മലയാറ്റൂർ ജീവിതവേരുകൾ അന്വേഷിച്ച എഴുത്തുകാരൻ: കെ. ജയകുമാർ
തിരുവനന്തപുരം: അനുഭവത്തിലൂടെ ജീവിതവേരുകൾ അന്വേഷിച്ച എഴുത്തുകാരനായിരുന്നു മലയാറ്റൂർ രാമകൃഷ്ണനെന്ന് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ പറഞ്ഞു. ശബരിഗിരി എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള മലയാറ്റൂർ ട്രസ്റ്റിന്റെ പതിനേഴാമത് മലയാറ്റൂർ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിഗിരി ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാഹിത്യകാരി സാറാ ജോസഫിന് കെ. ജയകുമാർ മലയാറ്റൂർ പുരസ്‌കാരം നൽകി. ‘എസ്തേർ” എന്ന നോവലിനാണ് 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ലഭിച്ചത്. നവാഗത എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസ് രജനി സുരേഷിന് കൈമാറി. 10,000 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം വള്ളുവനാടൻ വിഷുക്കുടുക്ക എന്ന ഓർമ്മക്കുറിപ്പുകളടങ്ങിയ സമാഹാരത്തിനാണ്. മലയാറ്റൂർ ട്രസ്റ്റ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോർജ് ഓണക്കൂർ മലയാറ്റൂർ അനുസ്മരണം നടത്തി. മലയാറ്റൂർ ട്രസ്റ്റ് സെക്രട്ടറി അനീഷ് കെ. അയിലറ, മാത്ര രവി തുടങ്ങിയവർ പങ്കെടുത്തു.
Source link