KERALAMLATEST NEWS

എം.ടിക്ക് പിറന്നാൾ സമ്മാനമായി ‘മനോരഥങ്ങൾ’

കൊച്ചി: കഥകളുടെ തമ്പുരാൻ എം.ടി. വാസുദേവൻ നായർക്ക് 91-ാം പിറന്നാൾ സമ്മാനമായി ആ തൂലികയിൽ പിറന്ന ചെറുകഥകളുടെ ആന്തോളജി സിനിമയായ ‘മനോരഥങ്ങ”ളുടെ താരനിബിഡമായ ട്രെയ്‌ലർ റീലീസ്. ചന്തുവും പഴശിരാജയുമുൾപ്പെടെ എണ്ണം പറഞ്ഞ എം.ടി. കഥാപാത്രങ്ങൾക്ക് ജീവനേകിയ മെഗാസ്റ്റാർ മമ്മൂട്ടിയുൾപ്പെടെ ചലച്ചിത്രമേഖലയുടെ അരങ്ങിലും അണിയറയിലും നിറസാന്നിദ്ധ്യങ്ങളായവർ ഒരുമിച്ച ചടങ്ങിലായിരുന്നു ട്രെയ്‌ലർ റിലീസും പിറന്നാൾ ആഘോഷവും. ജന്മദിനാഘോഷങ്ങൾക്ക് എം.ടി കേക്കുമുറിച്ച് തുടക്കം കുറിച്ചു.

മലയാള സിനിമയുടെ തിരക്കഥകൾക്ക് സാഹിത്യരൂപം നൽകിയത് എം.ടിയാണെന്ന് മമ്മൂട്ടി പറഞ്ഞു. എം.ടിയുമൊത്തുള്ള അസുലഭ നിമിഷങ്ങൾ മമ്മൂട്ടി ഓർത്തെടുത്തത് സദസ് നിറകൈയടിയോടെ നെഞ്ചോട് ചേർത്തു. എം.ടിയുടെ കഥകൾ തിരക്കഥപോലെയാണ് വായിക്കാറുള്ളത്. അതിലെ കഥാപാത്രങ്ങളായി മാറുന്നത് ഒരു ശീലമാണ്. ഇപ്പോഴും അതിൽ മാറ്റമില്ലെന്നും മമ്മൂട്ടി പറഞ്ഞു.

ചടങ്ങിൽ സംവിധായകരായ രഞ്ജിത്ത്, സിബി മലയിൽ, ബി. ഉണ്ണിക്കൃഷ്ണൻ, പ്രിയദർശൻ, ശ്യാമ പ്രസാദ്, മഹേഷ് നാരായണൻ, ജയരാജ്, നടന്മാരായ ഇന്ദ്രജിത്ത്, ഫഹദ് ഫാസിൽ, സിദ്ദിഖ്, നടി അപർണ ബാലമുരളി, മന്ത്രി പി. രാജീവ്, ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ് തുടങ്ങിയർ സന്നിഹിതരായിരുന്നു.

മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം കമൽഹാസനടക്കമുള്ള താരനിരയാണ് മനോരഥത്തിൽ അഭിനയിച്ചിരിക്കുന്നത്.


Source link

Related Articles

Back to top button