ഗുരുദേവ ദർശന പ്രചാരണം: സ്വാമി ധർമ്മതീർത്ഥരുടെ സംഭാവന നിസ്തുലം
ശിവഗിരി: ശ്രീനാരായണഗുരുദേവ ദർശന പ്രചാരണരംഗത്ത് നിസ്തുലമായ സംഭാവനകൾ സമർപ്പിച്ച ശിഷ്യ പ്രമുഖനായിരുന്നു സ്വാമി ധർമ്മതീർത്ഥരെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. സ്വാമിധർമ്മതീർത്ഥരുടെ നാല്പത്തിയൊമ്പതാം സമാധി ദിനാചരണത്തോടനുബന്ധിച്ചു നടന്ന യോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഭരണഘടന തയ്യാറാക്കുന്നതിൽ ഡോ. അംബേദ്ക്കറെ ഗുരുദേവ ദർശനം സ്വാധീനിക്കാൻ ഇടയായത് സ്വാമിയും അംബേദ്ക്കറുമായുള്ള അടുപ്പം മൂലമായിരുന്നു. ശ്രീനാരായണധർമ്മസംഘത്തിന്റെ രൂപീകരണത്തിന് അഭിഭാഷകൻ കൂടിയായിരുന്ന സ്വാമി ധർമ്മതീർത്ഥർ വലിയ പങ്കുവഹിച്ചു. ചെമ്പഴന്തി വയൽവാരം ഉൾപ്പെടെയുള്ള പ്രദേശം ശിവഗിരിമഠത്തിനു ലഭ്യമാകുന്നതിലും സ്വാമിയുടെ പങ്കുവലുതായിരുന്നുവെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരിമഠം പി.ആർ.ഒ ഇ. എം. സോമനാഥൻ, വെട്ടൂർ ശശി, എസ്. സുരേഷ്, ആർ. ധർമ്മരാജൻ എന്നിവർ സംസാരിച്ചു.
രാവിലെ പാളയം സി.എസ്.ഐ പള്ളിയിലെ സ്വാമിയുടെ സമാധി സ്ഥാനത്ത് ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥന നടത്തി. സ്വാമി സച്ചിദാനന്ദ, ഗുരുധർമ്മ പ്രചാരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, വിശ്വസംസ്കാര ഭവൻ സെക്രട്ടറി സ്വാമി ശങ്കരാനന്ദ, സ്വാമി ശിവനാരായണ തീർത്ഥ, സ്വാമി ദേശികാനന്ദയതി ഗുരുധർമ്മ പ്രചാരണസഭാ കേന്ദ്ര സമിതിയംഗങ്ങളായ ജി. രാജേന്ദ്രൻ, കെ.എസ്. ജയധരൻ, ജില്ല സെക്രട്ടറി എ.ആർ. വിജയകുമാർ, ജോ.സെക്രട്ടറി വെട്ടുകാട് അശോകൻ, കെ.എസ്. ശിവരാജൻ, കേന്ദ്ര കോ-ഓർഡിനേറ്റർ അശോകൻ ശാന്തി തുടങ്ങിയവരും പങ്കെടുത്തു.
ഗുരുദേവ ജയന്തി:
ശിവഗിരിയിൽ
ഒരു ലക്ഷം ദീപം
ശിവഗിരി : 170 -ാമത് ഗുരുദേവ ജയന്തി ദിനമായ ആഗസ്റ്റ് 20 ന് ശിവഗിരിയിൽ ഒരു ലക്ഷം ദീപം തെളിക്കുമെന്ന് ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അറിയിച്ചു.
ശാരദാമഠം, വൈദികമഠം, പർണ്ണശാല, റിക്ഷാമണ്ഡപം, ബോധാനന്ദ സ്വാമി സമാധിപീഠം, മഹാസമാധിയിലേക്കുള്ള പടികൾക്കിരുവശവും, മഹാസമാധി സന്നിധിയുടെ ചുറ്റിലും, ശിവഗിരിയിലെ മറ്റു വീഥികളുടെ വശങ്ങളിലും പരിസര പ്രദേശങ്ങളിലുമൊക്കെ ദീപം തെളിക്കും. ഗുരുദേവറിക്ഷ മഹാസമാധിയിൽ നിന്നും എഴുന്നളളിക്കുന്ന വേളയിൽ എവിടെയും ദീപം തെളിഞ്ഞിരിക്കും. വിശ്വാസികൾക്ക് വഴിപാടായും ദീപം തെളിക്കാം. ഗുരുദേവ റിക്ഷ എഴുന്നളളിച്ചു ഘോഷയാത്ര കടന്നു പോകുന്ന വീഥികളാകെ വൈദ്യുതി ദീപാലങ്കാരം ഉണ്ടാകുമെങ്കിലും വ്യക്തികൾക്കും കുടുംബാംഗങ്ങൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കും റിക്ഷയെ വരവേറ്റുകൊണ്ടു ദീപം തെളിക്കാനാവും. ഇതിനായി പ്രത്യേക പ്രാദേശിക കമ്മിറ്റികൾ രൂപീകരിക്കാം.
ജയന്തി ആഘോഷ വിജയത്തിന് ഓരോ പ്രദേശത്തുമുളള സംഘടനകൾക്ക് നേതൃപരമായ പങ്കു വഹിക്കാവുന്നതാണെന്നും സ്വാമി അറിയിച്ചു.
കലാപ്രകടനങ്ങൾ
കാഴ്ച വയ്ക്കാം
ജയന്തി ഘോഷയാത്രയിൽ അണിചേർന്ന് വിവിധ കലാപ്രകടനങ്ങൾ കാഴ്ച വയ്ക്കാൻ അവസരമുണ്ടാകും. വർക്കല, കല്ലമ്പലം, ആറ്റിങ്ങൽ, ചിറയിൻകീഴ്, പാരിപ്പള്ളി, പരവൂർ തുടങ്ങിയ പ്രദേശങ്ങളിലുള്ള കലാസാംസ്കാരിക പ്രസ്ഥാനങ്ങൾക്കും കുടുംബശ്രീ സംഘടനകൾക്കും മുൻഗണന. ഇവർക്ക് ശിവഗിരി തീർത്ഥാടന,നവരാത്രി വേദികളിലും പ്രത്യേക പരിഗണനയുണ്ടായിരിക്കും. വിവരങ്ങൾക്ക് ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, മഠം പി.ആർ.ഒ ഇ.എം. സോമനാഥൻ എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 7012721492 (ഓഫീസ്), 9447551499.
സ്കോളർഷിപ്പിന് 120കോടി അനുവദിച്ചു
തിരുവനന്തപുരം: പട്ടികജാതി,വർഗ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് തുക കുടിശിക സഹിതം വിതരണം ചെയ്യുന്നതിന് 120 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതോടെ ഇ-ഗ്രാന്റ്സ് പോർട്ടലിൽ കുടിശികയുള്ള മുഴുവൻ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് തുകയും വിതരണം ചെയ്യാനാകും.
Source link