അനന്ത് അംബാനിക്കുള്ള പ്രത്യേക ആശംസ വസ്ത്രത്തിന് പിറകിൽ കുറിച്ച് അറ്റ്‌ലിയുടെ ഭാര്യ; വൈറലായി വീഡിയോ
ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾ മുംബയിൽ നടന്നത്. ബോളിവുഡ് താരങ്ങളും ലോകത്തെ ശതകോടീശ്വരന്മാരും പങ്കെടുത്ത വിവാഹ ആഘോഷത്തിന് ഏകദേശം 5000 കോടിയോളം മുടക്കിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വിവാഹച്ചടങ്ങിൽ പങ്കെടുത്ത താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സംവിധായകൻ അറ്റ്‌ലിയുടെയും ഭാര്യയുടെയും വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
സംവിധായകൻ അറ്റ്‌ലി കുമാറും ഭാര്യ പ്രിയ അറ്റ്ലിയും വേദിയിലെത്തുന്നതും ഒരുമിച്ച് ചിത്രങ്ങൾക്ക് പോസ് ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോയിൽ, അറ്റ്‌ലിയും ഭാര്യ പ്രിയയും ബേബി പിങ്ക്, ഗോൾഡൻ നിറത്തിലുള്ള പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞാണ് വേദിയിൽ എത്തിയത്. വേദിക്കടുത്തുള്ള ഫോട്ടോഗ്രാഫർമാർ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ ചിരിച്ചുകൊണ്ടാണ് ഇരുവരും നിൽക്കുന്നത്.
ഈ സമയത്താണ് ഒരാൾ അറ്റ്‌ലിയുടെ ഭാര്യയുടെ ബ്ലൗസിന് പിറകിൽ എന്താണ് എഴുതിയതെന്ന് ചോദിച്ചത്. ഉടൻ തന്നെ ബ്ലൗസിന് പിറകിൽ എഴുതിയത് അറ്റ്‌ലി ഫോട്ടോഗ്രാഫർമാർക്ക് കാണിച്ചുകൊടുത്തു. ‘അനന്ത് ബ്രിഗേഡ്’ എന്നായിരുന്നു വസ്ത്രത്തിന് പിന്നിൽ തുന്നിച്ചേർത്തത്. അനന്ത് അംബാനിക്കുള്ള പ്രത്യേക വിവാഹ ആശംസയാണിതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അറ്റ്‌ലിയുടെ ഈ വീഡിയോ സൈബർ ലോകത്ത് വൈറലായിക്കൊണ്ടിരിക്കുകയാണ്.
Source link