കനത്ത മഴയിൽ മൂന്ന് മരണം, വ്യാപക നാശനഷ്ടം; 50ലേറെ വീടുകൾ തകർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന മഴയിൽ വ്യാപക നാശനഷ്ടം. മഴക്കെടുതിയിൽ ഇന്ന് മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നു. പാലക്കാടും കണ്ണൂരുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
പാലക്കാട് കൊട്ടേക്കാട് വീടിന്റെ ചുമരിടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. കൊട്ടേക്കാട് കൊടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന (53), മകൻ രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകൻ രഞ്ജിത്തും താമസിച്ചിരുന്നത്. കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് വയോധിക മരിക്കുകയായിരുന്നു. കോളേരി സ്വദേശി കുഞ്ഞാമിന (51) ആണ് മരിച്ചത്. വെള്ളക്കെട്ടിനടിയിലുണ്ടായിരുന്ന ആൾമറയില്ലാത്ത കിണറ്റിലാണ് കുഞ്ഞാമിന വീണത്.
എറണാകുളം
കനത്ത മഴയെത്തുടർന്ന് പെരിയാറിൽ വെള്ളം ഉയർന്നതോടെ ആലുവ ശിവക്ഷേത്രം മുങ്ങി. ക്ഷേത്രപരിസരത്തെ മണൽപ്പുറം പൂർണമായും മുങ്ങിയിരിക്കുകയാണ്.
കോട്ടയം
കോട്ടയം- കുമരകം- ചേർത്തല പാതയിൽ ബണ്ട് റോഡിൽ ഓടിക്കൊണ്ടിരുന്ന രണ്ട് കാറുകൾക്ക് മുകളിലേയ്ക്ക് മരം വീണു. ആളപായമില്ല. കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിന്റെ നടപ്പന്തലിന് മുകളിൽ മരം വീണു.
ഇടുക്കി
ചപ്പാത്ത്- കട്ടപ്പന റോഡിൽ ആലടി ഭാഗത്ത് പഴയ കൽക്കെട്ട് ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായതിനെത്തുടർന്ന് ഗതാഗതം നിരോധിച്ചു. മണതോട്ടിൽ മരം വീണ് വീട് ഭാഗികമായി തകർന്നു.
തൃശൂർ
തൃശൂർ ഒല്ലൂർ ചീരാച്ചിയിൽ കൂറ്റൻ മാവ് കാറിനുമുകളിലേയ്ക്ക് കടപുഴകി വീണു.
കൊല്ലം
കടപുഴകി വീണ മരത്തിന്റെ ചില്ലകൾ സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ബസിന് മുകളിലേയ്ക്ക് പതിച്ചു. കുട്ടികൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. മങ്ങാട് സർക്കാർ എച്ച് എസ് എസ് വളപ്പിലെ കൂറ്റൻ മരമാണ് കടപുഴകിയത്.
കനത്ത മഴയെത്തുടർന്ന് തെങ്കാശി കുറ്റാലം വെള്ളച്ചാട്ടം, ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം എന്നിവിടങ്ങളിലേയ്ക്ക് പ്രവേശനം തടഞ്ഞിരിക്കുകയാണ്.
ആലപ്പുഴ
കനത്ത മഴയിൽ ജില്ലയിൽ 31 വീടുകൾ ഭാഗികമായി തകർന്നു. കൈനകരിയിലും എടത്വയിലും വീടുകൾക്ക് നാശനഷ്ടമുണ്ടായി. മട്ടാഞ്ചേരി പാലത്തിന് സമീപം മരച്ചില്ല ഒടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്കേറ്റു. സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഇവർ മഴയെത്തുടർന്ന് വഴിയോരത്ത് നിൽക്കുകയായിരുന്നു. ഷിയാദ് മൻസിലിൽ ഉനൈസ് (30), ഭാര്യ അലീന (28) എന്നിവരുടെമേലാണ് മരക്കൊമ്പ് പതിച്ചത്. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഉനൈസിന്റെ നില ഗുരുതരമാണെന്നാണ് വിവരം.
പാലക്കാട്
പാലക്കയം വട്ടപ്പാറ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
മലപ്പുറം
താമരക്കുഴിയിൽ ഗുഡ്‌സ് ഓട്ടോയ്ക്ക് മുകളിൽ മരം വീണ് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. മലപ്പുറം കുന്നുമ്മൽ സ്വദേശി അബ്‌ദുൾ ഹമീദിനാണ് പരിക്കേറ്റത്.
കോഴിക്കോട്
പന്തീരാങ്കാവ് വില്ലേജിൽ പാലാഴിയിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഫറോക്ക് കള്ളിത്തൊടിയിൽ വീടിന്റെ മുൻഭാഗം തകർന്ന് വീട്ടമ്മ അകത്ത് കുടുങ്ങി. നൊടിച്ചിപ്പാറ പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന റീനയാണ് വീടിനകത്ത് കുടുങ്ങിയത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഭിത്തിമാറ്റി സ്ത്രീയെ പുറത്തിറക്കി. കരുവാക്കുണ്ടിൽ മണ്ണിടിച്ചിൽ.
പത്തനംതിട്ട
പന്തളത്തുണ്ടായ ചുഴലിക്കാറ്റിൽ പത്തോളം വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞുവീണു. മരം കടപുഴകിവീണ് 20 വീടുകൾക്ക് കേടുപാട്.
Source link