സഞ്ജു ട്വന്റി-20 ടീമിൽ, രോഹിത്തും കോഹ്ലിയും ഏകദിന സംഘത്തിൽ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കയ്ക്കെതിരേയുള്ള ട്വന്റി-20, ഏകദിന ടീമുകളെ പ്രഖ്യാപിച്ചു. ട്വന്റി-20 ടീമിനെ സൂര്യകുമാർ യാദവ് നയിക്കും. ഏകദിനത്തിൽ രോഹിത് ശർമയാണ് ക്യാപ്റ്റൻ. വിരാട് കോഹ്ലിയും ഏകദിനത്തിലുണ്ട്. ട്വന്റി-20 ടീമിൽ സഞ്ജു സാംസൺ ഇടംപിടിച്ചപ്പോൾ ഏകദിന ടീമിൽ ഉൾപ്പെടുത്തിയില്ല. ശുഭ്മാൻ ഗില്ലിനെ രണ്ടു ഫോർമാറ്റിലെയും വൈസ് ക്യാപ്റ്റനായി നിയമിച്ചു. വിക്കറ്റ്കീപ്പർ ഋഷഭ് പന്തിനെ രണ്ടു ടീമിലും ഉൾപ്പെടുത്തി. ഇന്ത്യയുടെ കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന പരന്പരയിലെ ഏക സെഞ്ചുറി സഞ്ജുവിന്റേതായിരുന്നു. പകരം ശിവം ദുബെയും പുതുമുഖം റിയാൻ പരാഗുമെത്തി. ഹർഷിത് റാണയാണ് ഏകദിന ടീമിലെ മറ്റൊരു പുതുമുഖം. ബിസിസിഐ വിശ്രമം അനുവദിച്ച രോഹിത്തും കോഹ്ലി ഏകദിനത്തിൽ കളിക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. ജസ്പ്രീത് ബുംറയ്ക്കു രണ്ടു ടീമിൽനിന്നും വിശ്രമം നൽകിയിരിക്കുകയാണ്. ശ്രേയസ് അയ്യരെയും വിക്കറ്റ്കീപ്പർ കെ.എൽ. രാഹുലിനെയും ഏകദിന ടീമിലേക്കു തിരിച്ചുവിളിച്ചപ്പോൾ ഇഷാൻ കിഷനെ വിളിച്ചിട്ടില്ല. പര്യടനത്തിൽ മൂന്നു ട്വന്റി-20യും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. 27ന് പാലെകെലയിൽ നടക്കുന്ന ആദ്യ ട്വന്റി-20യോടെ ഇന്ത്യയുടെ പര്യടനത്തിനു തുടക്കമാകും. 28, 30 തീയതികളിൽ അടുത്ത മത്സരങ്ങൾക്കും ഇവിടം വേദിയാകും. ഓഗസ്റ്റ് രണ്ട്, നാല്, ഏഴ് തീയതികളിൽ നടക്കുന്ന ഏകദിനങ്ങൾക്ക് കൊളംബോ വേദിയാകും. ട്വന്റി-20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭമാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, റിങ്കു സിംഗ്, റിയാൻ പരാഗ്, ഋഷഭ് പന്ത്, സഞ്ജു സാംസണ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടണ്‍ സുന്ദർ, രവി ബിഷ്ണോയി, അർഷ്ദീപ് സിംഗ്, ഖലീൽ അഹമ്മദ്, മുഹമ്മദ് സിറാജ്. ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്ലി, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദർ, അർഷ്ദീപ് സിംഗ്, റിയാൻ പരാഗ്, അക്സർ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ.
Source link