ആമയിഴഞ്ചാൻ കൃത്യമായ മുന്നറിയിപ്പ്, നൽകുന്നത് കൊച്ചിക്കും ആലപ്പുഴയ്ക്കും; ബോഡി പോലും കിട്ടിയേക്കില്ല
ആലപ്പുഴ / കൊച്ചി: തലസ്ഥാനത്തെ ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളിയുടെ ദാരുണാന്ത്യത്തിന് പിന്നാലെ, റെയിൽവേ പാതക്കടയിലൂടെയുള്ള ആലപ്പുഴയിലെയും കൊച്ചിയിലെയും മലിനജല തോടുകളുടെ ശുചീകരണം ചർച്ചയാകുന്നു. ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെയും ട്രാക്കുകളുടെയും അടിയിലൂടെ മൂന്ന് മലിനജല തോടുകളാണുള്ളത്.
കടലിലേക്ക് മലിനജലമൊഴുക്കുന്ന വാടപ്പൊഴി, അയ്യപ്പൻപൊഴി എന്നിവിടങ്ങളിലേക്കുള്ള തോടുകളുടെ ഭാഗങ്ങളാണ് റെയിൽവേയുടെ സ്ഥലങ്ങളിലൂടെ പോകുന്നത്. അയ്യപ്പൻപൊഴി തോട് സ്റ്റേഷന് വടക്കുഭാഗത്തുള്ള ശ്രീദേവീ ക്ഷേത്രത്തിന് മുന്നിലാണ് ട്രാക്ക് കുറുകെ കടക്കുന്നത്. വാടപ്പൊഴിത്തോടിന്റെ ഒരുഭാഗം റെയിൽവേ ക്വാർട്ടേഴ്സിന്റെ സമീപത്തു നിന്ന് സ്റ്റേഷനിലെ രണ്ട് നിലയുള്ള പ്രധാന കെട്ടിടത്തിന്റെയും ഒന്നാം നമ്പർ പ്ളാറ്റ് ഫോമിന്റെയും ട്രാക്കിന്റെയും അടിയിലൂടെയാണ് പൊഴിമുഖത്തേക്ക് പോകുന്നത്. മറ്റൊരുഭാഗം സ്റ്റേഷന് തെക്കുവശത്തെ റെയിൽവേ ക്രോസും പിന്നിട്ട് ഇ.എസ്.ഐ ആശുപത്രിക്ക് പിന്നിലൂടെ കടലിലെത്തും. തലസ്ഥാനത്തിന് സമാനമായ ദുരന്തങ്ങളുണ്ടായാൽ റെയിൽവേ സ്റ്റേഷനടയിലുള്ള തോട്ടിൽ തെരച്ചിൽപോലും ദുഷ്കരമാകും.
എന്നാൽ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ട്രാക്കിനിരുവശത്തെയും തോടുകൾ അടുത്തിടെയും വൃത്തിയാക്കിയെന്നാണ് നഗരസഭയുടെ വാദം. റെയിൽവേയുടെ സ്ഥലത്തെ തോടുകൾ ശുചീകരിക്കാറുണ്ടെന്ന് സ്റ്റേഷൻ മാനേജരും പറഞ്ഞു.
കൊച്ചിയിലുണ്ട് രണ്ട് ‘ആമയിഴഞ്ചാൻ”
ആമയിഴഞ്ചാൻ തോടിനെ നാണിപ്പിക്കുന്ന രണ്ട് കനാലുകളാണ് എറണാകുളത്തുള്ളച്ച്, മുല്ലശേരി, പേരണ്ടൂർ കനാലുകൾ. റെയിൽവേ സ്റ്റേഷനിലെയും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെയും മാലിന്യം നിറഞ്ഞ് കറുത്തൊഴുകുകയാണിവ. കാരിക്കാമുറിയിലെ റെയിൽവേ പാലത്തിനു സമീപം റെയിൽവേ യാർഡിൽ നിന്നും കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുമുള്ള ഓയിലും മറ്റ് മാലിന്യവും ഇതേ കനാലുകളിലാണെത്തുന്നത്. ഓപ്പറേഷൻ ബ്രേക്ക്ത്രൂവിൽ ഉൾപ്പെടുത്തിയുള്ള മുല്ലശേരി കനാൽ നവീകരണവും രണ്ടു വർഷമായി എങ്ങുമെത്തിയിട്ടില്ല. മുല്ലശേരി കനാലിന്റെ മുകൾഭാഗം കോൺക്രീറ്റിട്ട് അടച്ചാണ് പുതുക്കുന്നത്.
തിരുവനന്തപുരത്തേതിനു സമാനമായ അത്യാഹിതമുണ്ടായാൽ രക്ഷാപ്രവർത്തകർ കഷ്ടപ്പെടും. റെയിൽവേ ട്രാക്കിനടിയിലെ ഭാഗത്ത് മാത്രം അഞ്ച് അടിയിലേറെ ചെളിയുണ്ട്. ഒരിക്കൽ മാത്രമാണ് റെയിൽവേ ഇവിടം വൃത്തിയാക്കിയിട്ടുണ്ട്. തുറമുഖത്തു നിന്ന് അമ്പലമുകളിലെ ബി.പി.സി.എൽ പ്ലാന്റിലേക്കുള്ള ഓയിൽ പൈപ്പ് ലൈനായി പേരണ്ടൂർ കനാലിൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചതും നീരൊഴുക്ക് തടസപ്പെടുത്തുന്നു.
Source link