പി.എസ്.സി കോഴ ആരോപണം, പ്രമോദ് കോട്ടൂളിയെ സി. പി. എം പുറത്താക്കി
പ്രമോദും അമ്മയും ഡോക്ടറുടെ വീട്ടുപടിക്കൽ സമരത്തിൽ
കോഴിക്കോട്: പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് വനിതാ ഹോമിയോ ഡോക്ടറിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്നുൾപ്പെടെ പുറത്താക്കി. പ്രമോദിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് ജില്ലാ കമ്മിറ്റിയുടെ നടപടി.
അതിനിടെ, പ്രമോദ്, അമ്മയ്ക്കൊപ്പം ഡോക്ടറുടെ വീട്ടുപടിക്കൽ സത്യാഗ്രഹം നടത്തി. ഡോക്ടറുടെ ഭർത്താവാണ് പരാതി നൽകിയത്.
സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് നടപടിയെന്നാണ് ജില്ലാ സെക്രട്ടറി പി. മോഹനന്റെ വാർത്താക്കുറിപ്പ്. ഇതിൽ കോഴ ആരോപണം ഇല്ല.
ആരോപണം അന്വേഷിച്ച ജില്ലാ സെക്രട്ടേറിയറ്റിന്റെ മൂന്നംഗ സമിതിയുടെ റിപ്പോർട്ട് പ്രമോദിനെതിരായിരുന്നു. പ്രമോദ് ആരോപണം നിഷേധിച്ചിരുന്നു.
കോഴിക്കോട്ടെ പ്രമുഖയായ ഡോക്ടർക്ക് പി.എസ്.സി.അംഗത്വമോ ആയുഷ് വകുപ്പിൽ ഉന്നത സ്ഥാനമോ വാഗ്ദാനം ചെയ്ത് 60 ലക്ഷം ആവശ്യപ്പെടുകയും 22 ലക്ഷം കൈപ്പറ്റുകയും ചെയ്തെന്നാണ് ആരോപണം. ബി.ജെ.പി പ്രാദേശിക നേതാവുമായി ബന്ധം പുലർത്തി, ആരോഗ്യവകുപ്പിലെ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പേര് ദുരുപയോഗം ചെയ്തു, തുടങ്ങിയ ആരോപണങ്ങളും പ്രമോദിനെതിരേയുണ്ട്.
പി.എസ്.സിയുമായി ബന്ധപ്പെട്ട ഒരു പരാതിയും പാർട്ടിക്ക് മുന്നിൽ ഇല്ല. പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതും പാർട്ടി അച്ചടക്കത്തിന് നിരക്കാത്തതുമായ കാര്യങ്ങളാണ് പ്രമോദിനെതിരെ കണ്ടെത്തിയത്.പ്രമോദിനെ തെരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി.
–പി.മോഹനൻ, സി. പി. എം കോഴിക്കോട് ജില്ലാ സെക്രട്ടറി
കോഴ വാങ്ങിയിട്ടില്ല. നുണപരിശോധനയ്ക്കും തയ്യാർ. തെറ്റുകാരനല്ലെന്ന് അമ്മയെ ബോദ്ധ്യപ്പെടുത്തണം. 22 ലക്ഷം വാങ്ങിയെങ്കിൽ തെളിവ് തരണം. എല്ലാ ഏജൻസികൾക്കും പരാതി നൽകും. ഇന്നും സമരം തുടരും.
–പ്രമോദ് കോട്ടൂളി
Source link