മുംബയ് ബി.എം.ഡബ്ല്യു അപകടം, പ്രതി മിഹിർ ഷാ 16 വരെ പൊലീസ് കസ്റ്റഡിയിൽ
മുംബയ്: ആഡംബര കാറിടിച്ച് സ്‌കൂട്ടർ യാത്രിക മരിച്ച കേസിലെ മുഖ്യപ്രതിയും ശിവസേന ഷിൻഡെ പക്ഷ നേതാവിന്റെ മകനുമായ മിഹിർ ഷായെ 16 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അപകട ശേഷം തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും മിഹിർ ശ്രമിച്ചെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പിതാവ് രാജേഷ് ഷായും പെൺസുഹൃത്തുമായി സംസാരിച്ച് രക്ഷപ്പെടാൻ പദ്ധതിയിട്ടെന്നും അറിയിച്ചു.
അപകടസമയം മദ്യപിച്ചിരുന്നെന്ന വാദം മിഹിർ നിഷേധിച്ചെന്നാണ് റിപ്പോർട്ട്. അപകടം നടന്ന് 72 മണിക്കൂറിനുശേഷം കഴിഞ്ഞ ദിവസമാണ് മിഹിറിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ മിഹിറിനായി മുംബയ് പോലീസ് തെരച്ചിൽ നടത്തി ചൊവ്വാഴ്ച വൈകിട്ടോടെ വിരാറിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പെൺസുഹൃത്തിന്റെ
അടുത്തേക്ക്
സംഭവത്തിന് ശേഷം മിഹിർ സഞ്ചരിച്ചത് ഓട്ടോറിക്ഷയിലാണ്. പെൺസുഹൃത്തുമായി ഈ സമയം 40 ഓളം തവണ സംസാരിച്ചു. പിന്നാലെ ഗൊരേഗാവിലുള്ള പെൺസുഹൃത്തിന്റെ വീട്ടിലെത്തി. ഇവിടെ രണ്ട് മണിക്കൂർ ചെലവഴിച്ചു. സുഹൃത്ത് മിഹിറിന്റെ സഹോദരിയെ വിളിച്ച് വിവരമറിയിച്ചു. തുടർന്ന് സഹോദരി ഇവിടെയെത്തി മിഹിറിനെയും സുഹൃത്തിനെയും ബോറിവള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയതോടെ മിഹിറും കുടുംബാംഗങ്ങളും താനെ ഷാപൂരിലെ റിസോർട്ടിലേക്ക് കടന്നു. മിഹിറിനൊപ്പം അമ്മ മീന,സഹോദരിമാരായ കിഞ്ജാൽ,പൂജ എന്നിവരും രണ്ട് സുഹൃത്തുക്കളുമാണ് റിസോർട്ടിലെത്തിയത്. യാത്രയ്ക്ക് തൊട്ടുമുമ്പ് എല്ലാവരും ഫോൺ ഒഫ് ചെയ്തു. തിങ്കളാഴ്ച രാത്രി ഷാഹ്പൂരിൽ നിന്ന് സുഹൃത്തിനൊപ്പം മിഹിർ വരാറിലെത്തി. ചൊവ്വാഴ്ച രാവിലെ മിഹിറിന്റെ സുഹൃത്ത് ഫോൺ 15 മിനിറ്റ് ഓൺ ചെയ്തു. ടവർ ലൊക്കേഷൻ മനസിലാക്കിയ പൊലീസ് മിഹിറിനെ അവിടെ നിന്ന് അറസ്റ്റ് ചെയ്‌യുകയായിരുന്നു. അമ്മയെയും സഹോദരിമാരെയും അറസ്റ്ര് ചെയ്തിട്ടുണ്ട്. പെൺസുഹൃത്തിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.
ബാർ ഇടിച്ചുനിരത്തി
പ്രതി മിഹിർ ഷായ്ക്ക് മദ്യം വിളമ്പിയ ബാർ ഇടിച്ചു നിരത്തി ബൃഹൻ മുംബയ് മുനിസിപ്പൽ കോർപറേഷൻ. ജുഹുവിന് സമീപമുള്ള വൈസ് ഗ്ലോബർ തപസ് ബാറാണ് ഇടിച്ചു നിരത്തിയത്. ശനിയാഴ്ച രാത്രി പാർട്ടിയിൽ പങ്കെടുത്ത മിഹിർ ഞായറാഴ്ച പുലർച്ചെ വരെ ഇവിടെനിന്ന് മദ്യപിച്ചിരുന്നു.
മുംബയ് പൊലീസ് ചൊവ്വാഴ്ച ബാറിൽ പരിശോധന നടത്തിയ ശേഷം ഇവിടം സീൽ ചെയ്തിരുന്നു.
അതേസമയം, മിഹിറിന്റെ പിതാവ് രാജേഷ് ഷായെ ശിവസേനയുടെ ഔദ്യോഗിക ചുമതലകളിൽ നിന്ന് നീക്കി. പൽഘാർ ജില്ലയിലെ ശിവസേനയുടെ ഡപ്യൂട്ടി ലീഡറായിരുന്നു രാജേഷ് ഷാ.
Source link