായിക താരമായും തെരഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത് ഇന്ത്യൻ താരമാണ് ശ്രീജേഷ്. 2020 ടോക്കിയൊ വെങ്കലം തന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയ മുഹൂർത്തം 2020 ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യൻ ടീമിനൊപ്പം വെങ്കലം നേടിയതാണെന്ന് ശ്രീജേഷ്. ടോക്കിയോയിൽ ഇന്ത്യയുടെ ചരിത്ര വെങ്കലത്തിൽ നിർണായകമായത് ഗോൾവലയ്ക്കു മുന്നിൽ ശ്രീജേഷ് നടത്തിയ മിന്നും പ്രകടനമായിരുന്നു. 2006 സൗത്ത് ഏഷ്യൻ ഗെയിംസിലൂടെയായിരുന്നു ശ്രീജേഷ് രാജ്യാന്തര അരങ്ങേറ്റം നടത്തിയത്. 2014ൽ ഏഷ്യൻ ഗെയിംസ് സ്വർണം, 2018 ഏഷ്യാഡ് വെങ്കലം, 2018 ഏഷ്യൻ ചാന്പ്യൻസ് ട്രോഫി സ്വർണം, 2019 എഫ്ഐഎച്ച് സീരീസ് ഫൈനൽസ് ചാന്പ്യൻഷിപ്പ് തുടങ്ങിയ നേട്ടങ്ങളെല്ലാം ഇന്ത്യക്കൊപ്പം സ്വന്തമാക്കി. 2022 കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യ വെള്ളി നേടിയതിൽ നിർണായ പങ്കുവഹിച്ചതും ശ്രീജേഷായിരുന്നു. പശുവിനെ വിറ്റ് ഹോക്കി കിറ്റ് വാങ്ങി ജി.വി. രാജ സ്പോർട്സ് സ്കൂളിലൂടെ കായികരംഗത്തേക്ക് എത്തിയതും മലയാളി ഒളിന്പ്യൻ ഓർമിച്ചു. അച്ഛൻ പശുവിനെ വിറ്റാണ് തനിക്ക് ആദ്യമായി ഒരു ഹോക്കി കിറ്റ് വാങ്ങിത്തന്നതെന്ന് ശ്രീജേഷ് വെളിപ്പെടുത്തി. അച്ഛന്റെ ആ ത്യാഗം തനിക്കുള്ളിൽ ഒരു അഗ്നിയാണ് പടർത്തിയതെന്നും തന്റെ സ്വപ്നം വലുതാക്കുകയാണ് ചെയ്തതെന്നും ശ്രീജേഷ് കുറിച്ചു. ഓസ്ട്രേലിയയിലേക്കുള്ള കന്നി വിദേശപര്യടനം ആകാംക്ഷയുടെ കൊടുമുടിയിലായിരുന്നു. 2012 ലണ്ടൻ ഒളിന്പിക്സിൽ എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ടത് ആദ്യം അംഗീകരിക്കാൻ സാധിച്ചില്ലെങ്കിലും അത് കരിയറിലെ ടേണിംഗ് പോയിന്റായി മാറിയെന്നും ശ്രീജേഷ് ഓർമിച്ചു. ഏഷ്യൻ ചാന്പ്യൻസ് ട്രോഫിയിലും ഏഷ്യൻ ഗെയിംസിലും പാക്കിസ്ഥാനെ ഷൂട്ടൗട്ടിലൂടെ കീഴടക്കി കിരീടം നേടിയതിന്റെ തുടിക്കുന്ന ഓർമകളും ശ്രീജേഷ് പങ്കുവച്ചു. ശ്രീജേഷ് മെഡൽ 2020 ഒളിന്പിക്സ് വെങ്കലം 2014 ഏഷ്യൻ ഗെയിംസ് സ്വർണം 2022 ഏഷ്യൻ ഗെയിംസ് സ്വർണം 2018 ഏഷ്യൻ ഗെയിംസ് വെങ്കലം 2013 ഏഷ്യ കപ്പ് വെങ്കലം 2016 ചാന്പ്യൻസ് ട്രോഫി വെള്ളി 2018 ചാന്പ്യൻസ് ട്രോഫി വെള്ളി 2014 കോമണ്‍വെൽത്ത് വെള്ളി 2022 കോമണ്‍വെൽത്ത് വെള്ളി
Source link