KERALAMLATEST NEWS

ഒരു മാസത്തെ ക്ഷേമപെൻഷൻ അനുവദിച്ചു, 900 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷന്റെ ഒരു ഗഡു കൂടി അനുവദിച്ചു. പെൻഷൻ വിതരണം ജൂലായ് 24 മുതൽ തുടങ്ങുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. 900 കോടി രൂപയാണ് പെൻഷൻ വിതരണത്തിനായി അനുവദിച്ചത് . പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും . അതത് മാസം പെൻഷൻ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈവർഷത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ മാർച്ച് മുതൽ അതത് മാസം പെൻഷൻ നൽകി വരുന്നു.

കുടിശിക വരുത്തിയ ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്നത് പരിഗണിച്ചുകൂടേയെന്ന് സർക്കാരിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. പെൻഷൻ മുടങ്ങിയതിനെതിരെ ഇടുക്കി അടിമാലി സ്വദേശി മറിയക്കുട്ടി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ ചോദ്യം. കേന്ദ്രത്തിൽനിന്ന് കിട്ടാനുള്ള വിഹിതവും വിവിധയിനങ്ങളിലുള്ള സെസും കിട്ടിയിട്ടും കുടിശികപെൻഷൻ വിതരണം ചെയ്യുന്നില്ലെന്ന് മറിയക്കുട്ടിയുടെ അഭിഭാഷക ബോധിപ്പിച്ചു.

ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹർജി 30ന് വീണ്ടും പരിഗണിക്കും. ക്ഷേമപെൻഷൻ കിട്ടാത്തതിനാൽ മരുന്ന് വാങ്ങാൻ പോലും കഴിയുന്നില്ലെന്ന് ഹർജിയിൽ പറയുന്നു. ക്ഷേമ പെൻഷൻ നിയമപരമായ അവകാശമല്ലെന്നും അതൊരു സഹായം മാത്രമാണെന്നുമാണ് സർക്കാർ വാദം.


Source link

Related Articles

Back to top button