തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ലിഫ്റ്റ് പണിമുടക്കി; കുടുങ്ങിയത് ഡോക്‌ടറും രോഗിയും
തിരുവനന്തപുരം: തലസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും രണ്ടുപേർ ലിഫ്റ്റിൽ കുടുങ്ങി. ആശുപത്രിയിലെ വനിതാ ഡോക്‌ടറും രോഗിയുമാണ് ലിഫ്റ്റിനുള്ളിൽ അകപ്പെട്ടത്. ഇന്നുച്ചയോടെയായിരുന്നു സംഭവം.
രോഗി സ്‌ട്രെച്ചറിലായിരുന്നു. അത്യാഹിത വിഭാഗത്തിൽനിന്നും സിടി സ്‌കാനിലേയ്ക്ക് പോകുന്ന ലിഫ്റ്റിൽ ഇരുവരും കുടുങ്ങുകയായിരുന്നു. സംഭവമറിഞ്ഞ് മെഡിക്കൽ കോളേജ് പൊലീസ് അടക്കം സ്ഥലത്തെത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്.
ലിഫ്റ്റ് ഉള്ളിൽ നിന്ന് തുറക്കാനാവാത്ത അവസ്ഥയിലായിരുന്നു. പത്തുമിനിട്ടോളം രണ്ടുപേരും ലിഫ്റ്റിൽ അകപ്പെട്ടു. ഡോക്‌ടർ എമർജൻസി അലാറം മുഴക്കുകയും ഫോണിൽ അറിയിക്കുകയും ചെയ്തതനുസരിച്ചാണ് ജീവനക്കാരും പിന്നാലെ പൊലീസും സ്ഥലത്തെത്തി ഇരുവരെയും രക്ഷിച്ചത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ രോഗി 42 മണിക്കൂർ ലിഫ്റ്റിൽ കുടുങ്ങിക്കിടന്നത് വലിയ വിവാദമായതിന് പിന്നാലെയാണ് വീണ്ടും രണ്ടുപേർ അകപ്പെട്ടത്. എം.എൽ.എ ഹോസ്റ്റലിലെ താത്കാലിക ജീവനക്കാരൻ കൊച്ചുള്ളൂരിൽ താമസിക്കുന്ന രവീന്ദ്രൻ നായരാണ് (59) രണ്ടുദിവസത്തോളം ലിഫ്റ്റിൽ കുടുങ്ങിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജിലെ ജീവനക്കാരിയായ ഭാര്യ ശ്രീലേഖയ്ക്കൊപ്പം രാവിലെ 10നാണ് രവീന്ദ്രൻ ആശുപത്രിയിലെത്തിയത്. ഭാര്യ ജോലിക്കുകയറി. രവീന്ദ്രൻ ഒ.പി ബ്ലോക്കിൽ നിന്ന് ലിഫ്റ്റിൽ ഒന്നാം നിലയിലെത്തി ഓർത്തോ ഒ.പിയിൽ ഡോക്ടറെ കണ്ടു. രക്തപരിശോധനാ റിപ്പോർട്ട് എടുക്കാൻ മറന്നതിനാൽ ഡോക്ടറോട് പറഞ്ഞശേഷം രവീന്ദ്രൻ കൊച്ചുള്ളൂരിലെ വീട്ടിലേക്കു പോയി. 12ഓടെ തിരികെ ഒ.പി ബ്ലോക്കിൽ നിന്നു 11-ാം നമ്പർ ലിഫ്റ്റിൽ കയറി. ഒന്നാം നമ്പർ അമർത്തി. മുകളിലേക്ക് ഉയർന്ന ലിഫ്റ്റ് ഒച്ചയോടെ വിറച്ച് താഴേക്കു പതിച്ചു. രവീന്ദ്രന്റെ കൈയിലിരുന്ന ഫോൺ താഴെവീണു പൊട്ടി. ലിഫ്റ്റിനുള്ളിലെ അലാറം സ്വിച്ച് നിരന്തരം അമർത്തിയെങ്കിലും ഫലമുണ്ടായില്ല.
നിലത്തുവീണ ഫോൺ ഏറെ നേരം പണിപ്പെട്ട് ഓണാക്കി അടിയന്തരസഹായത്തിനായി ലിഫ്റ്റിൽ എഴുതിരുന്ന നമ്പരിൽ നാലുവട്ടം വിളിച്ചെങ്കിലും എടുത്തില്ല. അതിനിടെ ഫോണും ഓഫായി. കടുത്തചൂടും ഭീതിയും കാരണം മണിക്കൂറുകൾ തള്ളിനീക്കി.
രവീന്ദ്രനെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ നൽകിയ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഇന്നലെ രാവിലെയാണ് ലിഫ്റ്റിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ലിഫ്റ്റ് പാതിയിൽ നിൽക്കുന്നതു കണ്ട ഒരാൾ സുരക്ഷാജീവനക്കാരെ വിവരം അറിയിച്ചതാണ് രക്ഷയായത്. ജീവനക്കാരെത്തി ലിഫ്റ്റ് തുറന്നപ്പോൾ അർദ്ധബോധാവസ്ഥയിൽ മലമൂത്ര വിസർജനം ചെയ്ത നിലയിലായിരുന്നു രവീന്ദ്രൻ. സംഭവത്തിൽ ലിഫ്റ്റ് ഓപ്പറേറ്റർമാരായ മുരുകൻ, ആദർശ്, ഡ്യൂട്ടി സാർജന്റ് റെജി എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
Source link