ഇടതുപക്ഷത്തിന് പ്രത്യയശാസ്ത്ര പാപ്പരത്തം : ജെ.പി നദ്ദ
തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷത്തിന് പ്രത്യയശാസ്ത്ര പാപ്പരത്തമാണെന്ന്
ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ബി.ജെ.പി വിശാല നേതൃസമ്മേളനത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സർക്കാർ സഹകരണ മേഖലയിലടക്കം അഴിമതി നടത്തി. ഇതിനെതിരെ യു.ഡി.എഫ് നടത്തുന്നത് വാചാടോപം മാത്രമാണ്. ഇവർക്ക് അഴിമതി നടത്തി മക്കളെയും കുടുംബാംഗങ്ങളെയും എവിടെയെങ്കിലും എത്തിക്കണമെന്ന ചിന്ത മാത്രമാണുള്ളത്.
തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് 75000 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ആറ്റിങ്ങലിലും, തിരുവനന്തപുരത്തും പരാജയപ്പെട്ടെങ്കിലും വിജയത്തിന്റെ മാധുര്യമുണ്ടായി. ആറ് മുൻസിപ്പാലിറ്റികളിൽ ബി.ജെ.പി മുന്നിട്ട് നിൽക്കുകയാണ്. 36ശതമാനം വോട്ടാണ് തിരുവനന്തപുരം കോർപ്പറേഷനിൽ നേടിയത്. ഇത് വിജയത്തിന് തുല്യമാണ്. കേരളത്തിൽ ബി.ജെ.പി പ്രവർത്തകർ ജീവൻ പണയം വച്ചാണ് പ്രവർത്തിക്കുന്നത്. ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് പാർട്ടിക്ക് എം.പിയുണ്ടായി. കേരളം ഗുരുക്കൻമാരുടെയും സാമൂഹ്യ പരിഷ്‌ക്കർത്താക്കളുടെയും നാടാണ്. ശ്രീപദ്മനാഭനെയും ആദിശങ്കരനെയും ശ്രീനാരായണ ഗുരുവിനെയും നമിക്കുന്നു.
കോൺഗ്രസ്
പരാശ്രയ ജീവി
ഈ തിരഞ്ഞെടുപ്പിൽ 13 സംസ്ഥാനങ്ങളിൽ കോൺഗ്രസിന് സീറ്റില്ല. മദ്ധ്യപ്രദേശ്, ഗുജറാത്ത് ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെല്ലാം കൂടി 64 സീറ്റുകളിൽ ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടയിട്ട് ആകെ 2 സീറ്റുകളാണ് ലഭിച്ചത്. തൃണമൂലുമായി സഖ്യമില്ലാതിരുന്ന പശ്ചിമ ബംഗാളിൽ പാർലമെന്റിലെ അവരുടെ മുൻ കക്ഷിനേതാവ് പരാജയപ്പെട്ടു. സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കിയാണ് ഉത്തർപ്രദേശിൽ സീറ്റുകൾ നേടിയത്. വയനാട്ടിൽ ഡി.രാജയുടെ ഭാര്യ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുമ്പോൾ ഡൽഹിയിൽ രാജ കോൺഗ്രസിന് വേണ്ടി വോട്ട് പിടിക്കുകയായിരുന്നു. ആരുടെയെങ്കിലും സഹായത്തോടെ ജയിക്കുന്ന ഇവർ പരാശ്രയ ജീവികളാണ്..അധികാരത്തിന് വേണ്ടി വയനാട്ടിൽ സ്വന്തം കൊടി ഉപേക്ഷിച്ചു. ഇന്ത്യ വെട്ടി മുറിച്ച മുസ്ലീം ലീഗിന്റെ കൊടി പിടിച്ചാണ് ഭാരതത്തെ ഒന്നിപ്പിക്കാൻ യാത്ര നടത്തിയത്. 2026ൽ കേരളത്തിലും മികച്ച വിജയത്തിനായി കാത്തിരിക്കുകയാണെന്നും നദ്ദ പറഞ്ഞു.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് എന്നിവരെ പൊന്നാടയണിച്ച് ആദരിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ,നേതാക്കളായ വി. മുരളീധരൻ, പി.കെ കൃഷ്ണദാസ്, എ.പി അബ്ദുള്ളക്കുട്ടി. ഒ രാജഗോപാൽ, അനിൽ ആന്റണി, കുമ്മനം രാജശേഖരൻ, കെ.രാമൻ പിള്ള, പത്മജാ വേണുഗോപാൽ, ശോഭാ സുരേന്ദ്രൻ, എ.എൻ രാധാകൃഷ്ണൻ, വി.ഡി രമ, അഡ്വ.ഗോപാലകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Source link