KERALAMLATEST NEWS

സുപ്രീംകോടതി നിർദ്ദേശം, നീറ്റിന്റെ മാർക്ക് നാളെ ഉച്ചയ്ക്കകം സൈറ്റിലിടണം

 തിങ്കളാഴ്ച നിർണായകം

ന്യൂഡൽഹി: നീറ്റ് യു.ജി എഴുതിയ മുഴുവൻ പേരുടെയും മാർക്ക് ടെസ്റ്റിംഗ് ഏജൻസി നാളെ ഉച്ചയ്‌ക്ക് 12ന് മുൻപ് ഔദ്യോഗിക വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ സുപ്രീംകോടതി നിർദ്ദേശം.

മാർക്ക്, പരീക്ഷാകേന്ദ്രം, പരീക്ഷയെഴുതിയ നഗരം എന്ന് തരംതിരിച്ചാണ് നൽകേണ്ടത്. റോൾ നമ്പർ പുറത്തുവിടാനാകില്ലെങ്കിൽ ഡമ്മി നമ്പർ ഉപയോഗിക്കാം. പരീക്ഷാ കേന്ദ്രം തിരിച്ച് ഫലം പുറത്തുവിടണമെന്ന നിലപാടിനെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തെങ്കിലും കോടതി വഴങ്ങിയില്ല. പുനഃപരീക്ഷ വേണമെന്ന ഹർജികളിലാണ് നടപടി. വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഹർജികളിൽ അന്ന് തീരുമാനമെടുക്കാനാണ് സാദ്ധ്യത.

ചോ‌ർച്ച വ്യാപനം

നോക്കി പുനഃപരീക്ഷ

പുനഃപരീക്ഷയിൽ തീരുമാനമെടുക്കും മുൻപ് ചോദ്യപേപ്പർ‌ ചോർച്ചയുടെ വ്യാപനം,​ ചോർച്ചയുണ്ടായ സെന്ററുകളിൽ വിദ്യാർത്ഥികളുടെ മാർക്കിലുണ്ടായ പ്രതിഫലനം എന്നിവ അറിയാനാണ് കോടതി ശ്രമിക്കുന്നത്. മാർക്ക് പാറ്റേൺ അറിയണമെന്ന നിലപാട് സ്വീകരിച്ച ചീഫ് ജസ്റ്രിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച്,​ ചോർച്ചയും പരീക്ഷാസമയവും തമ്മിൽ മൂന്നു ദിവസത്തെയെങ്കിലും വ്യത്യാസമുണ്ടെങ്കിൽ ഗൗരവമാണെന്നും അറിയിച്ചു. പരീക്ഷാനടത്തിപ്പിന്റെ പവിത്രതയെ സാരമായി ബാധിച്ചെന്ന് ബോദ്ധ്യപ്പെട്ടാൽ പുനഃപരീക്ഷയെന്ന സൂചനയും നൽകി.


Source link

Related Articles

Back to top button