അച്ഛനും 14കാരനായ മകനും ഷോക്കേറ്റ് മരിച്ചു; സംഭവം മലപ്പുറത്ത്
മലപ്പുറം: ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം. പെരിന്തൽമണ്ണയിൽ ഇന്ന് മൂന്നുമണിയോടെയാണ് സംഭവം. പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ്, മകൻ മുഹമ്മദ് അമീൻ എന്നിവരാണ് മരിച്ചത്.
കൃഷിക്കായി വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ പുരയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മോട്ടോറിൽ നിന്ന് അഷ്റഫിനാണ് ആദ്യം ഷോക്കേറ്റതെന്നാണ് വിവരം. ഇതറിയാതെ അവിടെയെത്തിയ 14കാരനായ മകൻ പിതാവിനെ തൊട്ടപ്പോഴാണ് ഷോക്കേറ്റതെന്നാണ് നിഗമനം. രണ്ടുപേരുടെയും മൃതദേഹങ്ങൾ ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുനൽകും.
കണ്ണൂർ മട്ടന്നൂരിൽ കാറപകടത്തിൽ അച്ഛനും മകനും മരണപ്പെട്ടതിന് പിന്നാലെയാണ് മലപ്പുറത്തുനിന്ന് ദുരന്തവാർത്ത എത്തുന്നത്. പരിയാരം സ്വദേശി നവാസ്, മകൻ യാസീൻ എന്നിവരാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി നെല്ലൂന്നി വളവിൽ വച്ചായിരുന്നു അപകടം.
നവാസിന്റെ കുടുംബം സഞ്ചരിച്ച കാർ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിച്ച കാറുകള്‍ രണ്ടും നിയന്ത്രണം വിട്ട് റോഡിന് പുറത്തേക്ക് പോയി. കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിനെയും മകനെയും രക്ഷിക്കാനായില്ല. അപകടത്തിന് ഇടയാക്കിയ കാരണം വ്യക്തമല്ല. ഡ്രൈവർമാരിൽ ആരെങ്കിലും ഉറങ്ങിപ്പോയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പഴശ്ശിയിലെ വിവാഹചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു നവാസും കുടുംബവും.
Source link