തുക ലഭിക്കാതെ രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികൾ, എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് മുടങ്ങി
മലപ്പുറം: സംസ്ഥാനത്ത് എൽ.എസ്.എസ്, യു.എസ്.എസ് സ്‌കോളർഷിപ്പ് ലഭിക്കാനുള്ളത് 1,90,413 വിദ്യാർത്ഥികൾക്ക്. സ്‌കോളർഷിപ്പ് തുക 2019 മുതൽ കുടിശ്ശികയാണ്. 1,30,400 വിദ്യാർത്ഥികൾക്ക് എൽ.എസ്.എസ് സ്‌കോളർഷിപ്പും 60,013 പേർക്ക് യു.എസ്.എസുമായി 37 കോടി രൂപയോളം കുടിശ്ശികയായുണ്ട്. ഈ സാമ്പത്തിക വർഷം 30 കോടിയുടെ കുടിശ്ശിക തീർക്കുമെന്നാണ് സർക്കാർ വാഗ്ദാനം.
നാലാം ക്ലാസുകാർക്കുള്ള എൽ.എസ്.എസ് പരീക്ഷാവിജയികൾക്ക് മൂന്ന് വർഷം ആയിരം രൂപ വീതവും ഏഴാംക്ളാസുകാർക്ക് മൂന്ന് വർഷം 1,500 രൂപ വീതവുമാണ് സ്‌കോളർഷിപ്പ് ലഭിക്കുക. സ്‌കോളർഷിപ്പ് തുക മുടങ്ങിക്കിടക്കുന്നതിൽ വിദ്യാർത്ഥികൾ നിരാശരാണ്. യു.എസ്.എസ് നേടിയ പലരും ഇപ്പോൾ ഹയർസെക്കൻഡറി വിദ്യാത്ഥികളാണ്.
വിവരശേഖരണത്തിൽ തെറ്റ്
സ്കോളർഷിപ്പ് വിതരണത്തിനായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക പോർട്ടലിൽ വിവരശേഖരണം തുടങ്ങിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് തുക നൽകാൻ പ്രധാനാദ്ധ്യാപകർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തണം. 80 ശതമാനത്തോളം പേരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെങ്കിലും ഇതിൽ തെറ്റുകൾ കടന്നുകൂടിയതായി വിദ്യാഭ്യാസ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. മേയ് അവസാനത്തിലാണ് വിവരശേഖരണം തുടങ്ങിയത്. 17നകം വിവരങ്ങൾ കൃത്യമായി സമർപ്പിക്കാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ പ്രധാനാദ്ധ്യാപകരുടെ അക്കൗണ്ടിലേക്ക് നൽകുന്ന തുക വിദ്യാർത്ഥികൾ നേരിട്ട് കൈപ്പറ്റുകയാണ് ചെയ്തിരുന്നത്.
എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് ( 2019 -2024)
ജില്ല ………………………………….ലഭിക്കാനുള്ളവർ
തിരുവനന്തപുരം…………….. 10,298
കൊല്ലം …………………………… 10,199
പത്തനംതിട്ട …………………… 2,989
ആലപ്പുഴ…………………………. 4,956
കോട്ടയം …………………………. 6,480
ഇടുക്കി ……………………………. 3,104
എറണാകുളം ………………….. 8,439
തൃശൂർ ……………………………. 13,333
പാലക്കാട് ……………………….. 15,598
മലപ്പുറം ………………………….. 42,071
കോഴിക്കോട് …………………… 31,171
വയനാട് ………………………….. 3,451
കണ്ണൂർ ……………………………. 27,567
കാസർകോട് …………………. 10,757
ആകെ …………………………….. 1,90,413
കുടിശ്ശിക തീർക്കാൻ 30 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഈ മാസത്തോടെ തുക വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ് അധികൃതർ
Source link