ആസിഫ് അലിയുടെ പുഞ്ചിരിക്കു സൈബർ ലോകത്തിന്റെ സല്യൂട്ട്
ആസിഫ് അലിയുടെ പുഞ്ചിരിക്കു സൈബർ ലോകത്തിന്റെ സല്യൂട്ട് | Asif Ali Cyber Space
ആസിഫ് അലിയുടെ പുഞ്ചിരിക്കു സൈബർ ലോകത്തിന്റെ സല്യൂട്ട്
മനോരമ ലേഖകൻ
Published: July 16 , 2024 04:22 PM IST
2 minute Read
ആസിഫ് അലി
ആസിഫ് അലി എന്ന നടനോട് മലയാളികൾക്കുള്ള ഇഷ്ടവും സ്നേഹവും വെളിപ്പെടുത്തുകയാണ് രമേശ് നാരായണനുമായുണ്ടായ വിവാദം. എംടി ആന്തോളജിയുടെ ട്രെയിലർ ലോഞ്ചിൽ വച്ച് നടൻ ആസിഫ് അലിയെ സംഗീതജ്ഞൻ രമേശ് നാരായണൻ അപമാനിച്ച സംഭവത്തിൽ സൈബർ ലോകം ഒറ്റക്കെട്ടായി താരത്തിന് പിന്തുണ അറിയിക്കുകയാണ്. സിനിമയിലെ സഹപ്രവർത്തകർ മാത്രമല്ല, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ആസിഫ് അലിയെ പിന്തുണച്ചു. ഒരു പൊതു ഇടത്തിൽ വച്ച് അപമാനം നേരിടേണ്ടി വന്നപ്പോഴും സംയമനത്തോടെ അതിനെ നേരിട്ട ആസിഫ് അലിയുടെ പുഞ്ചിരിക്കാണ് സൈബർ ലോകത്തിന്റെ സല്യൂട്ട്.
You can’t do things like that to such a nice guy like #AsifAli. Definitely not acceptable. 👎It is difficult to keep your cool under such a situation. But he just taught us how to take it easy in public.Love the way he managed to buck up.❤️pic.twitter.com/cCEB5vA0mk…— What The Fuss (@W_T_F_Channel) July 16, 2024
ഏറെ സന്തോഷത്തോടെയാണ് ആസിഫ് അലി എംടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥത്തിന്റെ ട്രെയിലർ ലോഞ്ചിന് എത്തിയത്. അതിനുള്ള കാരണം ആ വേദിയിൽ ആസിഫ് പറയുകയും ചെയ്തിരുന്നു. വർഷങ്ങൾക്കു മുൻപ് നീലത്താമര എന്ന സിനിമയുടെ ഓഡിഷന് എംടിയുടെ മുൻപിൽ പോയിട്ടുണ്ട് ആസിഫ്. എന്നാൽ, മലയാളി ലുക്ക് ഇല്ലെന്ന കാരണത്താൽ ആ സിനിമയിൽ ആസിഫിന് അവസരം ലഭിച്ചില്ല. പക്ഷേ, 13 വർഷങ്ങൾക്കിപ്പുറം എംടിയുടെ മകൾ അശ്വതി സംവിധാനം ചെയ്യുന്ന സിനിമയിൽ നായകനായി ആസിഫ്.
ഈ സന്തോഷം ഏറെ വിനയത്തോടെയാണ് ആസിഫ് പങ്കുവച്ചത്. ആസിഫിന്റെ വാക്കുകൾ ഇങ്ങനെ: ‘‘ഞാൻ ആദ്യമായി എംടി സാറിന്റെ മുൻപിലെത്തുന്നത് നീലത്താമര എന്ന സിനിമയുടെ ഓഡിഷനു വേണ്ടി ലാൽ ജോസ് സർ, എംടി സാറിനെ പോയി കാണാൻ പറഞ്ഞപ്പോഴായിരുന്നു. അന്ന് ഒരു ‘മലയാളി ലുക്ക്’ ഇല്ലെന്നു പറഞ്ഞ് എനിക്ക് അതിൽ നിന്നും മാറേണ്ടി വന്നു. അതിനുശേഷം നീണ്ട 13 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആണ് സാറിന്റെ ഒരു കഥാപാത്രം ചെയ്യാൻ പറ്റിയത്. അതിന്റെ സന്തോഷം തീർച്ചയായും ഉണ്ട്. സാറിന്റെ മകൾ അശ്വതി സംവിധാനം ചെയ്ത സിനിമയിലാണ് ഞാൻ അഭിനയിക്കുന്നത്. മധുബാലയാണ് എനിക്കൊപ്പം അഭിനയിച്ചിട്ടുള്ളത്. ഒരുപാടു സന്തോഷം.’’
ഒരു എംടി സിനിമയുടെ ഭാഗമാകുക എന്നത് ഏതൊരു ആർടിസ്റ്റിനെ സംബന്ധിച്ചും വലിയൊരു അംഗീകാരമാണ്. ഒരിക്കൽ മാറ്റി നിറുത്തപ്പെട്ട അത്തരമൊരു നായകപദവിയിലേക്കാണ് ആസിഫ് അലി സ്വന്തം കഠിനാധ്വാനം കൊണ്ടു നടന്നു കയറിയത്. മലയാളിത്തമില്ലെന്ന വിമർശനത്തെ സ്വന്തം സിനിമകൾ കൊണ്ടും അഭിനയം കൊണ്ടും തിരുത്തി എഴുതിപ്പിച്ച ആസിഫ് അലിയുടെ പുഞ്ചിരി ആ മാറ്റിനിറുത്തപ്പെടലുകൾക്കുള്ള മറുപടിയാണ്. അത്തരമൊരു സന്തോഷനിമിഷത്തിലാണ് ദൗർഭാഗ്യവശാൽ വിവാദമായ സംഭവം നടക്കുന്നത്. എന്നാൽ അവിടെയും, പ്രായത്തിൽ കവിഞ്ഞ പക്വതയോടെ ആ സാഹചര്യത്തെ ആസിഫ് നേരിട്ടു. ആസിഫിന്റെ മുഖത്തെ നിശബ്ദമായി ആ പുഞ്ചിരി നേരെ തൊട്ടത് മലയാളികളുടെ ചങ്കിലാണ്.
ഒരു മനുഷ്യന്റെ ഈഗോയ്ക്കു മുൻപിൽ മറ്റൊരു മനുഷ്യന്റെ സുന്ദരമായ പുഞ്ചിരിയെന്ന് സൈബർ ലോകം ആ ഇടപെടലിനെ വാഴ്ത്തി. ആ ചിരിക്കു മുൻപിൽ ഒരുപാടു പേർ ചെറുതായിപ്പോയെടോ എന്നായിരുന്നു നടനും സംവിധായകനുമായ ബോബൻ സാമുവേൽ സമൂഹമാധ്യമത്തിൽ കുറിച്ചത്.
സിനിമ പശ്ചാത്തലമില്ലാതെ, പരിമിതികൾ ഏറെയുണ്ടായിട്ടും കഠിനാദ്ധ്വാനത്തിലൂടെ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി നിലനിൽക്കുന്ന ഒരു നടനെ ‘സീനിയോറിറ്റി കോംപ്ലക്സിലൂടെ’ റദ്ദ് ചെയ്യാൻ ശ്രമിച്ചാൽ ഇല്ലാതെയാകില്ല ആ ചെറുപ്പക്കാരൻ എന്നായിരുന്നു യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. ആസിഫ് അലിക്ക് പിന്തുണയും സ്നേഹവും അറിയിച്ച് നിരവധി പേർ രംഗത്തു വന്നു. നടൻ എന്ന നിലയിൽ മാത്രമല്ല ഒരു മനുഷ്യൻ എന്ന നിലയിലും ആസിഫ് അലി പുലർത്തിയ മാന്യതയും സൗമനസ്യവും ഏതൊരു കലാകാരനും മാതൃകയാണെന്ന് സൈബർലോകം പറയുന്നു.
English Summary:
From Film Stars to Politicians, Everyone Stands with Asif Ali Against Ramesh Narayanan’s Insult
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-asifali 35ci00nau2jul9n636e10ul13f mo-entertainment-music-ramesh-narayan f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie