ഫയർഫോഴ്സ് കരങ്ങളിൽ നാലംഗ കുടുംബത്തിന് പുതുജീവൻ
ചിറ്റൂർ: ആമയിഴഞ്ചാൻതോടിലെ മാലിന്യക്കുഴിയിൽ ജോയിക്കായി രണ്ടു രാപകൽ മുങ്ങിത്തപ്പി മാതൃകയായ ഫയർഫോഴ്സ് വെള്ളപ്പാച്ചിലിൽപ്പെട്ട നാലംഗ കുടുംബത്തെ രക്ഷിച്ചും കൈയടി നേടി.
തമിഴ്നാട് മൂലത്തറ ഡാം തുറന്നതോടെ ഇന്നലെ പൊടുന്നനെയുണ്ടായ വെള്ളപ്പൊക്കത്തിൽ ചിറ്റൂർ പുഴ കുത്തിയൊഴുകി. പുഴമദ്ധ്യത്തെ പാറയിൽ കുടുങ്ങിയ സ്ത്രീ അടക്കമുള്ള കുടുംബത്തെയാണ് അതിസാഹസികമായി രക്ഷിച്ചത്. മീനും മീൻവലകളും വില്പന നടത്തുന്ന മൈസൂർ സ്വദേശികളായ ലക്ഷ്മൺ (70), ഭാര്യ ദേവി (65), മകൻ സുരേഷ് (35), പേരമകൻ വിഷ്ണു(19) എന്നിവരാണ് കുടുങ്ങിയത്.
വടം കെട്ടി രണ്ടു മണിക്കൂർ കൊണ്ടാണ് ചിറ്റൂർ ഫയർ ഫോഴ്സ് ഇവരെ കരയ്ക്കെത്തിച്ചത്. റോപ്പുകളും ലൈഫ് ജാക്കറ്റുകളുമായി പുഴയിലേക്കിറങ്ങിയ ഫയർഫോഴ്സ് സംഘത്തിലെ മൂന്നുപേർ പാറയിൽ നിന്ന് റോപ്പ് ബലമായി പിടിച്ചു. കരയിൽ നിന്ന മറ്റൊരു സംഘം മറ്റേ അറ്റത്തും പിടിച്ച് ഓരോരുത്തരെയായി കരയ്ക്കെത്തിക്കുകയായിരുന്നു. ആദ്യം വിഷ്ണുവിനെയും പിന്നീട് ദേവിയെയും കരയ്ക്കെത്തിച്ചു. തുടർന്ന് ലക്ഷ്മണിനെയും ഒടുവിൽ സുരേഷിനെയും രക്ഷിച്ചു. ചിറ്റൂർ പുഴയിൽ നറണി നിലംപതിക്കുതാഴെ ചെക്ക്ഡാമിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം.
ആലാങ്കടവിൽ നല്ലേപ്പിള്ളി പഞ്ചായത്തിന്റെ ഉപയോഗശൂന്യമായ കെട്ടിടത്തിൽ താമസിക്കുന്ന സംഘം
കുളിക്കാനും വസ്ത്രങ്ങൾ അലക്കാനുമാണ് പാറപ്പുറത്ത് എത്തിയത്. ആളിയാർ വൃഷ്ടി പ്രദേശത്തെ കനത്തമഴയെത്തുടർന്ന് മൂലത്തറ ഡാമിന്റെ ഷട്ടറുകൾ തമിഴ്നാട് തുറക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്നവർ വേഗം കരയ്ക്ക് കയറിയെങ്കിലും ഇവർക്ക് കയറാനായില്ല. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് പാഞ്ഞെത്തുകയായിരുന്നു. സ്ഥലത്തെത്തിയ മന്ത്രി കെ. കൃഷ്ണൻകുട്ടി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. അഗ്നിശമന സേനാംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു.
Source link