KERALAMLATEST NEWS

തൊഴിൽ രംഗത്ത് ആഗോള അവസരങ്ങൾ നൽകുന്ന ലോജിസ്റ്റിക്സ് കോഴ്സുകൾ

ലോജിസ്റ്റിക് കോഴ്സുകൾക്ക് രാജ്യത്തിനകത്തും വിദേശത്തും സാദ്ധ്യതയേറെയാണ്. ഉത്പന്നങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിലെ ആവശ്യക്കാരിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഉൾപ്പെടുന്ന പ്രക്രിയയാണ് ലോജിസ്റ്റിക്സ്. ലോകത്തെമ്പാടുമുള്ള ഷിപ്പിംഗ്, എയർലൈൻ, റോഡ് ഗതാഗതം, ഫ്രൈറ്റ് ഫോർവേഡിംഗ്, കയറ്റുമതി, ഇറക്കുമതി, സെയിൽസ്, മാർക്കറ്റിംഗ്, ഓഫീസ് നിർവ്വഹണം, കസ്റ്റമർ സർവീസ്, ഡോക്യൂമെന്റഷൻ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ലോജിസ്റ്റിക്സ്. വ്യാപാര വിനിമയ രംഗത്ത് ആഗോളതലത്തിൽ പ്രവർത്തിക്കാൻ രാജ്യത്ത് പ്രതിവർഷം ഒരുലക്ഷത്തോളം ലോജിസ്റ്റിക്സ് വിദഗ്ദ്ധരുടെ ആവശ്യമുണ്ട്. ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കോഴ്സുകൾക്കാണ് സാദ്ധ്യതയേറെയും. രാജ്യത്തെ ലോജിസ്റ്റിക് കമ്പനികൾക്ക് ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സിൽ മികച്ച തൊഴിൽ നൈപുണ്യമുള്ളവരെ ആവശ്യമുണ്ട്.

നിരവധി സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകൾ ലോജിസ്റ്റിക്സ് മേഖലയിലുണ്ട്. പ്ലസ്ടു പൂർത്തിയാക്കിയവർക്ക് ബി.ബി.എ /ബി.കോം ലോജിസ്റ്റിക്സ് & സപ്ലൈചെയിൻ മാനേജ്മെന്റ് കോഴ്സിന് ചേരാം. ഇതിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്.ബിരുദധാരികൾക്ക് എം.ബി.എ /പി.ജി ഡിപ്ലോമ ഇൻ ലോജിസ്റ്റിക് & സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിന് ചേരാം. നിരവധി ഹ്രസ്വകാല സ്പെഷ്യലൈസേഷൻ കോഴ്സുകളുമുണ്ട്.

മാരിടൈം നിയമം, ഫിഷറീസ് & ഓഷ്യാനോഗ്രാഫിക് സ്റ്റഡീസ്, നോട്ടിക്കൽ സ്റ്റഡീസ്, കാലാവസ്ഥാവ്യതിയാനം, പോർട്ട് മാനേജ്‌മെന്റ്, പോർട്ട് ഓപ്പറേഷൻസ്, മാരിടൈം സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ബി.ബി.എ, എം.ബി.എ പ്രോഗ്രാമുകൾ തുടങ്ങി 10, 12 ക്ലാസ് പഠനം പൂർത്തിയാക്കിയവർക്കും, ബിരുദധാരികൾക്കുമായി നിരവധി തൊഴിലധിഷ്ഠിത കോഴ്സുകളുണ്ട്‌. നിരവധി ഓൺലൈൻ കോഴ്സുകളുമുണ്ട്.

International Ocean Freight Logistics Professional ഒരു മാസത്തെ മികച്ച സർട്ടിഫിക്കേഷൻ പ്രോഗ്രാമാണ്. ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിൽ മികച്ച ലോജിസ്റ്റിക് പ്രോഗ്രാമുണ്ട്. കൊച്ചിയിലെ ഫിഷറീസ് സർവകലാശാല, സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിൽ ലോജിസ്റ്റിക് മാനേജ്‌മെന്റ് കോഴ്സുകളുണ്ട്. കാക്കനാട് ഇൻഫോപാർക്കിലുള്ള എസ്.സി.എം ഹബ്ബിലും മികച്ച ക്യാമ്പസ് പ്ലേസ്‌മെന്റുണ്ട്. അമേരിക്ക, യു.കെ, കാനഡ, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ലോജിസ്റ്റിക് മാനേജ്മെന്റ് പൂർത്തിയാക്കിയവർക്ക് മികച്ച അവസരങ്ങളുണ്ട്. ഉപരിപഠന സാദ്ധ്യതകളേറെയുള്ള മേഖല കൂടിയാണിത്. അംഗീകാരമുള്ള ലോജിസ്റ്റിക് സ്കൂളുകളിൽ മാത്രമേ ചേരാവൂ. പ്ലേസ്മെന്റ്, യോഗ്യരായ അദ്ധ്യാപകർ, ഭൗതിക സൗകര്യം, വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവ പ്രത്യേകം വിലയിരുത്തണം.

വിഴിഞ്ഞം തുറമുഖം പ്രവർത്തനമാരംഭിക്കുന്നതോടെ കേരളം ആഗോള ഷിപ്പിംഗ് ഭൂപടത്തിൽ മികച്ച സ്ഥാനം കൈവരിക്കും. രാജ്യത്തെ ഏറ്റവും വലിയ ട്രാൻഷിപ്‌മെന്റ് കണ്ടെയ്‌നർ ടെർമിനലാകും വിഴിഞ്ഞം പോർട്ട്. അന്താരാഷ്ട്ര കപ്പൽ ഗതാഗത റൂട്ടിൽ ഇന്ത്യൻ കടലോരത്ത് മദ്ധ്യഭാഗത്തു വരുന്ന പോർട്ട് ആഗോള റൂട്ടുമായി ഏറ്റവും അടുത്താണ് സ്ഥിതിചെയ്യുന്നത്. സാങ്കേതികവിദ്യ, യന്ത്രവത്കരണം എന്നിവയിൽ വിഴിഞ്ഞം പോർട്ടിന് ഏറെ പ്രത്യേകതകളുണ്ട്.

വിഴിഞ്ഞംതുറമുഖം പ്രവർത്തനമാരംഭിക്കുന്നതോടെ വരുന്ന അഞ്ച് വർഷക്കാലയളവിൽ പ്രത്യക്ഷമായും പരോക്ഷമായും അഞ്ചു ലക്ഷം തൊഴിലവസരങ്ങളാണ് ഇവിടെ വരാനിരിക്കുന്നത്.

ലോകത്ത്‌ കടൽവഴിയുള്ള ഗതാഗതത്തിനും, ചരക്കു നീക്കത്തിനും 75 ശതമാനത്തോളം അധിക സാദ്ധ്യതകളുണ്ട്. ഇതിലൂടെ നിരവധി ടെക്‌നിഷ്യൻ, സൂപ്പർവൈസറി, മാനേജീരിയൽതല തൊഴിലുകൾ രൂപപ്പെട്ടുവരുന്നു. മാരിടൈം മേഖലയിൽ സാങ്കേതികവിദ്യ, മാനേജ്മെന്റ്, സ്കിൽ വികസനം എന്നിവ കൈവരിച്ചവർ ആവശ്യകതയുടെ ഒരുശതമാനത്തിൽ താഴെ മാത്രമാണ്. ഐ.ടി.ഐ, ഡിപ്ലോമ, എൻജിനിയറിംഗ് പൂർത്തിയാക്കിയവർക്ക് സാങ്കേതിക മേഖലയിൽ യഥേഷ്ടം അവസരങ്ങൾ ലഭിക്കും. ലോജിസ്റ്റിക് മാനേജ്‌മെന്റ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, മാരിടൈം എൻജിനിയറിംഗ്, ഷിപ് ബിൽഡിംഗ്, നേവൽ ആർക്കിടെക്ചർ, മെക്കാനിക്കൽ എൻജിനിയറിംഗ്, ഐ.ടി, കംപ്യൂട്ടർസയൻസ് പൂർത്തിയാക്കിയവർക്ക് വിഴിഞ്ഞം പോർട്ടിലും ആഗോളതലത്തിലും വിദേശ, ഇന്ത്യൻ ഷിപ്പിംഗ് കമ്പനികളിൽ അവസരങ്ങൾ ലഭിക്കും.

അക്കൗണ്ടിംഗ് മാനേജ്മെന്റ്, ബിസിനസ് ഇക്കണോമിക്സ്, ഡാറ്റാ മാനേജ്‌മെന്റ്, അനലിറ്റിക്‌സ്, ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വ്യാപാര വിനിമയ കോഴ്‌ സുകൾ, ഫിഷറീസ് ടെക്നോളജി, സംസ്കരണം വിപണനം, ഗുണനിലവാരം ഉറപ്പുവരുത്തൽ, കയറ്റുമതി എന്നിവയിൽ മികച്ച അവസരങ്ങൾ ലഭിക്കും.

പഠനത്തിനുശേഷം ഇ കോമേഴ്‌സ് വ്യവസായ മേഖലകൾ, ഷിപ്പിംഗ്, എയർലൈൻ ട്രേഡിംഗ് കമ്പനികൾ, ഡിഫൻസ് ട്രേഡിംഗ് കമ്പനികൾ, റെയിൽവേ, കൺസ്ട്രക്ഷ‌ൻ കമ്പനികൾ, ഫാക്ടറി നിർമ്മാണ കമ്പനികൾ, കയറ്റുമതി-ഇറക്കുമതി കമ്പനികൾ, വെയർ ഹൗസിംഗ്, ഫ്രൈറ്റ് ഫോർവേഡിംഗ് കമ്പനികൾ മുതലായവയിൽ തൊഴിൽ ലഭിക്കും. സംരംഭകരായി ട്രേഡിംഗ് കമ്പനികൾ തുടങ്ങാൻ അവസരങ്ങളുമുണ്ട്.


Source link

Related Articles

Back to top button