ഒളിന്പിക്സിലെ അഭയാർഥി ടീം
അജിത് ജി. നായർ ഒളിന്പിക്സ് മെഡൽ എന്നത് ഏതൊരു രാജ്യത്തിന്റെയും കായിക അഭിമാനമാണ്. അതിനാൽ മികച്ച പരിശീലനം നൽകിയാവും ഒട്ടുമിക്ക രാജ്യങ്ങളും താരങ്ങളെ ഒളിന്പിക്സിനയയ്ക്കുക. എന്നാൽ, മതിയായ പരിശീലന സൗകര്യങ്ങളോ പറയാൻ സ്വന്തം രാജ്യത്തിന്റെ പേരോ ഇല്ലാതെയാണ് അഭയാർഥികളായ കായികതാരങ്ങൾ ഒളിന്പിക്സിനെത്തുന്നത്. സ്വന്തം പൗരനു നൽകുന്ന പരിശീലന സൗകര്യങ്ങൾ ഒരു രാജ്യം ഒരിക്കലും ഒരു അഭയാർഥിക്കു നൽകില്ലെന്നതുകൊണ്ടുതന്നെ അഭയാർഥി താരങ്ങൾക്ക് ഒളിന്പിക്സിൽ ഇതുവരെ കാര്യമായ തോതിൽ മെഡലുകൾ നേടാനായിട്ടില്ല. 37 പേരാണ് അഭയാർഥി താരങ്ങളാണ് പാരീസ് ഒളിന്പിക്സിന് എത്തുന്നത്. 15 രാജ്യങ്ങളിൽനിന്നുള്ള ഇവർ 12 ഇനങ്ങളിൽ പാരീസിൽ മത്സരിക്കും. ബീയ പട്ടണമാണ് പ്രൗഢമായ പാരന്പര്യമുണ്ടായിട്ടും യുദ്ധക്കെടുതിയാൽ രാജ്യം വിട്ടോടേണ്ടി വന്ന അഭയാർഥി കായികതാരങ്ങൾക്ക് ആതിഥ്യമരുളിയിരിക്കുന്നത്. ഇവിടെ ഇവർക്ക് മികച്ച പരിശീലന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ടീമുകളായി തിരിഞ്ഞ് മത്സരിക്കുന്ന കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്ന സംഘം പ്രസിദ്ധമായ ആരോമാഞ്ചെ ലേ ബെയ്ൻ ബീച്ചിൽക്കൂടി സൈക്കിൾ സവാരിയും നടത്തി. പ്രശസ്തമായ കത്തീഡ്രലിനു മുന്പിൽ സ്ഥിതി ചെയ്യുന്ന നഗര ചത്വരത്തിൽ വച്ച് ബീയയുടെ മേയറാണ് അതിഥികളെ വരവേറ്റത്. പാരീസ് ഒളിന്പിക്സിന് തിരിതെളിയാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ അഭയാർഥി സംഘത്തിന് ആതിഥ്യമരുളാനായതിൽ തങ്ങൾക്ക് ചാരുതാർഥ്യം ഉണ്ടെന്നായിരുന്നു ബീയ മേയറും ബീയ ഇന്റർകോമിന്റെ പ്രസിഡന്റും നോർമാണ്ടി പ്രവിശ്യയുടെ വൈസ് പ്രസിഡന്റുമായ പാട്രിക് ഗോമണ്ട് പറഞ്ഞത്. സ്വന്തം രാജ്യത്തിന്റെ കൊടിക്കീഴിൽ മത്സരിക്കാൻ ഭാഗ്യമില്ലാത്ത ഇവർ ആദ്യമായി തമ്മിൽ കാണുന്നത് ബീയയിൽ വച്ചാണെന്നും ഗോമണ്ട് കൂട്ടിച്ചേർത്തു. തങ്ങളാൽ കഴിയുന്ന മികച്ച സൗകര്യങ്ങൾ ബീയയിൽ ഒരുക്കിയിട്ടുണ്ടെന്നും സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സന്ദേശം വീശുന്ന ബീയ അവർക്ക് മെഡലുകൾ നേടാൻ വേണ്ടി എല്ലാ പിന്തുണയും നൽകുമെന്നും ഗോമണ്ട് വ്യക്തമാക്കി. അഭയാർഥി കായികസംഘം ഭാഗമാവുന്ന തുടർച്ചയായ മൂന്നാമത്തെ ഒളിന്പിക്സാണിത്. ഏറ്റവുമധികം അഭയാർഥി താരങ്ങൾ പങ്കെടുക്കുന്ന ഒളിന്പിക്സും ഇതു തന്നെയാണ്. റെഫ്യൂജി ഒളിന്പിക് ടീമിന്റെയും റെഫ്യൂജി അത്ലറ്റ് സപ്പോർട്ട് പ്രോഗ്രാമിന്റെയുമെല്ലാം കാര്യങ്ങൾ നോക്കുന്നത് ഒളിന്പിക് റെഫ്യൂജി ഫൗണ്ടേഷനാണ് (ഒആർഎഫ്). ഉയർന്ന തലത്തിലുള്ള പ്രകടനം നടത്തുന്നവരെയും യോഗ്യതാ മാർക്ക് മറികടന്നവരെയും മാത്രമാണ് അഭയാർഥി കായികസംഘത്തിലേക്ക് തെരഞ്ഞെടുക്കുന്നത്.
Source link