‘ജോയിയെ രക്ഷിക്കാനായില്ല, സാദ്ധ്യമായതെല്ലാം നഗരസഭ ചെയ്തു’; വിങ്ങിപ്പൊട്ടി മേയർ ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയെ രക്ഷിക്കാൻ കഴിയാത്തതിൽ വിങ്ങിപ്പൊട്ടി മേയർ ആര്യാ രാജേന്ദ്രൻ. ജോയിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ സികെ ഹരീന്ദ്രൻ എംഎൽഎയോട് സംസാരിക്കുമ്പോഴായിരുന്നു മേയർ കരഞ്ഞത്.
ഇത്രയും കഷ്ടപ്പെട്ടിട്ടും ജീവൻ രക്ഷിക്കാനായില്ലെന്നും ജോയിയെ ജീവനോടെ രക്ഷിക്കാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മേയർ പറഞ്ഞു. സാദ്ധ്യമായതെല്ലാം നഗരസഭയുടെ ഭാഗത്ത് നിന്ന് ചെയ്തെന്നും എംഎൽഎയോട് മേയർ വ്യക്തമാക്കി. നഗരസഭയുടെ അനാസ്ഥയാണ് ജോയിയുടെ മരണത്തിന് കാരണമെന്ന വിമർശനങ്ങൾക്കിടെയാണ് മേയർ വികാരാധീനയായത്. ഒപ്പമുണ്ടായിരുന്ന സികെ ഹരിന്ദ്രൻ എംഎൽഎ മേയറെ ആശ്വസിപ്പിച്ചു.
ശനിയാഴ്ച രാവിലെയായിരുന്നു മാരായമുട്ടം മലഞ്ചെരുവ് വീട്ടിൽ നേശമണിയുടെയും മേരിയുടെയും മകനായ ജോയിയെ കാണാതാകുന്നത്. തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനടിയിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം മാറ്റാനിറങ്ങിയതായിരുന്നു ജോയി. പ്ലാസ്റ്റിക് മാലിന്യം ചാക്കിൽ കോരിമാറ്റുന്നതിനിടെ വെള്ളം ശക്തമായി ഒഴുകിവരുന്നതുകണ്ട് കരയിലുണ്ടായിരുന്ന സൂപ്പർവൈസർ കുമാർ, കരയ്ക്കുകയറാൻ ആവശ്യപ്പെട്ടു.
ഇതിനിടെ ഒഴുക്കിന്റെ ശക്തിയിൽ ജോയി കാലിടറി ടണലിലേക്ക് പതിച്ചു. കുമാർ കയർ എറിഞ്ഞുകൊടുത്തെങ്കിലും ജോയിക്ക് പിടിച്ചുകയറാൻ കഴിഞ്ഞില്ല. സംഭവം നടക്കുമ്പോൾ ജോയി മാത്രമായിരുന്നു തോട്ടിലുണ്ടായിരുന്നത്. അന്ന് രാത്രി എട്ട് മണിയോടെ ജെൻറോബോട്ടിക്സ് കമ്പനിയുടെ ബാൻഡികൂട്ട് എന്ന റോബോട്ടിനെ ഉപയോഗിച്ച് തെരച്ചിൽ നടത്തി. 46 മണിക്കൂറോളം തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ തകരപ്പറമ്പിലെ ചിത്ര ഹോമിന്റെ പിൻവശത്തുള്ള കനാലിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.
Source link