മനുഷ്യനും യന്ത്രങ്ങളും തോറ്റുപോയ ദൗത്യം
തിരുവനന്തപുരം; രണ്ടു ദിനരാത്രങ്ങൾ നീണ്ട രക്ഷാപ്രവർത്തനം. ഇടവേളയില്ലാതെ മൂന്നൂറോളം പേർ നടത്തിയ അദ്ധ്വാനവും സാങ്കേതിക വിദ്യയുടെ സാദ്ധ്യതയും ഫലം കാണാതെ അവസാനിച്ചെങ്കിലും ഒരു ജീവനുവേണ്ടി കേരളമൊന്നാകെ പ്രാർത്ഥിച്ച ദിവസങ്ങൾ മനുഷ്യമനസാക്ഷിയുടെ മറ്റൊരു ഏടായി. ശനിയാഴ്‌ച രാവിലെ 11.30 ഓടെയാണ് ജോയി ടണലിനടിയിലെ ദുർഗന്ധം വമിക്കുന്ന വെള്ളത്തിൽ അകപ്പെട്ട വാർത്ത പുറം ലോകമറിഞ്ഞത്. 1500 രൂപയുടെ ദിവസക്കൂലിക്കാണ് ജോയി ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയത്. ജോയിയെ പുറത്തെത്തിക്കാൻ സ്‌കൂബാ ടീമെത്തി ആദ്യഘട്ട പരിശോധന നടത്തിയപ്പോൾ പ്രതീക്ഷയോടെയാണ് എല്ലാവരും കാത്തിരുന്നത്. മുകളിൽ ഒരു മീറ്റർ പൊക്കത്തിൽ കൂടികിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കും താഴെ അട്ടിയായി കിടക്കുന്ന മാലിന്യകട്ടകൾക്കുമിടയിലൂടെയുള്ള പരിശോധനയും ദുഷ്കരമായി. എങ്കിലും ഓക്സിജൻ സിലിണ്ടർ തോളിലേറ്റി സ്‌കൂബാ ടീമിലെ സജയൻ,അനു എന്നിവർ ടണലിനുള്ളിൽ ആദ്യ ദിവസം ഏഴു മീറ്ററോളം തെരച്ചിൽ നടത്തിയെങ്കിലും കാണ്ടെത്താൻ സാദ്ധിച്ചില്ല.
തോട്ടിൽ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യം കോരിമാറ്റാതെ ഒന്നും ചെയ്യാനാകില്ലെന്ന ഇവരുടെ നിർദ്ദേശത്തെ തുടർന്ന് മാലിന്യം നീക്കം ചെയ്യാനുള്ള ഉത്തരവാദിത്വം നഗരസഭ ഏറ്റെടുത്തു. തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് മാലിന്യം കോരിമാറ്റിയെങ്കിലും മാലിന്യത്തിനിടയിലൂടെ സ്കൂബ സംഘത്തിന് ടണലിനുള്ളിലേക്ക് കടക്കാൻ കഴിയാത്തത് വെല്ലുവിളിയായി. ടണലിലെ മറുവശത്ത് പരിശോധന നടത്തിയെങ്കിലും അതും വിഫലമായി. ട്രാക്കുകൾക്കിടയിലെ മാൻഹോളുകൾ തുറന്ന് പരിശോധന നടത്തിയെങ്കിലും അതിലും കാര്യമുണ്ടായില്ല. രാത്രിയിൽ ജെൻ റോബോട്ടിക്‌സ് കമ്പനിയുടെ ബാൻഡികൂട്ട് എന്ന റോബോട്ടിനെ മാൻഹോളിലൂടെ കടത്തിവിട്ട് മാലിന്യം നീക്കം ചെയ്തു.
ദൗത്യത്തിന്റെ രണ്ടാം ദിവസം നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന മൂന്ന് ക്യാമറകൾ ഘടിപ്പിച്ച ഡ്രാക്കോ എന്ന റോബോട്ടിനെ ഉപയോഗിച്ച് നിരീക്ഷണം നടത്തി. ജോയിയുടെ ശരീരഭാഗം കണ്ടെത്തിയെന്ന ഡ്രാക്കോയുടെ നിഗമനത്തിൽ സ്‌കൂബാ ഡൈവേഴ്സ് നോക്കിയപ്പോൾ യാതൊന്നും കണ്ടെത്തനായില്ല.
നാവികസേനയിലെ അഞ്ച് മുങ്ങൽ വിദഗ്ദ്ധർ ഞായറാഴ്ച രാത്രിയോടെ എത്തി. ശബ്ദതരംഗത്തിന്റെ സഹായത്താൽ പ്രവർത്തിക്കുന്ന സോണാർ സിസ്റ്റം എത്തിച്ചിരുന്നു. ഇന്നലെ പുലർച്ചെ ആറരയോടെ നാവികസേന,സ്‌കൂബ ടീമുമായി ചേർന്ന് പരിശോധന ആരംഭിച്ചു. സോണാർ സംവിധാനത്തിന് ഉള്ളിലേക്ക് കടക്കാനാവാത്ത വിധം മാലിന്യം തിങ്ങിനിറഞ്ഞതിനാൽ ഏഴു മീറ്റർ മാത്രമാണ് നാവിക സേനാംഗങ്ങൾക്ക് നീന്തി കയറാനായത്. അതിനിടെ ഇന്നലെ രാവിലെ തകരപ്പറമ്പിലെ ചിത്ര ഹോമിന്റെ പിൻവശത്തുള്ള കനാലിൽ നിന്ന് ജോയിയുടെ മൃതദേഹം കണ്ടെത്തി. 23 സ്‌കൂബാ അംഗങ്ങൾ,50ലധികം ഫയർ ഫോഴ്സ്, പൊലീസ്,എൻ.ഡി.ആർ.എഫ്, റെയിൽവേ പൊലീസ് തുടങ്ങിയവരുടെ അശ്രാന്ത പരിശ്രമമാണ് ഒടുവിൽ ഈ മനുഷ്യ നിർമ്മിത ദുരന്തത്തിന് മുന്നിൽ തോറ്റുപോയത്.
Source link