കൂറുമാറിയ ഉത്തരകൊറിയക്കാരൻ ദക്ഷിണകൊറിയയിൽ മന്ത്രിയായി
സീയൂൾ: ഉത്തരകൊറിയയിൽനിന്നു കൂറുമാറിയ നയതന്ത്രജ്ഞൻ തായി യോംഗ് ഹോയ്ക്ക് ദക്ഷിണകൊറിയയിൽ മന്ത്രിപദവി. കൊറിയകളുടെ ഏകീകരണവിഷയത്തിൽ പ്രസിഡന്റ് യൂൺ സുക് ഇയോളിന് ഉപദേശം നല്കുന്ന സമിതിയുടെ നേതാവായിട്ടാണ് നിയമനം. സഹമന്ത്രിക്കു തുല്യമാണ് പദവി. അറുപത്തിരണ്ടുകാരനായ തായി യോംഗ് 2016ൽ ബ്രിട്ടനിൽ ഉത്തരകൊറിയയുടെ ഡെപ്യൂട്ടി അംബാസഡറായിരിക്കേ ദക്ഷിണകൊറിയയിലേക്കു കടക്കുകയായിരുന്നു. മക്കൾക്കെങ്കിലും നല്ല ജീവിതം കിട്ടണമെന്നു വിചാരിച്ചാണ് കൂറുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. 2020ൽ ദക്ഷിണകൊറിയൻ പാർലമെന്റിൽ മത്സരിച്ചുജയിക്കുന്ന ആദ്യ ഉത്തരകൊറിയക്കാരനെന്ന ബഹുമതി നേടിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഏകീകരണ വകുപ്പ് കൈകാര്യം ചെയ്യാൻ ഏറ്റവും യോഗ്യതയുള്ള ആളെന്നു പറഞ്ഞാണ് അദ്ദേഹത്തിനു മന്ത്രിപദവി നല്കിയിരിക്കുന്നത്. ക്യൂബയിൽ ജോലി ചെയ്തിരുന്ന റി ഇൽ ക്യു എന്ന ഉത്തരകൊറിയൻ നയതന്ത്രജ്ഞൻ അടുത്തിടെ ദക്ഷിണകൊറിയയിലേക്കു കൂറുമായിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ വരെ 34,000 ഉത്തരകൊറിയക്കാർ ദക്ഷിണകൊറിയയിലേക്കു കടന്നിട്ടുണ്ട്.
Source link