ഉത്തരകൊറിയൻ ഉദ്യോഗസ്ഥൻ കൂറുമാറി
സീയൂൾ: ക്യൂബയിൽ ജോലി ചെയ്തിരുന്ന ഉത്തരകൊറിയൻ നയതന്ത്ര ഉദ്യോഗസ്ഥൻ ദക്ഷിണകൊറിയയിലേക്കു കൂറുമാറി. നംവബറിലായിരുന്നു സംഭവം. 52 വയസുള്ള റി ഇൽ ക്യു എന്നയാളാണ് കൂറുമാറിയതെന്നു ദക്ഷിണകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്യൂബയിലെ ഉത്തരകൊറിയൻ എംബസിയിൽ രാഷ്ട്രീയകാര്യങ്ങളുടെ ചുമതലയുള്ള കോൺസൽ ഉദ്യോഗസ്ഥനായിരുന്നു റി. ഉത്തരകൊറിയയെക്കുറിച്ചുള്ള വ്യാമോഹങ്ങളെല്ലാം അവസാനിച്ച സാഹചര്യത്തിലാണു ദക്ഷിണകൊറിയയിൽ ജീവിക്കാൻ തീരുമാനിച്ചതെന്ന് ഇദ്ദേഹം പറഞ്ഞത്രേ. ക്യൂബൻ സർക്കാർ ദക്ഷിണകൊറിയയുമായി ഒൗദ്യോഗിക നയതന്ത്രബന്ധം സ്ഥാപിക്കുന്നത് തടയലായിരുന്നു റിയുടെ ചുമതല. എന്നാൽ, ഫെബ്രുവരിയിൽ ഇരു സർക്കാരുകളും നയതന്ത്രബന്ധം സ്ഥാപിച്ചു. ഈ സംഭവം ഉത്തരകൊറിയയ്ക്കു വലിയ തിരിച്ചടിയായിരുന്നു. ഉന്നത ഉത്തരകൊറിയൻ ഉദ്യോഗസ്ഥൻ ദക്ഷിണകൊറിയയിലേക്കു കടക്കുന്ന സംഭവം ആദ്യത്തേതല്ല. 2016ൽ ഉത്തരകൊറിയയുടെ ബ്രിട്ടീഷ് ഡെപ്യൂട്ടി അംബാസഡറായിരുന്ന തായി യോംഗ് ഹോ കൂറുമാറിയിരുന്നു. ഇതിനിടെ, ദക്ഷിണകൊറിയൻ സർക്കാർ തിങ്കളാഴ്ച ഉത്തരകൊറിയയിൽനിന്നു കൂറുമാറി വന്നവർക്കായുള്ള ദിനം ആദ്യമായി ആഘോഷിച്ചു. ഉത്തരകൊറിയയിൽനിന്നു വരുന്നവർക്ക് സാന്പത്തികമടക്കം എല്ലാ സഹായവും നല്കുമെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൺ സുക് ഇയോൾ പ്രഖ്യാപിച്ചു.
Source link