ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് വാങ്ങിയ സ്വർണലോക്കറ്റ് വ്യാജമെന്ന പരാതി; സത്യാവസ്ഥ തെളിഞ്ഞു
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് വാങ്ങിയ സ്വർണലോക്കറ്റ് വ്യാജമെന്ന പരാതി തെറ്റെന്ന് തെളിഞ്ഞു. ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുശ്ശേരി കരുവാൻതൊടി പുത്തൻവീട്ടിൽ മോഹൻദാസാണ് ദേവസ്വം ചെയർമാന് പരാതി നൽകിയത്. ഇയാളെ ഇന്നലെ ദേവസ്വം ഭരണ സമിതി യോഗത്തിലേക്ക് വിളിച്ചുവരുത്തി.
ദേവസ്വം അപ്രൈസർ കെ. ഗോപാലകൃഷ്ണൻ ലോക്കറ്റ് പരിശോധിച്ച് സ്വർണമാണെന്ന് സ്ഥിരീകരിച്ചെങ്കിലും പരാതിക്കാരൻ വിശ്വസിക്കാൻ തയ്യാറായില്ല. പിന്നീട് കിഴക്കേ നടയിലെ ജ്വലറിയിൽ പരിശോധിച്ച് സ്വർണമാണെന്ന് സ്ഥിരീകരിച്ചെങ്കിലും സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു.
കുന്നംകുളത്തെ സ്ഥാപനത്തിലെ പരിശോധനയിലും സ്ഥിരീകരിച്ചതോടെ സ്വർണമാണെന്ന സർട്ടിഫിക്കറ്റ് നൽകി.
പിന്നീട് ദേവസ്വം ഓഫീസിലെത്തിയ മോഹൻദാസ്, സ്വർണമാണെന്ന് ഇനിയും വിശ്വാസമായിട്ടില്ലെന്നാണ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ലോക്കറ്റ് പണയം വയ്ക്കാൻ പാലക്കാട്ട് ജില്ലയിലെ മൂന്നിടങ്ങളിൽ പോയെങ്കിലും സ്വർണമല്ലെന്ന് കണ്ടെത്തിയത്രേ. ഇയാൾ പോയ ശേഷം ലോക്കറ്റ് മാറ്റുമോയെന്ന ആശങ്കയിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പൊലീസിൽ അറിയിച്ചു. ഗുരുവായൂർ എ.സി.പി ടി.എസ്. സിനോജ്, എസ്.ഐമാരായ പി. രാജു, പി. കൃഷ്ണകുമാർ എന്നിവർ എത്തിയതോടെ തനിക്ക് തെറ്റ് പറ്റിയെന്നും ലോക്കറ്റ് സ്വർണമാണെന്ന് ഉറപ്പായെന്നും നിലപാട് മാറ്റി. ദേവസ്വത്തിനും ഭക്തർക്കുമുണ്ടായ വിഷമത്തിൽ മാപ്പ് പറയുകയും ചെയ്‌തു.
മേയ് 13നാണ് രണ്ടു ഗ്രാം തൂക്കമുള്ള സ്വർണലോക്കറ്റ് 14,200 രൂപയ്ക്ക് മോഹൻദാസ് വാങ്ങിയത്. ദേവസ്വത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയിൽ കേസെടുത്ത പൊലീസ് മോഹൻദാസിനെയും ലോക്കറ്റും കസ്റ്റഡിയിലെടുത്തു. ഇയാളുടെ നീക്കത്തിന് പിന്നിൽ ഗൂഢോദ്ദേശ്യമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Source link