പി.എസ്.സി അംഗത്വ കോഴ: സി.പി.എമ്മുമായി ഏറ്റുമുട്ടാനില്ല; പ്രമോദ്
നിയമ നടപടിയുമായി മുന്നോട്ട്
കോഴിക്കോട്: പി.എസ്.സി അംഗത്വ കോഴ വിവാദത്തിൽ സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി നിയമനടപടിയുമായി മുന്നോട്ട്. ജീവിക്കണം, അതുകൊണ്ടു തന്നെ പാർട്ടിയുമായി ഏറ്റുമുട്ടലിനില്ല. പാർട്ടിയെ ഒരു വിഭാഗം തെറ്റിദ്ധരിപ്പിച്ചു. അവരെ ശക്തിയെ പുറത്തുകൊണ്ടു വരുമെന്നും പ്രമോദ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
തന്റെ പേരിലുള്ള അഴിമതി ആരോപണത്തിന്റെ നിജസ്ഥിതി പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകും. കോടതിയെയും സമീപിക്കും. പാർട്ടിയിൽ നിന്ന് പുറത്താക്കിയ കാര്യം തന്നെ അറിയിച്ചിട്ടില്ലെന്നും. പ്രമോദ് പറഞ്ഞു.
പ്രമോദിനെ പുറത്താക്കിയ വാർത്താക്കുറിപ്പ് പങ്കു വച്ച സി.പി.എം ജില്ലാ കമ്മറ്റി അംഗം പ്രേംകുമാർ ഇല്ലത്തിന്റെ ഫേസ്ബുക്കിനിട്ട മറുപടിയും വിവാദമായി. എല്ലാ ചതികളിലും നിങ്ങളാണ് നായകനെന്നായിരുന്നു പ്രമോദിന്റെ കമന്റ്. പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതും, പാർട്ടി അച്ചടക്കത്തിന് നിരക്കാത്തതുമായ പ്രവർത്തനങ്ങളിൽ
ഏർപ്പെട്ടെന്ന് ബോദ്ധ്യമായതിനെ തുടർന്ന് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചെന്നാണ് ജില്ലാ കമ്മറ്റി വാർത്താക്കുറിപ്പിറക്കിയത്. പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് ഒരു വനിതാ ഹോമിയോ ഡോക്ടറിൽ നിന്ന്. 60 ലക്ഷമാണ് ആവശ്യപ്പെട്ടത്. അതിൽ 22ലക്ഷം കൈപ്പറ്റി എന്നാണ് ആരോപണം. വിഷയം വിവാദമായപ്പോഴാണ് പാർട്ടി നടപടിയെടുത്തത്.
ഡി.ജി.പിക്ക് പരാതി
നൽകും: കെ.സുരേന്ദ്രൻ
കോഴിക്കോട്: പി.എസ്.സി കോഴയിൽ പൊലീസ് കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇതിനെ നിയമപരമായി നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം. ഡി.ജി.പിക്ക് ഔദ്യോഗികമായി പരാതി നൽകും. ഗവർണറെയും സമീപിക്കുമെന്നും സുരേന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു. സി.പി.എം പി.എസ്.സി കോഴ സ്ഥിരീകരിച്ചിരിക്കുകയാണ്. 22 ലക്ഷം ഏരിയാ കമ്മിറ്റി അംഗം കോഴ വാങ്ങിയെന്ന് സമ്മതിച്ചിട്ടും എന്തുകൊണ്ടാണ് പൊലീസ് കാഴ്ചക്കാരായി ഇരിക്കുന്നത്. ഇത് നാട്ടിലെ നിയമം അനുസരിച്ച് കുറ്റമായിരുന്നിട്ട് കൂടി പൊലീസ് ഇടപെടുന്നില്ല. പണം എങ്ങനെയാണ് കൈമാറിയതെന്നും അതിന്റെ സോഴ്സ് എന്താണെന്നും വെളിപ്പെടുത്തണം. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയാണ് പ്രതിക്കൂട്ടിലായിട്ടുള്ളതെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.
Source link