നീലാകാശം, സെയ്ൻ നദി
ചരിത്രത്തിൽ ഇതുവരെ ഒരു ഒളിന്പിക്സിന്റെയും ഉദ്ഘാടനച്ചടങ്ങ് മുഖ്യസ്റ്റേഡിയത്തിനു പുറത്തുവച്ച് അരങ്ങേറിയിട്ടില്ല. ഏറ്റവും ഒടുവിൽ ടോക്കിയോയിലും ഒളിന്പിക് സ്റ്റേഡിയത്തിൽവച്ചായിരുന്നു ഉദ്ഘാടനച്ചടങ്ങ്. ഈ ചരിത്രം പാരീസിൽ വഴിമാറും. പാരീസിന്റെ ജീവനാഡിയായ സെയ്ൻ നദിയിലാണ് 2024 ഒളിന്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങ്. ഏകദേശം 10 കിലോമീറ്റർ വ്യാസത്തിൽ വൃത്താകൃതിയിലാണ് പാരീസ് നഗരം. യൂറോപ്പിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ നഗരമാണിത്. 21 ലക്ഷം ആളുകൾ ഇവിടെ പാർക്കുന്നു. ഉദ്ഘാടനം ഇങ്ങനെ ഒളിന്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ കായികതാരങ്ങൾ സെയ്ൻ നദിയിലൂടെ ബോട്ടിൽ ആറു കിലോമീറ്റർ പരേഡ് നടത്തും. ഈ പരേഡ് പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ഓസ്റ്റർലിറ്റ്സ് പാലത്തിൽനിന്ന് ആരംഭിച്ച് യേന പാലത്തിൽ അവസാനിക്കും. ഇത് ഈഫൽ ടവറിനും ട്രൊക്കദേരോക്കും അടുത്താണ്. പ്രാദേശിക സമയം രാത്രി 7.30നാണ് ഒളിന്പിക്സ് ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കുന്നത്. പാരീസിന്റെ കിഴക്കുഭാഗത്തുള്ള ഓസ്റ്റർലിറ്റ്സ് പാലത്തിൽനിന്നാണ് ചടങ്ങിന്റെ ആരംഭം. 1807ൽ പൂർത്തിയായ ഓസ്റ്റർലിറ്റ്സ് പാലം പാരീസിലെ 12-ാമത്തെയും 13-ാമത്തെയും ജില്ലകളെ ബന്ധിപ്പിക്കുന്നു. ബൊട്ടാണിക്കൽ ഗാർഡൻ, ഓസ്റ്റർലിറ്റ്സ് റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രധാനകേന്ദ്രങ്ങളും ഇവിടെയാണ്. സെയ്നിലൂടെ ആറ് കിലോമീറ്റർ ഒളിന്പിക്സിനെത്തുന്ന പതിനായിരത്തിലധികം കായികതാരങ്ങൾ പ്രകാശനഗരമായ പാരീസിന്റെ ജീവനാഡിയായ സെയ്ൻ നദിയിലൂടെ നൂറോളം ബോട്ടുകളിൽ ഈഫലിനു സമീപത്തേക്കു നീങ്ങും. ബോട്ടുകളിൽ ഉദ്ഘാടനച്ചടങ്ങുമായി അനുബന്ധിച്ചുള്ള കലാപരിപാടികളും പ്രദർശനങ്ങളും അരങ്ങേറും. തോമസ് ജോളിയാണ് ഓപ്പണിംഗ് സെറിമണിയുടെ കലാസംവിധായകൻ. സെയ്ൻ നദിക്കരയിൽ ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാനായി മൂന്നു ലക്ഷത്തിൽ അധികം ആളുകളെത്തുമെന്നാണ് കണക്കുകൂട്ടൽ. ചടങ്ങിന്റെ സംപ്രേഷണം ലോകത്തിന്റെ വിവിധകോണുകളിലുള്ളവർക്ക് കാഴ്ചയുടെ പുതുമനോഹാരിത നൽകുമെന്നതിൽ തർക്കമില്ല. ഈഫൽ ടവർ ഉൾപ്പെടെ പാരീസിന്റെ വൈഭവവും സാംസ്കാരികപൈതൃകവും പ്രതിഫലിപ്പിക്കുന്നതാവും പരേഡിന്റെ മനോഹര പശ്ചാത്തലം. യേന പാലത്തിൽ യാത്ര അവസാനിക്കും. ഈഫൽ ടവറിനെയും ട്രൊക്കദേരോ ഉദ്യാനത്തെയും ബന്ധിപ്പിക്കുന്ന ഈ പാലം പരേഡിന്റെ സമാപനത്തിനും ഗെയിംസിന്റെ തുടക്കത്തിനും വേദിയാകും. ഇവിടെവച്ചാണ് ദീപശിഖ പ്രയാണം അവസാനിച്ച് 2024 പാരീസ് ഒളിന്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുക. അതീവ സുരക്ഷ ഒളിന്പിക്സ് ഉദ്ഘാടനത്തോടനുബന്ധിച്ച് സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന പശ്ചാത്തലത്തിൽ സെയ്ൻ നദിയുടെ ഇരുകരകളിൽനിന്നു ചടങ്ങു കാണാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. പത്തുലക്ഷത്തോളം ആളുകൾക്കു സെയ്ൻ നദിയുടെ ഇരുകരകളിലുമായി അണിനിരന്ന് ഉദ്ഘാടന ചടങ്ങു കാണാനുള്ള സാഹചര്യമുണ്ടെങ്കിലും മൂന്നു ലക്ഷം പേരെ മാത്രമേ പ്രവേശിപ്പിക്കൂ. സെയ്ൻ നദിയോട് ഏറ്റവും അടുത്തുള്ള സീറ്റുകളിൽ ഇരുന്ന് ഉദ്ഘാടന ചടങ്ങിനു സാക്ഷ്യവഹിക്കാൻ 90 യൂറോ മുതൽ 2700 യൂറോ ടിക്കറ്റിനു മുടക്കണം. ഏറ്റവും മുകളിലായി രണ്ടു ലക്ഷത്തോളം ആളുകൾക്കു സൗജന്യമായി കാണാം. പാരീസിനെ അറിയാം പാരീസ് നഗരം 20 ജില്ലകളായി തിരിച്ചിരിക്കുന്നു. 13 കിലോമീറ്റർ ആണ് പാരീസിനുള്ളിൽ സെയ്ൻ നദിയുടെ നീളം. പാരീസിന്റെ ഉള്ളിൽ മാത്രം സെയ്ൻ നദിക്കു കുറുകേ 37 പാലങ്ങളുണ്ട്. ഇരുവശങ്ങളിലുള്ള നദിക്കര കല്ലുവിരിച്ച് മനോഹരമാക്കിയതാണ്. ഈ നദിയുടെ ഇരുകരയിലുമായാണ് പ്രധാന സ്മാരകങ്ങളും കത്തീഡ്രലും കൊട്ടാരങ്ങളും. സെയ്ന്റെ കരകൾ സെയ്ൻ നദി പാരീസിനെ പ്രധാനമായും വലതുകര, ഇടതുകര, സിറ്റെ ദ്വീപ് എന്നിങ്ങനെ മൂന്നായി വിഭജിക്കുന്നു. പരന്പരാഗതമായി വലതുകരയിലാണ് ഭരണവും വാണിജ്യവും ഒക്കെ നടന്നിരുന്നത്. പഴയ ഭരണസിരാകേന്ദ്രമായ ലൂവ്റ് മ്യൂസിയവും ഇപ്പോഴത്തെ പാരീസിന്റെ സിറ്റി ഹാളും, പ്രസിഡന്റിന്റെ എലിസെയ് കൊട്ടാരവും എല്ലാം വലതുകരയിലാണ്. പാരീസിന്റെ നടുവിൽ സ്ഥിതിചെയുന്ന സിറ്റെ ദ്വീപിൽ ആണ് പന്ത്രണ്ടാം നൂറ്റാണ്ടിലെ നോത്ര്ദാം കത്തീഡ്രലും കോടതിയും. പാരീസിന്റെ ആത്മീയ-നീതിന്യായ വ്യവസ്ഥകളുടെ കേന്ദ്രമാണ് ഈ ദ്വീപ്. വിദ്യാഭ്യാസത്തിന്റെയും ബൗദ്ധികജീവിതത്തിന്റെയും പര്യായമാണ് ഇടതുകര. ഇവിടെയാണ് പുരാതനമായ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത്.
Source link